NRI
വാട്ടർഫോർഡ്: മലയാളി പെൺകുട്ടിയെ അയർലൻഡിലെ വാട്ടർഫോർഡിൽ കാണാതായി. സാന്റാ മരിയ തമ്പിയെ(20) ആണ് കാണാതായത്. ഞായറാഴ്ച പുലർച്ചെ മുതലാണ് സാന്റായെ കാണാതായത്.
വാട്ടർഫോർഡിലെ ബ്രേക്ക് ആൻഡ് ഹോട്ട് ഓൾഡ് ട്രാമർ റോഡിൽ നടക്കാനിറങ്ങിയതായിരുന്നു സാന്റാ. പോലീസ് അന്വേഷണം ആരംഭിച്ചു.
വിവരം ലഭിക്കുന്നവർ ഗാർഡ സ്റ്റേഷനിലോ 08946 02032, 08949 39039, 08741 25295 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
NRI
കോട്ടയം: അയർലൻഡ് മലയാളിയെ കോട്ടയത്ത് ഫ്ലാറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വാകത്താനം പുല്ലുകാട്ടുപടി സ്വദേശി ജിബു പുന്നൂസ്(49) ആണ് മരിച്ചത്.
ജിബുവിനെ ഫ്ലാറ്റിന് പുറത്തേക്ക് കാണാതിരുന്നതിനെ തുടർന്ന് ജീവനക്കാർ കോട്ടയം വെസ്റ്റ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ഡബ്ലിനിലെ തലായിലാണ് ജിബു കുടുംബമായി താമസിച്ചിരുന്നത്.
ഭാര്യ: സന്ധ്യ. മക്കൾ: സാറ, ജുവാൻ. വാകത്താനം നടപ്പുറത്ത് പരേതനായ എൻ. സി. പുന്നൂസ് - ചക്കുപുരയ്ക്കൽ ആനിയമ്മ പുന്നൂസ് (റിട്ട. അധ്യാപിക) ദമ്പതികളുടെ മകനാണ്. സഹോദരി: ജിനു പുന്നൂസ് (ഡപ്യൂട്ടി കളക്ടർ, കോട്ടയം).
സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വാകത്താനം സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.
NRI
ഡബ്ലിൻ: കോഴിക്കോട് സ്വദേശിയെ അയർലൻഡിൽ മരിച്ചനിലയിൽ കണ്ടെത്തി. കൗണ്ടി കോർക്കിലുള്ള ബാൻഡനിൽ താമസിക്കുന്ന രഞ്ജു റോസ് കുര്യൻ(40) ആണ് മരിച്ചത്.
അയര്‍ലൻഡിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കില്ലാർണി നാഷണൽ പാർക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഗാർഡ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തുടര്‍നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: കോഴിക്കോട് സ്വദേശിനി ജാനറ്റ് ബേബി ജോസഫ് (നഴ്സ്). മക്കൾ: ക്രിസ്, ഫെലിക്സ്.
NRI
ഡബ്ലിൻ: സെന്റ് മേരീസ് സീറോമലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ "ലിമെറിക് ബൈബിൾ കൺവൻഷൻ' വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ(ഓഗസ്റ്റ് 15,16,17) രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ ലിമെറിക്ക് പാട്രിക്സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ നടക്കും.
കോട്ടയം പാമ്പാടി ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുക്കന്മാരായ ഫാ.ജിൻസ് ചീങ്കല്ലേൽ എച്ച്ജിഎൻ, ഫാ.നോബിൾ തോട്ടത്തിൽ എച്ച്ജിഎൻ എന്നിവരാണ് കൺവൻഷൻ നയിക്കുന്നത്.
ധ്യാന ഗുരുക്കന്മാർക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകി. വിവിധ പ്രായത്തിലുള്ള കുട്ടികൾക്കുള്ള പ്രത്യേക ധ്യാനവും കൺവൻഷന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.
കൺവൻഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോമലബാർ ചർച്ച് വികാരി ഫാ. പ്രിൻസ് മാലിയിൽ അറിയിച്ചു .
കൂടുതൽ വിവരങ്ങൾക്ക്: ഫാ. പ്രിൻസ് സക്കറിയ മാലിയിൽ - 089 207 0570, മോനച്ചൻ നരകത്തറ - 087 755 3271, ജോഷൻ കെ.ആന്റണി - 089 975 3535.
NRI
ഡബ്ലിൻ: അയര്‍ലൻഡിൽ മലയാളി നഴ്സ് അന്തരിച്ചു. വാട്ടർഫോർഡിൽ ഐഎൻഎംഒ ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായ ചേർത്തല തുറവൂർ കാടാട്ട് വീട്ടിൽ ശ്യാം കൃഷ്ണനാണ്(36) അന്തരിച്ചത്.
സംസ്കാരം പിന്നീട്. സെന്റ് പാട്രിക്ക് ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ നഴ്സ് മാനേജറായി ജോലി നോക്കി വരികയായിരുന്നു.
അർബുദബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഭാര്യ വൈഷ്ണ. രണ്ട് കുട്ടികളുണ്ട്.
NRI
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ കൗണ്ടി ഡൗണില്‍ വയോധികനായ കത്തോലിക്കാ വൈദികനുനേരേ ആക്രമണം. ഡൗൺപാട്രിക് എന്ന സ്ഥലത്തെ സെന്റ് പാട്രിക്സ് പള്ളി വികാരി ഫാ. കാനൻ ജോൺ മുറെ(77)യ്ക്കുനേരേയാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്.
വിശുദ്ധ കുർബാന അർപ്പിക്കാൻ ഒരുങ്ങുന്നതിനിടെ ചില്ലുകുപ്പി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വൈദികന്റെ തലയ്ക്ക് പരിക്കേൽക്കുകയും വിരലുകൾ ഒടിയുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ഹഗ് മലോൺ(30) എന്നയാളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരികയാണ്. വൈദികന്റെ ആരോഗ്യനില ഗുരുതരമാണെങ്കിലും മെച്ചപ്പെട്ടുവരുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഇതേ ദിവസംതന്നെ പ്രദേശത്തു സ്റ്റീഫൻ ബ്രണ്ണിഗാൻ എന്നയാൾ കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകത്തിനു പിന്നിലും ഹഗ് മലോൺ ആണെന്നാണു നിഗമനം. പ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
NRI
ഡബ്ലിന്‍: അയർലൻഡിൽ ഇന്ത്യക്കാർക്കെതിരായ സമീപകാല ആക്രമണങ്ങളെത്തുടർന്ന് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഞായറാഴ്ച ഫീനിക്സ് പാർക്കിൽ നടക്കാനിരുന്ന ഇന്ത്യാ ദിന ഉത്സവം മാറ്റിവച്ചതായി അയർലൻഡ് ഇന്ത്യ കൗൺസിൽ പ്രഖ്യാപിച്ചു.
ഉപപ്രധാനമന്ത്രി സൈമൺ ഹാരിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കൗൺസിൽ ചെയർമാൻ പ്രശാന്ത് ഷുക്കിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇന്ത്യാ ദിനം ആചരിക്കുന്നതിനുള്ള നിലവിലെ സാഹചര്യം അനുകൂലമല്ലെന്നും സാഹചര്യം അവലോകനം ചെയ്ത് പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാർഡ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനം എടുത്തതായി അദ്ദേഹം വിശദീകരിച്ചു. 2015 മുതൽ എല്ലാ വർഷവും അയര്‍ലൻഡ് ഇന്ത്യാ കൗൺസിൽ ഇന്ത്യാ ദിന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയില്‍ എന്തെങ്കിലും തടസ്സം ഉണ്ടാകുന്നത് ഇതാദ്യമാണ്.
അതേസമയം, ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ഫെഡറേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിറ്റീസ് ഇൻ അയർലൻഡ് ഞായറാഴ്ച ഡബ്ലിനിലെ മെറിയോൺ സ്ക്വയറിൽ സംഘടിപ്പിക്കുന്ന പരിപാടി മാറ്റമില്ലാതെ നടത്തുമെന്ന് പറഞ്ഞു.
NRI
ഡബ്ലിൻ: ഇന്ത്യക്കാർക്കെതിരേ അയർലൻഡിൽ തുടർന്നുവരുന്ന അക്രമ സംഭവങ്ങൾക്ക് പരിഹാരത്തിനായി ഐറീഷ് സർക്കാർ ഇടപെടുന്നു.
സമീപ ആഴ്ചകളിൽ വർധിച്ചുവന്ന അക്രമ സംഭവങ്ങളുടെ സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ഐറീഷ് ഉപപ്രധാനമന്ത്രി സൈമൺ ഹാരീസ് തിങ്കളാഴ്ച അയർലൻഡിലെ ഇന്ത്യൻ സമൂഹ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.
വിദേശകാര്യ മന്ത്രി കൂടിയായ സൈമൺ ഹാരീസിന്റെ ഇടപെടലിൽ ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ സമൂഹം. ഇന്ത്യൻ എംബസിയാണ് ചർച്ചയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചത്.
അയർലൻഡിലെ ഇന്ത്യൻ സമൂഹം ഐറീഷ് സമൂഹത്തിന് നൽകിവരുന്ന സംഭാവനകൾ നിസ്തുലമാണെന്നും അയർലൻഡ് ഒരിക്കലും വംശീയതയെ വച്ചു പൊറുപ്പിക്കില്ലെന്നും സൈമൺ ഹാരീസ് പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ വംശീയ ആക്രമണങ്ങൾ തടയുന്നതിനായി ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ക്രമീകരിക്കണമെന്നാണ് ഇന്ത്യൻ സംഘടനകൾ ആവശ്യപ്പെടുന്നത്.
പ്രശ്നബാധിത പ്രദേശങ്ങളിൽ നിയമപാലകരുടെ സാന്നിധ്യം കൂടുതൽ ഉറപ്പാക്കണം എന്നും ഇവർ ആവശ്യപ്പെടുന്നു.
NRI
ഡബ്ലിൻ: മലയാളിബാലികയ്ക്കു നേരേയുണ്ടായ വംശീയാക്രമണത്തിന്റെ നടുക്കത്തിലാണ് അയർലൻഡിലെ പ്രവാസികൾ. വംശീയ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് ഡബ്ലിനിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് കൊച്ചുകുട്ടിക്കുനേരേയും അതിക്രമമുണ്ടായിരിക്കുന്നത്.
അയർലൻഡിലെ വാട്ടർഫോർഡിൽ താമസിക്കുന്ന കോട്ടയം വെച്ചൂർ സ്വദേശി നവീൻ - അനുപ അച്യുതൻ ദന്പതികളുടെ മകളായ നിയയ്ക്കുനേരേയാണു കഴിഞ്ഞദിവസം വീട്ടുമുറ്റത്ത് കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ വംശീയ ആക്രമണമുണ്ടായത്.
തദ്ദേശീയരായ എട്ടുവയസുകാരി പെൺകുട്ടിയും 12, 14 പ്രായമുള്ള നാല് ആൺകുട്ടികളും സൈക്കിളിൽ അതുവഴി വരികയും അവർ നിയയ്ക്കുനേരേ അതിവേഗം സൈക്കിളോടിച്ച് ഇടിച്ചുവീഴ്ത്തുമെന്ന മട്ടിൽ ഭയപ്പെടുത്തുകയും ചെയ്തു.
കുട്ടിയുടെ മുടി വലിക്കുകയും മുഖത്ത് ഇടിക്കുകയും കഴുത്തിൽ പിടിച്ച് അമർത്തുകയും ചെയ്തു. ‘വൃത്തികെട്ട ഇന്ത്യക്കാരീ, തിരിച്ചുപോ’ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമം.
കുട്ടിയുടെ ശരീരഭാഗങ്ങളിൽ ഇപ്പോഴും വേദനയുണ്ടെന്നും ഉറക്കത്തിൽ ഭയന്ന് ഞെട്ടിയുണർന്ന് ബാഡ് ബോയ്സ് വരുന്നെന്നു പറയുമെന്നും നവീൻ പറഞ്ഞു. കുട്ടിയെ ഉപദ്രവിച്ചശേഷവും അവർ അവിടെത്തന്നെ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. തങ്ങളുടെ വീടിന്റെ വാതിൽക്കൽ വരെ വരികയും ചെയ്തു.
പോലീസ് അവരുടെ രക്ഷിതാക്കളോടു സംസാരിക്കുകയെങ്കിലും ചെയ്യുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. കേസുമായി മുന്നോട്ടുപോകാനാണു തീരുമാനം. ഞങ്ങളുടെ കുട്ടികൾ ഇവിടെ ജനിച്ചുവളർന്നവരാണ്.
ഞങ്ങൾക്കിവിടെ സമാധാനത്തോടെ ജീവിക്കണം. ഇത്തരം അനുഭവം മറ്റാർക്കുമുണ്ടാകരുത്. - നവീൻ പറഞ്ഞു. സംഭവത്തിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും കേസെടുത്ത ഉദ്യോഗസ്ഥൻ ലീവിലാണെന്ന് നവീനും അനുപയും പറഞ്ഞു.
ഏഴു വർഷം മുന്‍പാണ് നവീനും അനുപയും അയർലൻഡിലെത്തിയത്. കോട്ടയം ജില്ലയിലെ കടുത്തുരുത്തി സ്വദേശിനിയായ അനുപ വാട്ടർഫോഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സാണ്. അയർലൻഡ് പൗരത്വവുമുണ്ട്.
നവീൻ ഹെൽത്ത് കെയർ അസിസ്റ്റന്റാണ്. ഈ വർഷമാണ് ഇവർ വാട്ടർഫോഡിൽ വീടു വാങ്ങിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇതു മൂന്നാംതവണയാണ് അയർലൻഡിൽ ഇന്ത്യക്കാർക്കുനേരേ വംശീയാതിക്രമമുണ്ടാകുന്നത്.
ഡാറ്റാ സയന്റിസ്റ്റായ സന്തോഷ് യാദവിനെ കഴിഞ്ഞ മാസം 27ന് സുഹൃത്തിനൊപ്പം അത്താഴം കഴിച്ചശേഷം വീട്ടിലേക്കു നടക്കുന്നതിനിടെ ആറു കൗമാരക്കാർ ആക്രമിച്ചിരുന്നു. ഏതാനും ദിവസംമുന്പ് ഇന്ത്യക്കാരനായ ഒരു ടാക്സി ഡ്രൈവറെ രണ്ടു യാത്രക്കാർ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവവുമുണ്ടായി.
NRI
ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിനിൽ ഇന്ത്യൻ വംശജനായ ഡ്രൈവർക്കു നേരേ ആക്രമണം. ലഖ്വീർ സിംഗ് എന്നയാൾക്കാണ് മർദനമേറ്റത്. 23 വർഷമായി അയർലൻഡിൽ താമസിക്കുന്ന ലഖ്വീർ സിംഗ് ഒരു ദശകത്തിലേറെയായി കാബ് ഡ്രൈവറാണ്.
വെള്ളിയാഴ്ച ഡബ്ലിനിലെ പോപ്പിൻട്രീയിൽ രണ്ടു യുവാക്കൾ ലഖ്വീറിനെ മർദിക്കുകയായിരുന്നു. ലഖ്വീറിന്റെ കാറിൽ യാത്ര ചെയ്തവരാണ് ആക്രമണം നടത്തിയത്. നിങ്ങളുടെ സ്വന്തം രാജ്യത്തേക്കു മടങ്ങിപ്പോകണം എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു മർദനം.
അയർലൻഡിൽ ഇന്ത്യൻവംശജർക്കു നേരേ ആക്രമണങ്ങൾ വർധിച്ചുവരികയാണ്. തുടർന്ന് എംബസി ഇന്ത്യക്കാർക്കു മുന്നറിയിപ്പു നല്‍കിയിരുന്നു.
NRI
ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാരന് നേരെ വീണ്ടും ആക്രമണം. വൈകുന്നേരം നടക്കാൻ ഇറങ്ങിയ സന്തോഷ് യാദവിനാണ് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. ഡബ്ലിനിൽ സന്തോഷ് താമസിക്കുന്ന വീടിനടുത്തുവച്ച് ഐറീഷുകാരായ ഒരുപറ്റം കൗമാരക്കാർ അക്രമം നടത്തുകയായിരുന്നു.
അക്രമത്തിൽ കവിളിനും മുഖത്തും പരിക്കേറ്റു. കണ്ണട പിടിച്ചു പറിച്ചതിനു ശേഷം മർദിക്കുകയായിരുന്നു. ഗാർഡ സ്ഥലത്ത് എത്തി സന്തോഷിനെ ബ്ലാഞ്ചാട്സ് ടൗൺ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഡബ്ലിൻ താലയിലും ഇന്ത്യക്കാരന് നേരെ കൗമാരക്കാർ ക്രൂരമായ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരേയുള്ള പ്രതിഷേധ സമരങ്ങൾ നടന്നുവരുന്നതിനിടെയാണ് പുതിയ ആക്രമണം.
ഇന്ത്യക്കാർക്ക് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ തക്ക നടപടികൾ സ്വീകരിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.
NRI
ഡബ്ലിൻ: സെന്റ് മേരീസ് സീറോമലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ ലിമെറിക് ബൈബിൾ കൺവൻഷൻ ഓഗസ്റ്റ് 15,16,17(വെള്ളി, ശനി, ഞായർ) തീയതികളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ ലിമെറിക്ക്, പാട്രിക്സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ നടക്കും.
കോട്ടയം പാമ്പാടി ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുക്കന്മാരായ ഫാ. ജിൻസ് ചീങ്കല്ലേൽ എച്ച്ജിഎൻ, ഫാ.നോബിൾ തോട്ടത്തിൽ എച്ച്ജിഎൻ എന്നിവരാണ് ഈ വർഷത്തെ കൺവൻഷൻ നയിക്കുന്നത്.
വിവിധ പ്രായത്തിലുള്ള കുട്ടികൾക്കുള്ള പ്രത്യേക ധ്യാനവും ലിമറിക്ക് ബൈബിൾ കൺവൻഷൻ 2025 ന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.
ധ്യാന ദിവസങ്ങളിൽ ഉച്ചയ്ക്ക് ലഘുഭക്ഷണം നൽകുന്നതിനോടൊപ്പം, ധ്യാനത്തിൽ പങ്കെടുക്കുന്നവർക്കുള്ള സൗകര്യാർഥം ബ്രേക്ഫാസ്റ്റും സപ്പറും ഓർഡർ ചെയ്ത് വാങ്ങാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
ധ്യാന സ്ഥലത്തേയ്ക്ക് മോട്ടോർവേയിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്.കൂടാതെ ആയിരത്തിനു മുകളിൽ കാർ പാർക്കിംഗ് സൗകര്യവും ലഭ്യമാണ്.
കൺവൻഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോമലബാർ ചർച്ച് വികാരി ഫാ. പ്രിൻസ് മാലിയിൽ അറിയിച്ചു.
വേദി: Limerick Race Course,Green mount park Patrickswell, V94K858
കൂടുതൽ വിവരങ്ങൾക്ക്: ഫാ. പ്രിൻസ് സക്കറിയ മാലിയിൽ - 0892070570, മോനച്ചൻ നരകത്തറ - 0877553271, ജോഷൻ കെ. ആന്റണി - 0899753535.
NRI
ഡബ്ലിൻ: അയർലൻഡിൽ മലയാളിയായ ടെൻസിയ സിബിയെ പീസ് കമ്മീഷണറായി നിയമിച്ചു. കണ്ണൂർ തേർത്തല്ലി എരുവാട്ടി സ്വദേശിനിയാണ്. ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റീസ് വകുപ്പാണ് പീസ് കമ്മീഷണർ സ്ഥാനം നൽകിയത്.
ആലക്കോട് മേരിഗിരി പഴയിടത്ത് ടോമി - ത്രേസ്യാമ്മ ദമ്പതികളുടെ മകളും കണ്ണൂർ ചെമ്പേരി സ്വദേശി അഡ്വ. സിബി സെബാസ്റ്റ്യൻ പേഴുംകാട്ടിലിന്റെ ഭാര്യയുമാണ്.
ഡബ്ലിൻ ബ്ലാക്ക്റോക്ക് ഹോസ്പിറ്റലിൽ സീനിയർ നഴ്സായി ജോലി ചെയ്യുന്ന ടെൻസിയ, റോയൽ കോളജ് ഓഫ് സർജൻസ് ഇൻ അയർലൻഡിൽ നിന്ന് ഉന്നതബിരുദം നേടിയിട്ടുണ്ട്.
2005ലാണ് ഇവർ അയർലൻഡിൽ എത്തിയത്. സീറോമലബാർ സഭ ഡബ്ലിൻ ബ്ലാക്ക്റോക്ക് ഇടവകയിലെ മാതൃവേദി സെക്രട്ടറിയും വേദപാഠം അധ്യാപികയുമാണ്.
കൗണ്ടി ഡബ്ലിനും വിക്ലോ മീത്ത് തുടങ്ങിയ അനുബന്ധ കൗണ്ടികളിലും പ്രവർത്തനാധികാരമുള്ള ചുമതലയാണ് ടെൻസിയയ്ക്ക് നൽകിയിട്ടുള്ളത്.
എഡ്വിൻ, എറിക്, ഇവാനി മരിയ എന്നിവർ മക്കളാണ്.
NRI
ഡബ്ലിൻ: സീറോമലബാർ സഭ അയർലൻഡ് നാഷണൽ പിതൃവേദിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ "ക്രോഗ് പാട്രിക്' തീർഥാടനം ജൂലൈ 26ന് നടക്കും. അയർലൻഡിന്റെ സ്വർഗീയ മധ്യസ്ഥനായ സെന്റ് പാട്രിക്ക് പുണ്യവാളന്റെ പാദ സ്പർശമേറ്റ ഇടമാണ് ക്രോഗ് പാട്രിക് മല. തീർഥാടനം രാവിലെ ഒന്‍പതിന് അടിവാരത്തിൽ ആരംഭിക്കും
സീറോമലബാർ സഭ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ, നാഷണൽ പിതൃവേദി ഡയറക്ടർ ഫാ. അനീഷ് വഞ്ചിപ്പാറയിൽ, റീജണൽ പിതൃവേദി ഡയറക്ടർ ഫാ. സിജോ ജോൺ വെങ്കിട്ടക്കൽ, മറ്റു വൈദികർ തുടങ്ങിയവരുടെ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് അടിവാരത്തിൽ നിന്നും മലകയറ്റം ആരംഭിക്കുന്നത്.
ത്യാഗപൂർണവും ഭക്തിനിർഭരവുമായ തീർഥാടനത്തിൽ പങ്കെടുത്തു കൊണ്ട് പുണ്യവാളന്റെ പ്രത്യേക അനുഗ്രഹം തേടുവാനായി എല്ലാ വിശ്വാസികളെയും ക്രോഗ് പാട്രിക്ക് മലനിരകളിലേക്ക് സ്വാഗതം ചെയ്യുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ഡബ്ലിനിൽ നിന്നും ബസ് സൗകര്യം ഉണ്ടായിരിക്കും. ബസ് സീറ്റ് ബുക്ക് ചെയ്ത് തീർഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യൂണിറ്റ് പിതൃവേദി നേതൃത്വത്തെയോ/ട്രസ്റ്റിമാർ/പാരിഷ് കമ്മിറ്റി എന്നിവരെയോ ബന്ധപ്പെടണം.
കൂടുതൽ വിവരങ്ങൾക്ക്: സിബി സെബാസ്റ്റ്യൻ - 08944 88895, ജിത്തു മാത്യു - 08706 19820.