കടുങ്ങപുരം: മങ്കട ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ കടുങ്ങപുരം വില്ലേജ്പടിയിൽ നിർമിച്ച കെട്ടിടത്തിൽ പകൽവീട് സജ്ജമാക്കി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി. ജുവൈരിയ അധ്യക്ഷത വഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാന്പിന്റെയും സൗജന്യ മരുന്ന് വിതരണത്തിന്റെയും ഉദ്ഘാടനം പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചക്കച്ചൻ ഉമ്മുക്കുൽസു നിർവഹിച്ചു. പകൽ വീട്ടിലേക്ക് അനുവദിച്ച ഫർണിച്ചറുകളുടെയും വാട്ടർ പ്യൂരിഫയറിന്റെയും കൈമാറ്റം സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.കെ. ശശീന്ദ്രൻ, ഫൗസിയ പെരുന്പള്ളി എന്നിവർ നിർവഹിച്ചു.
സ്ഥാപനത്തിൽ സ്ഥാപിച്ച രാഷ്ട്രനേതാക്കളുടെ ഫോട്ടോ അനാച്ഛാദനം മുൻ വൈസ് പ്രസിഡന്റ് വി. സൈതലവി, കെട്ടിടത്തിന് സൗജന്യമായി സ്ഥലം നൽകിയ കുടുംബത്തിലെ മുതിർന്ന അംഗം പാറോട്ടിൽ ബാലകൃഷ്ണൻ, മുതിർന്ന വനിത അംഗം പാറോട്ടിൽ ഉമ്മാത്ത എന്നിവരെ ബ്ലോക്ക് മെംബർ കെ.പി. അസ്മാബി പൊന്നാട അണിയിച്ച് ആദരിച്ചു. പുഴക്കാട്ടിരി ആയുർവേദിക് മെഡിക്കൽ ഓഫീസർ ഡോ. സനിയ, ഡോ. നിഖിൽ, ഡോ. രശ്മി എന്നിവർ മെഡിക്കൽ ക്യാന്പിന് നേതൃത്വം നൽകി.