അതിരമ്പുഴ: ഒന്നരനൂറ്റാണ്ടിലേറെക്കാലത്തെ പാരമ്പര്യം പേറുന്ന അതിരമ്പുഴ ചന്ത ജീർണാവസ്ഥയിൽ. അതിരമ്പുഴ പഞ്ചായത്തിന്റെ കീഴിലുള്ള പച്ചക്കറി മാർക്കറ്റാണ് കാടുപിടിച്ചും പൊട്ടിത്തകർന്നും കിടക്കുന്നത്.
പുരാതന വാണിജ്യകേന്ദ്രമെന്ന മേനിപറയുമ്പോഴും മാർക്കറ്റ് ദയനീയാവസ്ഥയിലാണ്. മാർക്കറ്റിന്റെ പ്രവേശന കവാടം തന്നെ കാടുപിടിച്ച നിലയിൽ. മാർക്കറ്റിലേക്കുള്ള വഴിയും മാർക്കറ്റിന്റെ ഉൾവശവും പൊട്ടിത്തകർന്ന് കുഴികൾ നിറഞ്ഞാണ്. ഈ കുഴികളിലെ വെള്ളവും ചേറും ചവിട്ടിയല്ലാതെ മാർക്കറ്റിലേക്കു കടക്കാനാകില്ല.
കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള, 10 കോടിയിലേറെ രൂപ തനത് ഫണ്ടുള്ള പഞ്ചായത്തിലാണ് ഈ ദയനീയാവസ്ഥ. മാർക്കറ്റിനോടു ചേർന്ന് നിർമിച്ച ശുചിമുറി സമുച്ചയത്തിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസമായിരുന്നു.
അന്നെങ്കിലും കാടു വെട്ടിത്തെളിക്കുകയും കുഴികളടയ്ക്കുകയും ചെയ്യുമെന്നു കരുതിയവർക്കു തെറ്റി. അതിരമ്പുഴ മാർക്കറ്റിന്റെ പാരമ്പര്യമോർത്തെങ്കിലും മാർക്കറ്റ് വൃത്തിയാക്കി സൂക്ഷിക്കാൻ പഞ്ചായത്ത് അധികൃതർ തയാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.