വെച്ചൂർ: പുല്ലും പായലും വളർന്നു തിങ്ങി മാലിന്യങ്ങൾ അടിഞ്ഞ് നീരൊഴുക്ക് നിലച്ച കൊടുതുരുത്ത് - നാണുപറമ്പ് തോട് ആഴം കുട്ടി നീരൊഴുക്കു സാധ്യമാക്കുന്ന പ്രവർത്തനങ്ങളുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. നാലു പതിറ്റാണ്ടായി പുല്ലും പോളയും തിങ്ങി നീരൊഴുക്ക് നിലച്ച തോടിനെയാണ് മാലിന്യം നീക്കി ആഴം കൂട്ടി വീണ്ടെടുക്കുന്നത്.
വെച്ചൂർ പഞ്ചായത്തിലെ പൂവത്തിക്കരി, പുത്തൻകരി, പട്ടടക്കരി, ഞാറയ്ക്കത്തടം, പൊന്നങ്കേരി പോട്ടക്കരി , പൊന്നച്ചാംചാൽ തുടങ്ങിയ പാടശേഖരങ്ങളുമായി ബന്ധപ്പെട്ട് ഒഴുകിയിരുന്ന കൊടുതുരുത്ത് - നാണുപറമ്പ് തോട് മാലിന്യവാഹിനിയായതോടെ ശുദ്ധജലമെത്താതായി വിളവു ഗണ്യമായി കുറഞ്ഞു.
കടുത്ത മലിനീകരണംമൂലം പ്രദേശത്ത് കാൻസർ ബാധിതരുടെ എണ്ണം കൂടിയിരുന്നു. കൊടുതുരുത്ത് - നാണുപറമ്പ് തോടു ഒഴുകിയെത്തുന്നത് കെവി കനാലിലും വേമ്പനാട്ടുകായലുമാണ്. നാലു കിലോമീറ്റർ ദൂരംവരുന്ന കൊടുതുരുത്ത്-നാണുപറമ്പ് തോട് പുല്ലും പോളയും നിറഞ്ഞ് പല സ്ഥലങ്ങളിലും തോട്ടിലെ പുൽക്കെട്ടിനു മീതെ നടന്നു പോകാവുന്ന തരത്തിലായിരുന്നു.
വെച്ചൂരിലെ 32 പാടശേഖരങ്ങളിലായി 3,500 ഏക്കറിലാണ് നെൽകൃഷി നടക്കുന്നത്. ഇതിൽ നല്ലൊരു പങ്ക് പാടശേഖരങ്ങളിലെ കൃഷിയിടത്തിൽനിന്നു പുറന്തള്ളുന്ന രാസമാലിന്യങ്ങൾ തോട്ടിൽ കെട്ടിനിൽക്കുകയാണ്. ഇതിനു പുറമേ ജലാശയത്തിൽ കക്കൂസ് മാലിന്യവും രാത്രിയുടെ മറവിൽ തള്ളുന്നു. തോട്ടിലെ മലിനജലം ഉൾപ്രദേശത്തെ ജനവാസ കേന്ദ്രങ്ങളിലേക്കു വെള്ളമെത്തിക്കുന്ന ചെറുതോടുകളിലാണ് കലരുന്നത്. വെച്ചൂരിലെ കരിനിലങ്ങളുടെ ഓരത്ത് താമസിക്കുന്നവർക്ക് കുളങ്ങളും കിണറുകളും ഉപയോഗിക്കാനാകാത്തതിനാൽ വീടുകൾക്കു സമീപത്തുകൂടി ഒഴുകുന്ന തോടുകളിലെ വെള്ളമാണ് പാത്രം കഴുകാനും കുളിക്കാനും ഉപയോഗിക്കുന്നത്.
കൊടുതുരുത്ത്-നാണുപറമ്പ് തോട് ആഴം കൂട്ടി ശുചീകരിക്കുന്നതിന് 26ലക്ഷം രൂപയുടെ പദ്ധതിയാണ് പഞ്ചായത്ത് വിഭാവനം ചെയ്ത് നടപ്പാക്കുന്നത്. പഞ്ചായത്തംഗങ്ങളായ സോജി ജോർജ്, ബിന്ദുരാജു, എൻ. സഞ്ജയൻ, വിവിധ പാടശേഖരസമിതി ഭാരവാഹികളായ ബിജുകൂട്ടുങ്കൽ ബി. റെജി,ഷാജി സദനം, കുട്ടൻ മണിമന്ദിരം തുടങ്ങിയവർ പങ്കെടുത്തു.