പട്ടാന്പി: ഗവ. ഹയർസെക്കൻഡറി സ്കൂൾ, ഗവ. യുപി സ്കൂൾ, ജിഎംഎൽപി സ്കൂൾ എന്നിവിടങ്ങളിലായി നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം കരവിരുതിന്റെ മാന്ത്രിക സ്പർശമായി. പാഠപുസ്തകത്തിലെ പഠനത്തിന് അപ്പുറം കുഞ്ഞുമനസിലെ കഴിവുകൾ കൈകളിലെ കരവിരുതിലൂടെ സൃഷ്ടിക്കപ്പെട്ടപ്പോൾ കാണികൾക്കും വിധികർത്താക്കൾക്കും ഒരുപോലെ അത്ഭുതമായി. നാവിൽ രുചിയേറും ഭക്ഷണങ്ങളുമായാണ് പാചക മത്സരം നടന്നത്. മണ്‍പാത്രങ്ങളിലും മറ്റുമായി ഭക്ഷണങ്ങൾ ഇടംപിടിച്ചതോടെ പാചകമേള രുചിയുടെ കലവറയായി മാറി.
ത്രീ ഫേസ്, സിംഗിൾ ഫേസ് ഉൾപ്പെടെ വയറിംഗ് രംഗത്തെ വിവിധ തലങ്ങൾ ഇലക്ട്രിക്കൽ മത്സരരംഗത്ത് വിദ്യാർഥികൾ കാഴ്ചവച്ചു. ഒപ്പം തന്നെ കളിമണ്ണുകൊണ്ടുള്ള ശില്പങ്ങളുടെ നിർമാണവും ഏറെ ആകർഷണീയമായിരുന്നു. അമ്മയുടേയും മകളുടേയും ശില്പങ്ങൾ സ്കൂൾ വരാന്തയിൽ നിറഞ്ഞു. പ്രവൃത്തി പരിചമേളയ്ക്കൊപ്പം സാമൂഹ്യശാസ്ത്രമേളയും ഐടി മേളയും ഉണ്ടായിരുന്നു. മേളയ്ക്ക് എത്തുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും മികച്ച സൗകര്യങ്ങളാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്.
ജില്ലാ ശാസ്ത്രമേളയുടെ ഉൗട്ടുപുരയിൽനിന്ന് പൊതിച്ചോറുകൾ മത്സരാർഥികളുടെ സീറ്റുകളിലെത്തിയത് പുതിയ അനുഭവമായി. ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് പരിസരശുചിത്വം മുഖ്യ അജണ്ടയാക്കിയാണ് ഇത്തരത്തിൽ പൊതിച്ചോറുകൾ സ്കൂളിലെത്തിച്ചത്. മത്സരംകഴിഞ്ഞാലും മൂല്യനിർണയ സമയത്ത് വിദ്യാർഥിക്ക് മാറിനിൽക്കാനാവില്ല എന്നത് മുന്നിൽകണ്ടാണ് ഇങ്ങനെ ഭക്ഷണം നൽകിയത്.