കാഞ്ഞിരപ്പള്ളി: വൃക്കയിൽ ട്യൂമർ ബാധിച്ച അറുപത്തിമൂന്നുകാരനെ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു കാഞ്ഞിരപ്പളളി മേരിക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗം.
ഒരു മാസത്തിലേറെയായി തുടർച്ചയായ പനിയും ശരീരത്തിന് ഭാരക്കുറവും മൂത്രമൊഴിക്കുന്നതിൽ തടസവും നേരിട്ട ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ പശുപാറ എസ്റ്റേറ്റ് ജീവനക്കാരനാണ് മേരിക്വീൻസിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. സി.എസ്. സിജുവിന്റെ കീഴിൽ ചികിത്സ തേടിയെത്തിയത്.
പരിശോധനയ്ക്ക് വിധേയനായതോടെ ട്യൂമർ സ്ഥിരീകരിക്കുകയും തുടർന്ന് ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് വിഭാഗം സർജൻ ഡോ. റോബിൻ കുര്യൻ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. പ്രദീപ് തോമസ് എന്നിവരുടെ സഹകരണത്തോടെ രോഗിയുടെ വൃക്കയിൽ നിന്നു ഇരുപത് സെന്റീമീറ്റർ നീളമുള്ള ട്യൂമർ നീക്കം ചെയ്തു.
യഥാസമയം ചികിത്സ നടത്തിയില്ലെങ്കിൽ രോഗിയുടെ ഇരു വൃക്കകളും തകരാറിലാവുകയും ട്യൂമർ ശരീരത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് ബാധിക്കുകയും ചെയ്യുന്നതിനുള്ള സാധ്യത കൂടുതലായിരുന്നുവെന്നും ശസ്ത്രക്രിയയ്ക്കു ശേഷം രോഗി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.