തിരുവനന്തപുരം: വിജയത്തിലേക്കു കുറുക്കുവഴികളില്ലെന്നു സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് കെഎസ്എഫ്ഇ സ്പെഷൽ ഗ്രേഡ് അസിസ്റ്റന്റായ സോജ സിയ. കൗമാരത്തിൽ കൈവിട്ട സ്വപ്നം 47-ാം വയസിൽ എത്തിപ്പിടിച്ചിരിക്കുകയാണ് ഈ കോട്ടയംകാരി.
ലോകത്തിലെ ഏറ്റവും കടുപ്പമേറിയ മാരത്തണുകളിൽ ഒന്നായ, 5370 മീറ്റർ ഉയരത്തിലുള്ള 72 കിലോമീറ്റർ ദൈർഘ്യമേറിയ ഖാർദുംഗ് ലാ അൾട്രാ മാരത്തണ്‍ ചലഞ്ച് 14 മണിക്കൂർ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കിയ ആദ്യ മലയാളിവനിതയായാണ് സോജ ചരിത്രത്തിൽ ഇടംനേടിയത്. കെഎസ്എഫ്ഇ ആണ് സോജയെ സ്പോണ്സർ ചെയ്തത്.
മാരത്തണ്‍ വിജയകരമായി പൂർത്തിയാക്കിയ സോജയെയും ഒപ്പംനിന്ന കെഎസ്എഫ്ഇയെയും ധനമന്ത്രി കെ.എൻ. ബാലഗോപാൽ അഭിനന്ദിച്ചു. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ സോജയെ പുരസ്കാരംനൽകി ആദരിച്ചു. കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ തുടങ്ങിയവർ പങ്കെടുത്തു.
കോരുത്തോട് സികെഎം സ്കൂളിൽനിന്നു കായികലോകത്തേക്കു ചുവടുവച്ച സോജ പ്രശസ്ത പരിശീലകൻ കെ.പി. തോമസ് മാഷിന്റെ ആദ്യകാലശിഷ്യരിൽ ഒരാളാണ്. അസംപ്ഷൻ കോളജിൽവച്ചുണ്ടായ ഒരു സൈക്കിളിംഗ് അപകടം കായികസ്വപ്നങ്ങൾക്കു താൽക്കാലികവിരാമമിട്ടു. നീണ്ട ഇടവേളയ്ക്കുശേഷം തിരികെയെത്തി, മലേഷ്യയിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 1500 മീറ്റർ ഓട്ടത്തിൽ വെള്ളിമെഡൽ നേടിയിരുന്നു.
നിലവിൽ കെഎസ്എഫ്ഇ പൂജപ്പുര ബ്രാഞ്ചിലെ സ്പെഷൽ ഗ്രേഡ് അസിസ്റ്റന്റും ഐടെൻ റണ്ണേഴ്സ് ക്ലബ്ബിലെ സജീവ അംഗവുമായ സോജ പരേതയായ ഹസീനയുടെയും സിയാവുദീന്റെയും മകളാണ്. ഭർത്താവ് ഷാംനാദും മകൻ അസീം ഷായും പൂർണപിന്തുണയുമായി കൂടെയുണ്ട്.