താമരശേരി: താമരശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ ബഥാനിയായിലെ അഖണ്ഡ ജപമാല സമര്‍പ്പണം സമാപനത്തിലേക്ക്. ജൂലൈ 17 ന് ആരംഭിച്ച അഖണ്ഡ ജപമാല ഈ മാസം 25ന് സമാപിക്കും. രജത ജൂബിലി വര്‍ഷത്തില്‍ 101 ദിനരാത്രങ്ങള്‍ കൊണ്ട് 2424 മണിക്കൂര്‍ നടത്തുന്ന പ്രാര്‍ഥനയുടെ പ്രത്യേകനിയോഗം ലോകസമാധാനവും കുടുംബവിശുദ്ധീകരണവുമാണ്.
ഇന്ന് അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ നൂറാം ദിനമാണ്. വൈകുന്നേരം 6.30 ന് മെഴുകുതിരിയേന്തി ജപമാല റാലി, തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന. താമരശേരി രൂപതാ വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം വയലില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
നാളെ താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന ഉണ്ടാകും. തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധന, ആശീര്‍വാദം, സ്നേഹ വിരുന്ന് എന്നിവയോടെ ജപമാല സമര്‍പ്പണം അവസാനിക്കും.