ഒരു പത്തിരുപത്തിയഞ്ച് കൊല്ലം മുൻപാകണം, ഞാനൊരപൂർവ പുസ്തകം വായിച്ചിരുന്നു. ആ പുസ്തകത്തെ ഒരപൂർവ പുസ്തകം എന്നുതന്നെ വീണ്ടും വിശേഷിപ്പിക്കാമെന്നു തോന്നിപ്പോകുന്നു. ഗുരു നിത്യ ചൈതന്യ യതിയുടെ പുസ്തകത്തിന്റെ പേര് ‘അപൂർവ വൈദ്യന്മാർ’ എന്നാണ്. നൃത്തം ചെയ്യുന്ന ഒരു പുസ്തകം.
നൃത്തത്തെ ധ്യാനം എന്നു വിശേഷിപ്പിക്കാമെന്ന് സ്വാമി ചിന്മയാനന്ദൻ പറഞ്ഞത് ഇപ്പോൾ ഓർമവരുന്നു. അതു ധ്യാനത്തിന്റെ പുസ്തകംകൂടിയായിരുന്നു. എന്തൊരു പ്രകാശമായിരുന്നു ആ പുസ്തകത്തിന്. “നീ ചിരിക്കുന്പോളെങ്ങും വെളിച്ചം പരക്കുന്നു” എന്ന് ആർ. രാമചന്ദ്രൻ എഴുതിയത് ഈ പുസ്തകത്തെ നോക്കിയാണോ എന്നു തോന്നിപ്പോകുന്നു. അത്രയേറെ എന്നെ അകമേ ആശ്ലേഷിച്ച ഒന്നായിരുന്നു അത്. കുറേക്കാലം എന്റെ യാത്രകളിലെല്ലാം ഇതൊപ്പമുണ്ടായിരുന്നു. എന്നാലൊരിക്കൽ എനിക്കീ പുസ്തകം നഷ്ടപ്പെട്ടു. എന്റെ കൂട്ടുകാരികളിൽ ഒരുവൾ ഈ പുസ്തകം കടം വാങ്ങിക്കൊണ്ടുപോയി. ഒരു കിനാവായ് പോലും ഉയിർകൊള്ളാതെ പോയ അവൾ പിന്നീടൊരിക്കലും അതു മടക്കിത്തന്നില്ല.
നാലഞ്ചുവർഷം മുൻപ്, കൃത്യം പറഞ്ഞാൽ കോവിഡനന്തര നാളുകളൊന്നിൽ ഒരു വിവാഹസത്കാര സന്ധ്യയിൽവച്ച് ഞാനവളെ കണ്ടുമുട്ടി. ഒരു മാറ്റവുമില്ല. പഴയ പ്രസരിപ്പും വാക്ധോരണിയും ഇത്തിരി കൂടിയിട്ടുണ്ടെന്നു മാത്രം. പിന്നാലെ ചെന്ന് പതിഞ്ഞ മട്ടിൽ ഞാൻ പറഞ്ഞു. “അപൂർവ വൈദ്യന്മാർ...” അവൾ തിരിഞ്ഞുനോക്കി. ആ മുഖത്ത് മായിച്ചുകളയാനാകാത്തൊരു ചമ്മൽ ഞാൻ പ്രതീക്ഷിച്ചിരുന്നു. ചമ്മൽ പോയിട്ട്, ഒരു പരവേശം പോലുമില്ല. “എടാ, നീയിപ്പോഴും ജീവിച്ചിരിപ്പുണ്ടോ?” എന്നുള്ള നീട്ടിപ്പറച്ചിലിൽ ലോകംതന്നെ സംഭ്രമിച്ചു പോയിട്ടുണ്ടാകണം.
എന്റെ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട് ഒരൊറ്റ ശ്വാസത്തിൽ ഒരു കുന്നോളം വിശേഷങ്ങൾ അവൾ പരത്തിപ്പറഞ്ഞു. ആ വളകിലുക്കത്തിൽ ‘അപൂർവ വൈദ്യന്മാർ’ ഞാൻ മറന്നു. പോകാൻനേരം അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു: “നിന്റെ ഓർമയ്ക്ക്, അല്ല സ്നേഹത്തിന് ഞാനൊന്നു സൂക്ഷിച്ചുവച്ചിട്ടുണ്ട്, അപൂർവ വൈദ്യന്മാർ.” എന്റെ കണ്ണുനിറഞ്ഞു. കിനാവായ് ഉയിർകൊണ്ടില്ലെങ്കിലും അവളിപ്പോഴും എന്റെ സ്നേഹത്തെ താലോലിക്കുന്നല്ലോ എന്നോർത്തപ്പോൾ എനിക്ക് വാക്കുകൾ ഇടറി. എന്റെ കൈകൾക്കകമേ ഒന്നമർത്തിനുള്ളി അവൾ ആൾക്കൂട്ടത്തിലേക്ക് നടന്നു മറയുന്പോൾ ‘അപൂർവ വൈദ്യന്മാർ’ എന്നെ അകമേ ചികിത്സിക്കുന്ന പുസ്തകംകൂടിയാണെന്ന് തരിച്ചറിയുകയായിരുന്നു.
കടം വാങ്ങി മടക്കിത്തരാത്ത പുസ്തകങ്ങൾ നമ്മുടെ ഓർമയ്ക്കും സ്നേഹത്തിനുമായി ചിലർ സൂക്ഷിച്ചുവയ്ക്കുന്നതായിരിക്കുമെന്ന് ഞാനന്നുമുതൽ കരുതി. അവരെപ്പോലെ ആ പുസ്തകങ്ങളും നമ്മളെ ഓർമിക്കുന്നുണ്ടാകുമോ? കൂടെപ്പോരാൻ കൊതിക്കുമോ? ഒർക്കുന്പോൾ ഉത്തരം കിട്ടാത്ത ഒത്തിരി ചോദ്യങ്ങൾ വന്ന് വാതിൽക്കൽ മുട്ടുന്നു. മടക്കിക്കിട്ടാത്ത പുസ്തകങ്ങളുടെ ചാർട്ട് ഞാനെഴുതി സൂക്ഷിച്ചിരുന്നു. ഇതെഴുതിവന്നപ്പോൾ വെറുതെ ഞാനതൊന്ന് നോക്കി.
കുറച്ചു പുസ്തകങ്ങളും അതിനു നേരേ പുസ്തകങ്ങൾ തിരികെ തരാത്തവരുടെ പേരുമുണ്ട്. അതിൽ ഒന്നുരണ്ടുപേർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. അതിലൊരാളെ ഞാൻ പ്രത്യേകം ഓർക്കുന്നു. അയാൾ ഇളനീരുപോലെ മിണ്ടിപ്പറയുന്ന ആളും നല്ല വായനക്കാരനുമായിരുന്നു. ഒരിക്കലയാൾ എന്റെ കൈയിൽനിന്നൊരു പുസ്തകം കടം വാങ്ങിക്കൊണ്ടുപോയി. എവുസ്താക്കിയൂസ് ബെനഡിക്ട് ഡിലനോയിയുടെ ജീവചരിത്രപുസ്തകം. ഞാനത് മറ്റൊരാളിൽനിന്ന് കടം വാങ്ങിയതായിരുന്നു. വാങ്ങിക്കൊണ്ടുപോയ ആൾ യഥാസമയം മടക്കിത്തന്നില്ല. എനിക്കാ പുസ്തകം വായിക്കാൻ തന്ന ആൾ നിരന്തരം ചോദിച്ചുകൊണ്ടുമിരുന്നു. പല പ്രാവശ്യം വാങ്ങിക്കൊണ്ടുപോയ ആളെ ഞാൻ ബന്ധപ്പെട്ടു. അവധികൾ പലതു പറഞ്ഞെങ്കിലും മടക്കിക്കിട്ടിയില്ല.
പുസ്തകം തന്നയാൾ എന്നന്നേക്കുമായി പിണങ്ങി. ആലുവാ മണപ്പുറത്തുവച്ചു കണ്ട പരിചയം പോലും അയാൾ എന്നോടു കാണിക്കാതായി. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. എന്റെ കൈയിൽനിന്ന് പുസ്തകം വാങ്ങിക്കൊണ്ടുപോയ ആളും എന്നോട് പതിയെ പതിയെ മിണ്ടാതായി. വിളിച്ചാൽ ഫോൺ എടുക്കാതായി. അന്വേഷിച്ചു ചെന്നാൽ കാണാതായി. ഞാനെന്നെ ഒത്തിരിവട്ടം ശപിച്ചു. കുളച്ചൽ യുദ്ധത്തിൽ തോറ്റു തുന്നംപാടി ഒടുവിൽ തടവുകാരനായ ഡിലനോയിയെപ്പോലെയായി ഞാൻ. എങ്കിലും വിദ്വേഷത്തിന്റെ ഒരു തോക്ക് ഞാൻ ഉള്ളിൽ സൂക്ഷിച്ചുവച്ചിരുന്നു. ഉന്നം പിടിച്ച് ഒരവസരത്തിനായി കാത്തിരുന്നു.
ഒരു ദിവസം അതിരാവിലെ ദുഃഖകരമായ ഒരു വാർത്ത എന്നെ തേടിയെത്തി. പുസ്തകം കടം വാങ്ങിക്കൊണ്ടുപോയ ആൾ മരണപ്പെട്ടു. എന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. ഉള്ളിൽ സൂക്ഷിച്ചിരുന്ന തോക്ക് കാണാനില്ലായിരുന്നു. ഉച്ചകഴിഞ്ഞ നേരത്ത് ഞാനയാളെ കാണാൻ ചെന്നു. ഒന്നുമറിയാത്ത മട്ടിൽ അയാൾ കണ്ണടച്ചു കിടക്കുകയാണ്. ‘മനുഷ്യൻ ജന്മനാ ക്രൂരനാണ്’ എന്ന കാഫ്കയുടെ വചനം ഉള്ളിൽ തികട്ടിവന്നു. ഉള്ളിൽനിന്ന് സാക്ഷയിട്ട കതകുകളുമായി ആയാൾ അടുത്ത യാത്രയ്ക്ക് തയാറാകാൻ തുടങ്ങി. ‘ഭഗവത്ഗീത’യിൽ ഭഗവാൻ അർജുനനോട് പറഞ്ഞതു ഞാനോർത്തു: “നിനക്കൊന്നും ഓർമിക്കാനാകുന്നില്ല. ഞാനോ എല്ലാം ഓർമിക്കുന്നു.” ഒന്നും പറയാതെ അയാൾ എന്റെ മുന്നിലൂടെ കടന്നുപോയി. ഞാൻ നോക്കിനിൽക്കേ അവൻ പതിയെ എരിഞ്ഞടങ്ങി.
ചടങ്ങുകൾ കഴിഞ്ഞ് സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കെ അയാളുടെ മകൻ എന്റെ അടുത്തേക്ക് ഒരു പൊതിയുമായി വന്നു. “ഇതച്ഛൻ സാറിനു തരാനായി ഏൽപ്പിച്ചതാണ്; ഏൽപ്പിച്ചിട്ട് ഒരു മാസമായി. തരാൻ കഴിഞ്ഞില്ല.” ഞാനതു തുറന്നു നോക്കി. ‘ഡിലനോയി’. എന്റെ കണ്ണ് നിറഞ്ഞു. എനിക്ക് വല്ലാത്ത സങ്കടം തോന്നി. ചുരുട്ടിയ കൈയിൽ മഞ്ചാടി വച്ച് ഒറ്റയും ഇരട്ടയും കളിക്കുന്ന ഒരു കുട്ടിയെപ്പോലെയായി ഞാൻ. ഞാനിത്രയും നാൾ വളരെ ക്രൂരമായി അയാളുടെ മനസ് വായിക്കുകയായിരുന്നു എന്നോർത്തപ്പോൾ വല്ലാത്ത ആത്മനിന്ദ തോന്നി. ശിരസ് താഴ്ത്തി ഞാനിറങ്ങി.
ഒരുപാട് ചോദ്യങ്ങൾ എന്റെ പിന്നാലെ വരുന്നുണ്ടായിരുന്നു. എന്തിനായിരുന്നു പുസ്തകം മടക്കിത്തരാൻ ഇത്ര വൈകിയത്? അതിന്റെ കാരണമെന്തായിരിക്കും അയാൾ മനസിൽ കുറിച്ചുവച്ചിട്ടുണ്ടാവുക? ഒന്നുമറിയില്ല. ഒരാൾ ഭൂമി വിട്ടുപോകുന്പോൾ ഒരുപാട് ഉത്തരങ്ങൾ കൂടിയാണ് ഇല്ലാതാകുന്നത്. നിരത്തിലേക്കിറങ്ങുന്പോൾ മഴ കനത്തിരുന്നു. അതു ഞാൻ അറിഞ്ഞിരുന്നില്ല.