മട്ടന്നൂർ: മഴ പെയ്താൽ കളറോഡ് പാലത്തിലെ വെള്ളക്കെട്ടിലൂടെയുള്ള യാത്രദുരിതത്തിന് ഇനിയും പരിഹാരമായില്ല. കാൽനട പോലും അസാധ്യമാകുന്ന തരത്തിലുള്ള വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
തലശേരി - വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി ആറ് വർഷം മുമ്പ് നിർമിച്ച പാലത്തിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. മട്ടന്നൂർ - ഇരിട്ടി നഗരസഭയുടെ അതിർത്തി പങ്കിടുന്ന പാലത്തിന്റെ അശാസ്ത്രീയ നിർമാണമാണ് വെള്ളക്കെട്ടിന് കാരണം.
പാലത്തിന്റെ ഇരു ഭാഗത്തും കാൽ നടയാത്രക്കാർക്ക് നടന്നു പോകാൻ സ്ഥാപിച്ച നടപ്പാതയിലും ചെളിയും മാലിന്യവും നിറഞ്ഞിരിക്കുകയാണ്.
ചാറ്റൽ മഴ പെയ്താൽ പോലും പാലത്തിൽ വെള്ളം കെട്ടിക്കിടക്കും. മഴയിൽ പാലത്തിലെ വെള്ളം ഒഴുകി പോകാൻ സംവിധാനമില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം.
നിരവധി തവണ ഈ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെങ്കിലും പരിഹാരമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് എ. സുധാകരൻ പറഞ്ഞു.