“മാറ്റങ്ങൾ ആവശ്യമെങ്കിൽ ഭയപ്പെടാതെ അതു സ്വീകരിക്കുക”- മദർ അന്ന ഡെങ്കൽ. ജീവിതം സമർപ്പിച്ചും കഠിനാധ്വാനം ചെയ്തും പടുത്തുയർത്തിയ ആശുപത്രികളും ചികിത്സാകേന്ദ്രങ്ങളും ഒരു സുപ്രഭാതത്തിൽ ഒരു പ്രതിഫലവും വാങ്ങാതെ രൂപതയ്ക്കോ സന്യാസ സഭകൾക്കോ വിട്ടുകൊടുക്കുന്പോൾ ഈ സന്യാസിനിമാരെ നയിച്ചിരുന്നത് സ്ഥാപക മദർ ഡോ. അന്ന ഡെങ്കലിന്റെ ഈ വാക്കുകളാണ്. കേൾക്കുന്പോൾ അവിശ്വസനീയമെന്നു തോന്നാവുന്ന പാന്ഥാവുകളിലൂടെയാണ് മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് (എംഎംഎസ്) എന്ന സന്യാസിനീ സമൂഹത്തിന്റെ യാത്ര.
സ്ഥാപനങ്ങൾ സ്വന്തമാക്കാനും പടുത്തുയർത്താനും സ്ഥാപിച്ചെടുക്കാനുമുള്ള വ്യഗ്രതയോടെ സമൂഹം മത്സരിക്കുന്പോൾ ഇവിടെ ഒരുകൂട്ടം സന്യാസിനിമാർ ഒന്നുമില്ലായ്മയിൽനിന്നു പടുത്തുയർത്തിയതൊക്കെ വിട്ടുകൊടുത്തിട്ട് വെറും കൈയോടെ വീണ്ടും സമൂഹത്തിന്റെ താഴെത്തട്ടിലേക്കു നടക്കുന്നു.
വിട്ടുകൊടുത്ത ആശുപത്രികൾ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്പതിലേറെ പേരെടുത്ത ആശുപത്രികളും മറ്റു ചികിത്സാകേന്ദ്രങ്ങളും സ്ഥാപിക്കുകയും നടത്തുകയും പാവങ്ങൾക്കും സാധാരണക്കാർക്കും മികച്ച ചികിത്സ നൽകുകയും ചെയ്ത ചരിത്രമാണ് മെഡിക്കൽ മിഷൻ സന്യാസിനിമാർക്കുള്ളത്.
എന്നാൽ, ആശുപത്രികൾ പലതും മറ്റുള്ളവർക്കു കൈമാറി പുതിയ ദൗത്യങ്ങളുമായി അവർ യാത്ര തുടങ്ങി. ചരിത്രപരമായ ആ യാത്ര നൂറു വർഷങ്ങൾ പിന്നിടുന്നു. 1925ൽ ഇന്ത്യയുടെ ഭാഗമായിരുന്ന റാവൽപിണ്ടിയിൽ (ഇന്നു പാക്കിസ്ഥാനിൽ) അന്ന ഡെങ്കൽ എന്ന സന്യാസിനി തുടങ്ങിവച്ച ചരിത്രദൗത്യമാണ് 2025ൽ ശതാബ്ദിനിറവിൽ എത്തിയിരിക്കുന്നത്. ആരാണ് മദർ അന്ന ഡെങ്കൽ എന്നറിയുന്പോഴാണ് ഈ സന്യാസസഭയുടെ ദൗത്യത്തിന്റെ ആഴവും അർഥവും നാം തിരിച്ചറിയുന്നത്.
ഡോ. അന്ന ഡെങ്കൽ എന്ന ദീപം
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ മിഷൻ മേഖലകളിലെ സ്ത്രീകളെയും പെൺകുട്ടികളെയും ശുശ്രൂഷിക്കാൻ വനിതാ ഡോക്ടർമാരാകാൻ താത്പര്യമുള്ളവരെ തേടി സ്കോഡ്ലൻഡുകാരി ഡോ. ആഗ്നസ് മക്ലാരന്റെ അന്വേഷണത്തിന് ഓസ്ട്രിയയിൽനിന്നുള്ള അന്ന ഡെങ്കൽ എന്ന പതിനെട്ടുകാരി നൽകിയ മറുപടിയാണ് മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് എന്ന സന്യാസസമൂഹത്തിന് അടിത്തറ പാകിയത്. പാവപ്പെട്ടവർക്കു ശുശ്രൂഷ ചെയ്യാനുള്ള ഉൾവിളിയാണ് അന്ന ഡെങ്കലിനെ നയിച്ചത്. പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലേക്കാണ് അവൾ ശുശ്രൂഷ ചെയ്യാനെത്തിയത്.
മതനിയമങ്ങൾ മൂലം പുരുഷ ഡോക്ടർമാരുടെ അടുത്തു ചികിത്സ തേടാൻ അവിടെ മുസ്ലിം വനിതകൾക്കു സാധിച്ചിരുന്നില്ല. അതിനാൽ പ്രസവശുശ്രൂഷ കിട്ടാതെ ആയിരക്കണക്കിനു സ്ത്രീകൾ മരണത്തിലേക്കു വീഴുന്ന സാഹചര്യം. കൂടുതൽ വനിതാ ഡോക്ടർമാരെയും നഴ്സുമാരെയും ഇവിടെ ആവശ്യമുണ്ടെന്നു തിരിച്ചറിഞ്ഞ് 1925ൽ അമേരിക്കയിൽ മെഡിക്കൽ മിഷൻ സന്യാസ സഭയ്ക്കു രൂപം നൽകി. സന്യാസസഭകളുടെ വളർച്ചയ്ക്ക് അവിടെ അനുകൂല സാഹചര്യമുണ്ടായിരുന്നു.
രണ്ടു നഴ്സുമാരും ഒരു ഡോക്ടറും അന്ന ഡെങ്കലിന്റെ പ്രവർത്തനങ്ങളിൽ ഒപ്പം ചേർന്നു. വീണ്ടും റാവൽപിണ്ടിയിലേക്ക്. ശസ്ത്രക്രിയ, പ്രസവശുശ്രൂഷ എന്നിവ നിർവഹിക്കാൻ കാനൻ നിയമപ്രകാരം സന്യസ്തർക്കു വിലക്കുണ്ടായിരുന്ന കാലം. ഈ നിയമം പരിഷ്കരിക്കണമെന്ന് അന്ന ഡെങ്കൽ റോമിലേക്കു നിവേദനങ്ങൾ നൽകി.
1936ൽ പതിനൊന്നാം പീയൂസ് മാർപാപ്പ ഈ ശുശ്രൂഷകളുടെ വാതിൽ സന്യസ്തർക്കു മുന്നിലും തുറന്നു. അങ്ങനെ മെഡിക്കൽ മിഷൻ സന്യാസിനിമാരുടെ ശുശ്രൂഷാലോകം വിപുലമായി.
കേരളത്തിലേക്ക്
ചങ്ങനാശേരി രൂപതയിൽപ്പെട്ട പാലായിൽനിന്നുള്ള ഫാ. സെബാസ്റ്റൻ പിണക്കാട്ട് മെഡിക്കൽ രംഗം മിഷനായി ഏറ്റെടുത്ത സന്യാസിനിമാരെ കേരളത്തിലേക്കു ക്ഷണിച്ചു. അങ്ങനെ 1944ൽ പാലായിലെ പരുമലക്കുന്നിൽ കേരളത്തിലെ ആദ്യത്തെ ശാഖ സ്ഥാപിതമായി. റാവൽപിണ്ടിയിൽ നഴ്സിംഗ് പഠനം പൂർത്തീകരിച്ച നാല് അർഥിനിമാർ സമൂഹജീവിതം ആരംഭിച്ചു. മേരിഗിരി സിസ്റ്റേഴ്സ് എന്ന് അവർ അറിയപ്പെട്ടു. 1944ൽ മാർ ജയിംസ് കാളാശേരി കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കാൻ ഇവരെ ക്ഷണിച്ചു. രൂപതയിലെ പെറ്റിസെമിനാരി ഈ സന്യാസിനികൾക്കായി വിട്ടുകൊടുത്തു.
ഭരണങ്ങാനം മേരിഗിരി, തുരുത്തിപ്പുറം ആർച്ച്ബിഷപ് അട്ടിപ്പേറ്റി ജൂബിലി മെമ്മോറിയൽ ആശുപത്രി, ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി, മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി തുടങ്ങിയവ സ്ഥാപിച്ചു. ഇതിൽ മേരിഗിരി ആശുപത്രി മാത്രമാണ് എംഎംഎസ് ഇന്നു നടത്തുന്നത്.
മറ്റ് ആശുപത്രികൾ രൂപതകൾക്കു കൈമാറി. ആഗോളതലത്തിൽ അന്പതോളം ആശുപത്രികൾ നടത്തിയിരുന്ന സമൂഹം ഇന്നു ചുരുക്കം ആശുപത്രികൾ മാത്രമാണ് നടത്തുന്നത്. പ്രവർത്തനം മറ്റു മേഖലകളിലേക്കും വ്യാപിപ്പിച്ചു.
ഒരു നൂറ്റാണ്ടിന്റെ നിറവിൽ നിൽക്കുന്പോൾ എംഎംഎസ് സന്യാസസഭയുടെ പ്രവർത്തനങ്ങളെക്കുറിച്ചു ദീപികയോടു പ്രതികരിക്കുകയാണ് കോട്ടയം കേന്ദ്രമാക്കിയുള്ള സൗത്ത് ഇന്ത്യ പ്രോവിൻസിന്റെ പ്രൊവിൻഷ്യൻ സുപ്പീരിയർ സിസ്റ്റർ ലില്ലി ജോസഫ്.
പലരും കൂടുതൽ സ്ഥാപനങ്ങൾ പടുത്തുയർത്തുന്പോൾ ഉള്ളതുകൂടി കൈമാറിയത് വേണ്ടിയിരുന്നില്ല എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
ഒരിക്കലുമില്ല. മാറ്റങ്ങളെ ഭയപ്പെടരുതെന്ന മദർ അന്ന ഡെങ്കലിന്റെ വാക്കുകളാണ് ഞങ്ങളെ നയിച്ചത്. വൈദ്യരംഗം വലിയ പണച്ചെലവും മാത്സര്യവുമുള്ള മേഖലയായി മാറുകയും കൂടുതൽ പേർ ഈ രംഗത്തേക്കു വരികയും ചെയ്തതോടെയാണ് ഞങ്ങൾ ആശുപത്രി നടത്തിപ്പുകളിൽനിന്നു പിന്മാറിയത്. ആശുപത്രികളും മറ്റും ഉപേക്ഷിക്കുമ്പോൾ സന്യാസിനിമാരുടെ കുടുംബാംഗങ്ങൾ പോലും ആശങ്ക പ്രകടിപ്പിച്ചിരുന്നു. രോഗം വന്നിട്ട് ചികിത്സിക്കുക എന്നതിനേക്കാൾ രോഗം വരാതെ നോക്കുക എന്നതിന് ഊന്നൽ കൊടുത്താണ് ഇപ്പോൾ പ്രവർത്തനം. അതിനൊപ്പം മരുന്നില്ലാതെയും മറ്റുമുള്ള ഹോളിസ്റ്റിക് ചികിത്സാരീതികളിലേക്കും മാറി.
ഒരു കാലത്ത് മെഡിക്കൽ രംഗത്തു മാത്രമായിരുന്നല്ലോ എംഎംഎസി