ലക്ഷദ്വീപില്‍ നിലവില്‍ 36 ദ്വീപുകളില്ല. അവിടെ 35 ദ്വീപുകളേ അവശേഷിക്കുന്നുള്ളു. 1968 ല്‍ 0.032 ച.കിലോമീറ്ററുണ്ടായിരുന്ന പറാളി ഒന്ന് ചെറുദ്വീപ് നാമാവശേഷമായിക്കഴിഞ്ഞു. 32 ച.കീ. വിസ്തൃതമായ ലക്ഷദ്വീപില്‍ എഴുപതിനായിരം ജനങ്ങളാണ് അധിവസിക്കുന്നത്.
ടൂറിസത്തിനും മത്സ്യസമൃദ്ധിക്കും തെങ്ങുകൃഷിക്കും പേരുകേട്ട ഇവിടത്തെ തടാകങ്ങളുടെ വിസ്തൃതി 4200 ചതുരശ്ര കിലോമീറ്ററാണ്. കടല്‍നിരപ്പ് വരുംവര്‍ഷങ്ങളില്‍ 0.78 മില്ലീമീറ്റര്‍ വീതം ഉയരുമെന്ന പഠനം യാഥാര്‍ഥ്യമായാല്‍ ലക്ഷദ്വീപിലെ ചെറുദ്വീപുകളെ ഒന്നാതെ അറബിക്കടല്‍ വിഴുങ്ങും.
നാലു ദ്വീപുകള്ക്കൂടി ആസന്നഭാവിയില്‍ കടലെടുക്കുന്ന നിലയിലാണെന്ന് ലക്ഷദ്വീപിലെ ജനവാസമില്ലാത്ത ദ്വീപുകളിലെ മണ്ണൊലിപ്പിനെക്കുറിച്ച് ഗവേഷണം നടത്തിയ ഡോ. ആര്.എം ഹിദായത്തുള്ള വ്യക്തമാക്കുന്നു.
ബംഗാരം, തിന്നകര, പറാളി ഒന്ന്, പറാളി രണ്ട്, പറാളി മൂന്ന് എന്നീ അഞ്ച് ദ്വീപുകളുടെ ജൈവവൈവിധ്യത്തെക്കുറിച്ചാണ് ഡോ. ഹിദായത്തുള്ള പഠനം നടത്തിയത്. ഇതില്‍തന്നെ പറാളി ദ്വീപുകള്‍ക്കാണ് ഏറ്റവും ക്ഷയം സംഭവിച്ചുകൊണ്ടിരിക്കുന്നത്.
പരമ്പരാഗത ഭൗതിക സംരക്ഷണ നടപടികള്‍ക്കു പുറമേ കണ്ടല്‍ക്കാടുകള്‍ വച്ചു പിടിപ്പിച്ച് ജൈവ കവചമൊരുക്കിയാല് ചെറുദ്വീപുകളെ കുറയെങ്കിലും രക്ഷിക്കാനാകുമെന്ന് ഹിദായത്തുള്ള നിര്‍ദേശിക്കുന്നു.
ആഗോളതാപനത്തെത്തുടര്ന്ന് കടല്‍നിരപ്പുയരുന്നത് ലക്ഷദ്വീപിനെ ഒന്നാതെ ബാധിക്കാനിടയുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ 1382 ദ്വീപുകള്‍ക്കും കടല്‍നിരപ്പിലെ കയറ്റം ഭീഷണിയുയര്‍ത്തുന്നു.
ഈ സാഹചര്യത്തില്‍ ദ്വീപ് സംരക്ഷണത്തിന് പ്രാധാന്യമുണ്ട്. പറാലി രണ്ട് 80 ശതമാനവും തിന്നകര 14 ശതമാനവും പറാലി മൂന്ന് 11 ശതമാവും ബംഗാരം ഒന്‍പതു ശതമാനവും ഇല്ലാതായിക്കഴിഞ്ഞു.
പവിഴപ്പുറ്റുകളുടെ നാശവും എല്നീനോയും കടലേറ്റവും താപനില വര്‍ധനയും സമ്പന്നമായ ജൈവവൈവിധ്യത്തെ നശിപ്പിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ കടല്‍നിരപ്പ് വര്‍ധന 1.3-1.7 മി.മി. തോതിലായിരുന്നത് ഇപ്പോള്‍ ഇരട്ടി തോതിലാണ്.
സമുദ്രനിരപ്പില്‍ നിന്ന് 1-2 മീറ്റര്‍ മാത്രമാണ് ലക്ഷദ്വീപിലെ ജനവാസ ദ്വീപുകളുടെ ശരാശരി ഉയരം എന്നത് സാഹചര്യത്തിന്റെ ഗൗരവം വിളിച്ചറിയിക്കുന്നു. 1989 മുതല്‍ 2006 വരെ ലക്ഷദ്വീപിലെ അഞ്ചു ശതമാനം കരഭൂമി നഷ്ടമായതായി ഐഎസ്ആര്‍ഒ പഠനം വ്യക്തമാക്കുന്നു.
ഇതേ കാലത്ത് പവിഴപ്പുറ്റുകള്‍ക്ക് 40 ശതമാനം നാശമുണ്ടാതായി. കൃഷിയിടങ്ങള്‍ 50 അന്‍പതു ശതമാനം വരെ കടലെടുത്തുകഴിഞ്ഞു. തെങ്ങു കൃഷിയില്‍ നിന്നുള്ള വരുമാനവും ഉത്പാദനവും കുറഞ്ഞു.
മായുകയാണ് സുന്ദര്‍ബന്‍
ഇന്ത്യയിലെ രണ്ടാമത്തെ വലിയ കടുവ സങ്കേതകേന്ദ്രവും ജൈവ സമ്പന്നവുമായ സുന്ദര്‍ബനും ഉപദ്വീപുകളും ഭാവിയില്‍ ഓര്‍മയാകും. 3,629.57 ച.കി. വിസ്തൃതമായ സുന്ദര്‍ബന്‍ വിനോദസഞ്ചാരികളുടെയും പരിസ്ഥിതി ഗവേഷകരുടെയും പ്രിയ ഇടമാണ്. നിലവില്‍ 101 കടുവകള്‍ സുന്ദര്‍ബാന്‍ വനാന്തരത്തിലുണ്ട്.
സുന്ദരി എന്നു പ്രസിദ്ധമായ ഒരിനം കണ്ടല്‍ വനങ്ങള്‍ വളരുന്നതിനാലാണ് സുന്ദര്‍ബാന്‍ എന്ന പേരു ലഭിച്ചത്. കണ്ടല്‍ക്കാടുകളില്‍ കടുവകളെ കാണാന്‍ കഴിയുന്ന ലോകത്തിലെ ഏക പ്രദേശമാണ് ഇവിടം.
പത്മ, ബ്രഹ്മപുത്ര, മേഘ്ന നദികളുടെ സംഗമപ്രദേശത്തിലാണ് സുന്ദര്‍ബന്‍ കണ്ടല്‍ കാടുകള്‍ സ്ഥിതി ചെയ്യുന്നത്. മൂന്നൂറിനം മരങ്ങളും ഔഷധ സസ്യങ്ങളും 425 ഇനം വന്യജീവികളും ഇവിടെയുണ്ട്. രാജ്യത്ത് ഏറ്റവുമധികം ദേശാടനക്കിളികളെ നിരീക്ഷിക്കാവുന്നതും ഇവിടെയാണ്.
സുന്ദര്‍ബന്‍ നാശത്തിന് കാരണം പ്രധാനമായും കാലാവസ്ഥാ വ്യതിയാനം, ഉയരുന്ന കടല്‍നിരപ്പ്, കടല്‍ക്ഷോഭം, നഗരവല്‍ക്കരണം, മനുഷ്യരുടെ കടന്നുകയറ്റം, മലിനീകരണം, അമിത വിഭവ ചൂഷണം എന്നിവയാണ്.
സുന്ദര്‍ബന്‍ തീരത്തെ ഘൊറാമാറ, ഭന്ഗാദുനി ദ്വീപുകളിലെ കൂറ്റന്‍ കരിമ്പനകള്‍ ഓരോന്നായി നിലംപൊത്തുകയാണ്. ദിവസവും നാല്പതും അന്‍പതും പനകളെ തിരകള്‍ പിഴുതെറിയും. വെറ്റില കൃഷിയാണ് ഏറെപ്പേരുടെയും ഉപജീവനമാര്‍ഗം.
2021ലെ യാസ് ചുഴലിക്കാറ്റില്‍ 550 വെറ്റിലത്തോട്ടങ്ങളാണ് ഘൊറാമാറയില് നശിച്ചത്. ഘൊറാമാറയുടെ നീളം 1972ല്‍ 12 കിലോമീറ്ററില്‍നിന്നും 2022ല്‍ ഏഴു കിലോമീറ്ററായി ചുരുങ്ങി.