International
തങ്ങളുടെ ആണവപദ്ധതികൾ തികച്ചും സമാധാനപരമാണെന്നും ബുഷേർ പോലുള്ള ആണവോർജ പ്ലാന്റുകളിലേക്കുള്ള ഇന്ധന ആവശ്യത്തിനായാണു യുറേനിയം സന്പുഷ്ടീകരണമെന്നുമാണ് ഇറാൻ ആവർത്തിക്കുന്നത്.
എന്നാൽ, ഈ വാദം ശരിയല്ലെന്നാണ് അമേരിക്കയും ഇസ്രയേലും അന്താരാഷ്ട്ര ആണവോര്ജ ഏജന്സിയുമൊക്കെ പറയുന്നത്. ഇറാന്റെ ആണവ പദ്ധതി ഇസ്രയേലിനെ ലക്ഷ്യം വച്ചുള്ളതാണെന്നാണ് ഇസ്രയേലും അവരുടെ ചാരസംഘടനയായ മൊസാദും വ്യക്തമാക്കുന്നത്.
ഈ ആരോപണം ഏറെക്കുറെ ശരിവയ്ക്കുന്നതാണ് ഇസ്രയേലിനെ ഇല്ലാതാക്കുമെന്ന ഇറേനിയൻ പരമോന്നത നേതാവ് ഖമനയ്യുടെ പരസ്യനിലപാടും ഇസ്രയേലിനെ ലക്ഷ്യംവച്ച് പലസ്തീൻ ഭീകരസംഘടനയായ ഹമാസിനെയും ലബനനിലെ ഭീകരസംഘടനയായ ഹിസ്ബുള്ളയെയും യെമനിലെ വിമത സംഘടനയായ ഹൂതികളെയുമൊക്കെ ആയുധവും പരിശീലനവുമൊക്കെ നൽകി ഇറാൻ സഹായിക്കുന്നതും.
സമ്മർദങ്ങളെ അതിജീവിച്ച മുന്നേറ്റം
ഇസ്രയേലിന്റെയും യുഎസിന്റെയും ഓരോ ആക്രമണത്തിനുശേഷവും ഇറാന് ആണവായുധ നിര്മാണ ശ്രമങ്ങളില് കരുത്താർജിക്കുകയായിരുന്നു.
ജോർജ് ഡബ്ല്യു ബുഷിന്റെ ഭരണകാലം തൊട്ടിങ്ങോട്ട് നതാന്സ് ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിലെ ആയിരക്കണക്കിന് സെൻട്രിഫ്യൂജുകള് ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഇസ്രയേലും യുഎസും നിരവധി ആക്രമണശ്രമങ്ങളാണു ഇറാനിൽ നടത്തിയത്.
ഇതിനുശേഷം, സെൻട്രിഫ്യൂജുകൾക്ക് ആവശ്യമായ നിർണായക ഘടകങ്ങള് നിർമിക്കുന്ന കെട്ടിടങ്ങൾ ഇസ്രയേൽ തകർക്കുകയും ആണവായുധ നിർമാണത്തിലെ ബുദ്ധികേന്ദ്രങ്ങളായ ശാസ്ത്രജ്ഞരെ അതീവരഹസ്യമായി സ്ഫോടനത്തിലൂടെയും മറ്റും വധിക്കാൻ തുടങ്ങുകയും ചെയ്തു.
എന്നാൽ, അവപോലും ഇറാന് താത്കാലിക തിരിച്ചടികള് മാത്രമേ നല്കിയുള്ളൂ. 15 വര്ഷം മുമ്പ് മാല്വെയര് ഉപയോഗിച്ച് സെൻട്രിഫ്യൂജുകളില് ഇസ്രയേല് നടത്തിയ സമർഥമായ സൈബര് ആക്രമണം പോലും ഇറാന്റെ ആണവ പദ്ധതികള് ഒന്നോ രണ്ടോ വർഷത്തേക്കു മാത്രമേ മന്ദീഭവിപ്പിച്ചുള്ളൂ.
കഴിഞ്ഞ 13ന് നടത്തിയ ആക്രമണത്തിൽ ഇറേനിയൻ ആണവകേന്ദ്രങ്ങളാണു ഇസ്രയേൽ പ്രധാനമായും ലക്ഷ്യമിട്ടതെങ്കിലും ഇവിടങ്ങളിൽ കാര്യമായ നാശമുണ്ടാക്കാനായിരുന്നില്ല. എന്നാൽ, രാജ്യത്തെ പ്രധാനപ്പെട്ട ഒന്പത് ആണവ ശാസ്ത്രജ്ഞരെ വധിച്ചു. മുതിര്ന്ന ഇറേനിയൻ ആണവ ഗവേഷകരെ ഇല്ലായ്മ ചെയ്യാനായത് വലിയ നേട്ടമായാണു ഇസ്രയേൽ കണ്ടത്.
International
അമേരിക്കൻ വ്യോമസേനയുടെ ബി-2 സ്പിരിറ്റ് എന്ന ബോംബർ വിമാനമാണ് ആക്രമണത്തിനു നേതൃത്വം നല്കിയത്. അമേരിക്കയിൽനിന്ന് പറന്ന വിമാനം ഇറാനിൽ ബോംബിട്ടു മടങ്ങുകയായിരുന്നു.
ജിബിയു-57 മാസീവ് ഓർഡനൻസ് പെനട്രേറ്റേഴ്സ് എന്നറിയിപ്പെടുന്ന പടുകൂറ്റൻ ബങ്കർ നശീകരണ ബോംബാണ് ഫോർഡോയിൽ ഇട്ടത്. 13,600 കിലോഗ്രാം ഭാരമുള്ള ഈ ബോംബിന് എത്ര കട്ടിയേറിയ കോൺക്രീറ്റ് പ്രതിബന്ധവും തുളച്ച് നാശം വിതയ്ക്കാനാകും. ബി-2 സ്പിരിറ്റ് വിമാനത്തിനു മാത്രമാണ് ഈ ബോംബുകളുമായി പറക്കാൻ ശേഷിയുള്ളത്. ഇത്തരം ആറു ബോംബുകൾ ഫോർഡോയിൽ പ്രയോഗിച്ചെന്നാണ് റിപ്പോർട്ട്.
ഇസ്ഫഹാൻ, നതാൻസ് ആണവ പ്ലാന്റുകൾക്ക് നേർക്ക് അമേരിക്കയുടെ ടോമഹ്വാക് ക്രൂസ് മിസൈലുകളാണ് പ്രയോഗിച്ചത്. അന്തർവാഹിനികളിൽനിന്ന് 30 ടോമഹ്വാക്കുകൾ തൊടുത്തുവെന്നാണ് റിപ്പോർട്ട്.
International
റ്റി.സി. മാത്യു
രണ്ടാം ലോകയുദ്ധം അവസാനിച്ചിട്ട് 80 വർഷമാകുന്നു. അതിനു ശേഷം അനവധി തവണ മൂന്നാം ലോകയുദ്ധം തുടങ്ങി, തുടങ്ങുന്നു, തുടങ്ങും എന്നെല്ലാമുള്ള മുന്നറിയിപ്പുകൾ ഉയർന്നിട്ടുണ്ട്. കൊറിയൻ യുദ്ധം മുതൽ ഇപ്പോൾ ഇസ്രയേൽ- ഇറാൻ- അമേരിക്ക യുദ്ധം വരെ. ഭാഗ്യവശാൽ മൂന്നാം ലോകയുദ്ധം ഇതുവരെയും തുടങ്ങിയില്ല.
ഇറാനെ അമേരിക്ക ആക്രമിച്ചാൽ കാര്യങ്ങൾ വലുതാകും, പിടിവിട്ടുപോകും, മറ്റു വൻശക്തികൾ നോക്കിനിൽക്കില്ല എന്നാണ് ഒട്ടേറെപ്പേർ കരുതിയത്. ഇറാനിൽ അമേരിക്ക പന്ത്രണ്ടു പാറതുരപ്പൻ ബോംബുകൾ (ജിബിയു -57 ബങ്കർ ബസ്റ്റർ) വർഷിച്ച് 12 മണിക്കൂർ കഴിഞ്ഞപ്പോൾ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മോസ്കോയിലേക്കു പോകുന്നതായി പ്രഖ്യാപിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്തുകയാണു ലക്ഷ്യം. അരാഗ്ചി എത്തും മുൻപേ പുടിനുമായി ടെലിഫാേൺ സംഭാഷണത്തിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്.
റഷ്യയുടേതു പ്രസ്താവന മാത്രം
ഇറാന്റെ അണുബോംബ് നിർമാണ പരിപാടി മുന്നോട്ടു പോകുകതന്നെ ചെയ്യുമെന്നും വേണ്ടിവന്നാൽ ഇറാന് അണ്വായുധങ്ങൾ നൽകാൻ പല രാജ്യങ്ങളും തയാറാകുമെന്നും പുടിന്റെ വിശ്വസ്തനും മുൻ പ്രസിഡന്റുമായ ദിമിത്രി മെഡ്വെഡെവ് എക്സിൽ കുറിച്ചശേഷമാണ് അരാഗ്ചി യാത്രാപരിപാടി പ്രഖ്യാപിച്ചത്. റഷ്യൻ രാജ്യരക്ഷാ സമിതിയുടെ ഡെപ്യൂട്ടി ചെയർമാനാണ് മെഡ്വെഡെവ്. അദ്ദേഹം പറയുന്നതുപോലെ നടക്കും എന്നു കരുതുന്നവരും ഉണ്ട്.
എന്നാൽ ഇസ്രയേൽ ആക്രമിച്ചപ്പോൾ മുതൽ ഇറാനോടു സഹതാപം പ്രകടിപ്പിച്ചു നടത്തിയ പ്രസ്താവനകളെയും ഇസ്രയേലിനെതിരായ വിമർശനങ്ങളെയും കണ്ടതുപോലെ മാത്രം മെഡ്വെഡെവിന്റെ പ്രസ്താവനയെയും കണ്ടാൽ മതി എന്നതാണ് വസ്തുത. അമേരിക്കയ്ക്ക് എതിരേ ഒരു യുദ്ധമുഖം തുറക്കാൻ തക്ക അവസ്ഥയിലല്ല റഷ്യ ഇന്ന്. അമേരിക്കയെ പ്രകോപിപ്പിക്കുന്ന നടപടി യുക്രെയ്നിൽ ഇതുവരെ നേടിയതും ഇനി നേടാനിരിക്കുന്നതും നഷ്ടപ്പെടുത്തും എന്നും പുടിന് അറിയാം. അതനുസരിച്ചുള്ള നീക്കങ്ങളേ മോസ്കോയിൽ നിന്ന് ഉണ്ടാകൂ.
ചൈന ചെയ്യുന്നത്
ഇറാനെ പശ്ചിമേഷ്യയിലെ ഉറ്റമിത്രവും തങ്ങളുടെ ഉറപ്പായ ഇന്ധനസ്രോതസും ഒക്കെയായി നിർത്താൻ ശതകോടിക്കണക്കിനു ഡോളർ മുടക്കിയ വൻശക്തിയാണു ചൈന. പക്ഷേ ഇസ്രയേലിനെതിരേയോ അമേരിക്കയ്ക്ക് എതിരെയോ എന്തെങ്കിലും ചെയ്യാൻ അവർ മുതിരില്ല. തങ്ങളുടെ പരിസരത്തല്ലാതെ അകലെപ്പോയി എന്തെങ്കിലും ശക്തിപ്രകടനം ചൈനയുടെ നയത്തിൽ ഇല്ല. ഇറാനുവേണ്ടി ശബ്ദമുയർത്തുന്നതിനപ്പുറം ഷി ചിൻ പിംഗിന്റെ ചൈന ഒന്നും ചെയ്യുകയില്ല എന്നു വ്യക്തം.
മറ്റു വൻശക്തികൾ ഇറാനുവേണ്ടി ശബദമുയർത്തുന്നതല്ലാതെ ഒന്നും ചെയ്യില്ല എന്ന വിലയിരുത്തൽ ട്രംപിനും ഉണ്ടായിരുന്നിരിക്കും. അല്ലെങ്കിൽ ഈ യുദ്ധത്തിലേക്കു കടന്നു ചെല്ലാൻ അദ്ദേഹം മുതിരുമായിരുന്നില്ല. റിപ്പബ്ലിക്കൻ പാർട്ടിയിലെ വലിയൊരു വിഭാഗം പശ്ചിമേഷ്യയിലെ സങ്കീർണമായ യുദ്ധത്തിലേക്ക് കടന്നുകയറരുത് എന്ന നിലപാടിലായിരുന്നു. അഫ്ഗാനിസ്ഥാൻ, ഇറാക്ക്, ലിബിയ എന്നിവിടങ്ങളിലെ യുഎസ് പങ്കാളിത്തത്തിന്റെ കയ്പേറിയ അനുഭവം അവരുടെ നിലപാടിനെ സാധൂകരിച്ചു. അവരെ അനുനയിപ്പിച്ചു കൂടെ നിർത്താൻ ട്രംപ് ഏറെ പണിപ്പെട്ടിട്ടുണ്ട്. ഇതു നീണ്ടുനിൽക്കുന്ന ഒരു യുദ്ധത്തിന്റെ തുടക്കമാകില്ല എന്നു കരുതാൻ തക്ക ന്യായങ്ങൾ അദ്ദേഹവും കണ്ടെത്തിക്കാണും.
ആണവലക്ഷ്യങ്ങൾ നേടുമോ?
എന്നാൽ ഒരു യുദ്ധവും തുടങ്ങുന്നതു നീണ്ട പോരാട്ടം മുന്നിൽ കണ്ടല്ല. എളുപ്പം ശത്രുക്കളെ തുരത്തി കാര്യം സാധിച്ചു മടങ്ങാനാണ് എല്ലാവരും യുദ്ധം തുടങ്ങുന്നത്. ദൗർഭാഗ്യകരം എന്നു പറയട്ടെ യുദ്ധങ്ങൾ നീളും.
നീണ്ടുനിൽക്കുന്ന ഒരു യുദ്ധത്തിലേക്ക് വീഴാതിരിക്കണമെങ്കിൽ ഇസ്രയേലിന്റെയും അമേരിക്കയുടെയും അടിയന്തര ലക്ഷ്യങ്ങൾ വേഗം നേടിയെടുക്കണം. അത് ഇറാന്റെ അണ്വായുധ നിർമാണശേഷി ഇല്ലാതാക്കുന്നതും ഇറാനിൽ ഭരണമാറ്റം ഉണ്ടാക്കുന്നതുമാണ്. രണ്ടും അത്ര പെട്ടെന്നു സാധിക്കാവുന്നതല്ല.
ഇറാന്റെ അണുബോംബ് നിർമാണയജ്ഞം അന്തിമഘട്ടത്തിൽ എത്തിയിരിക്കുന്നു എന്നു പറഞ്ഞാണ് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു 13ന് ആക്രമണം തുടങ്ങിയത്. നതാൻസിലും ഫോർഡോയിലും ഇസ്ഫഹാനിലും ഉള്ള ആണവ ഗവേഷണ കേന്ദ്രങ്ങളും യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റുകളും അണുബോംബിനു വേണ്ട നിലയിലേക്ക് സമ്പുഷ്ടീകരണം നടത്തുന്നവയാണ്. നതാൻസിൽ യുറേനിയം 65 ശതമാനം വരെയും ഫോർഡോയിൽ 90 ശതമാനം വരെയും സമ്പുഷ്ടീകരിക്കാം എന്നാണു റിപ്പോർട്ടുകൾ. വൈദ്യുത നിലയങ്ങൾക്ക് അഞ്ചു ശതമാനം സമ്പുഷ്ടീകരണം മതി. നതാൻസിലെ നിലയത്തിന്റെ ഭൂമിക്കു മുകളിലും ഭൂഗർഭത്തിലുമുള്ള സംവിധാനങ്ങൾ തകർത്തു എന്നാണ് ഇസ്രയേൽ പറയുന്നത്. ഇസ്ഫഹാനിലും ഗണ്യമായ നാശം വരുത്തി. ഇസ്രയേലിനു പറ്റാത്തത് അമേരിക്ക തകർത്തു കാണും.
ബൂഷേറിലെ ഹെവി വാട്ടർ റിയാക്ടർ കോംപ്ലക്സിലും സമ്പുഷ്ടീകരണം നടക്കുന്നതായി കരുതപ്പെടുന്നു. മറ്റൊരു രഹസ്യകേന്ദ്രംകൂടി സമ്പുഷ്ടീകരണത്തിന് ഉപയോഗിക്കാൻ തയാറാക്കുന്നതായി റിപ്പോർട്ടുണ്ട്. അത് ഖൊണ്ടാപിനടുത്ത് അറാകിലുള്ള ഹെവി വാട്ടർ കോംപ്ലക്സ് ആണെന്നു കരുതപ്പെടുന്നു. കഴിഞ്ഞ ദിവസം അതും ഇസ്രേലി ആക്രമണത്തിനിരയായി.
300 അടിയോളം പാറയ്ക്കു താഴെ പണിതിരിക്കുന്ന ഫോർഡോ നിലയം ഇസ്രേലി ആക്രമണത്തിനു വഴങ്ങിയിട്ടില്ല. ബങ്കർ ബസ്റ്റർ എന്നു വിളിക്കുന്ന ജിബിയു 7 അഥവാ മാസീവ് ഓർഡനൻസ് പെനട്രേറ്റർ ബോംബ് വേണം അതിന്. 13.6 ടൺ ഭാരമുള്ള ഇതു പ്രയോഗിക്കാൻ ബി-2 ബോംബർ വിമാനം വേണം. രണ്ടും അമേരിക്കയ്ക്കു മാത്രമേ ഉള്ളൂ. അതാണ് ഇന്നലെ പ്രയോഗിച്ചത്.
അറിവിനെ ഇല്ലാതാക്കാമോ?
ഫോർഡോ തകർത്താലും ഇറാൻ അണ്വായുധ പരിപാടി ഉപേക്ഷിക്കും എന്നു കരുതാൻ നിർവാഹമില്ല. ഇതുവരെ സമ്പുഷ്ടീകരിച്ച യുറേനിയം തങ്ങൾ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റി എന്ന് ഇറാൻ ഒരാഴ്ചയായി അവകാശപ്പെടുന്നുണ്ട്. അതു ശരിയാകാനാണു സാധ്യത. ഈ രഹസ്യ കേന്ദ്രം ഇറാനിലാണോ റഷ്യയിലോ ചൈനയിലോ ആണോ എന്നതു മാത്രമേ അറിയാനുള്ളൂ. അത് ഇറാനെ അപകടകാരിയായി നിലനിർത്തും.
അതില്ലെങ്കിൽ തന്നെ ബോംബ് ഉണ്ടാക്കാൻ വേണ്ട ശാസ്ത്ര സാങ്കേതികജ്ഞാനം ഇറാൻ നേടിയിട്ടുണ്ട്. ആ അറിവിനെ ഇല്ലാതാക്കാൻ പറ്റില്ലല്ലോ. ശാസ്ത്രജ്ഞരുടെ മരണവും പ്ലാന്റുകളുടെ തകർച്ചയും ഇനിയൊരു ബോംബ് നിർമാണ പദ്ധതിയെ കുറേ വൈകിക്കും എന്നു മാത്രമേയുള്ളൂ എന്നു ചുരുക്കം.
ചരിത്രം പറയുന്നത്
നെതന്യാഹുവും മറ്റും നശീകരണംകൊണ്ടു ഫലമുണ്ടാകും എന്നു കരുതുന്നു. അതു ഭദ്രമാക്കാനാണ് ഭരണമാറ്റത്തിനായി ശ്രമിക്കുന്നത്. 95 ശതമാനവും ഷിയാ മുസ്ലിംകൾ ആയ ഒൻപതു കോടിയിൽപരം ജനങ്ങളുള്ള ഇറാനിൽ ബോംബ് വേണ്ടെന്നു പറഞ്ഞ് ഭരണം നടത്താൻ ആർക്കെങ്കിലും പറ്റുമോ എന്നതു വേറൊരു വലിയ ചോദ്യമാണ്. കൈയിൽ എത്തുമായിരുന്ന അണ്വായുധം തട്ടിക്കളഞ്ഞ ഇസ്രയേലിന്റെയും അമേരിക്കയുടെയും കൂടെ നിൽക്കുന്ന ഒരു ഭരണകൂടത്തിന് എന്തു സ്വീകാര്യത ലഭിക്കും എന്നതു കണ്ടറിയണം.
മതാധികാരികളെ മാറ്റി പകരം ആരെ കൊണ്ടുവന്നാലും അമേരിക്കൻ പാദസേവക്കാരായേ ഇറാൻ ജനത കാണൂ. 1953ൽ മുഹമ്മദ് മൂസാദേയുടെ ജനകീയ ഭരണകൂടത്തെ അട്ടിമറിച്ചു പഹ്ലവി രാജവംശത്തെ പുനഃപ്രതിഷഠിച്ച അമേരിക്കൻ-ബ്രിട്ടീഷ് നടപടി ഇറാൻ ജനത മറന്നിട്ടില്ല. ലിബിയയും ലബനനും ഇറാക്കുംപോലെ അരാജകത്വത്തിലേക്ക് ഇറാനും വഴുതിവീഴുമോ എന്ന ചോദ്യം പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. ചരിത്രം ആവർത്തിക്കുന്നത് ആദ്യം പ്രഹസനമായും പിന്നീട് ദുരന്തമായും ആണെന്നു പറഞ്ഞതു കാൾ മാർക്സാണ്. ഇറാനിൽ ചിത്രം എങ്ങനെയാണ് ആവർത്തിക്കുക?
ഓഹരി ഇടിയും; എണ്ണയും സ്വർണവും കുതിക്കും
ഇസ്രയേൽ- ഇറാൻ യുദ്ധം വിപുലമായി. അമേരിക്ക അതിൽ പങ്കാളിയായി. ഇനി സാമ്പത്തികരംഗത്ത് എന്തു സംഭവിക്കും?
ഇന്നു വിപണികൾ തുറക്കുമ്പോൾ ഓഹരികൾ ഇടിയുകയും ക്രൂഡ് ഓയിൽ വില കുതിക്കുകയും ചെയ്യും എന്നു വ്യക്തം. ഓഹരിവിപണി കഴിഞ്ഞയാഴ്ച നേടിയ മുന്നേറ്റം മുഴുവൻ നഷ്ടപ്പെടുത്താവുന്ന ഇടിവ് ഉറപ്പാണ്. ക്രൂഡ് ഓയിൽ വിലയുടെ ഗതിയാകും ഓഹരികളുടെ ഗതിയെ സ്വാധീനിക്കുക.
ക്രൂഡ് ഓയിൽ വില കഴിഞ്ഞ ദിവസം ബാരലിന് 78.85 ഡോളർ വരെ ഉയർന്നിരുന്നു. ഇന്ന് അതു 90 ഡോളറിനു മുകളിൽ എത്താം.
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണടാങ്കർ നീക്കം ഇറാൻ തടയുമെന്നു പലരും കരുതുന്നുണ്ട്. പക്ഷേ, അതുവഴി ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ കൊണ്ടുപോകുന്നത് ഇറാന്റെ മിത്ര രാജ്യമായ ചൈനയാണ്. മാത്രമല്ല, ജലപാത അടയ്ക്കൽ അത്ര എളുപ്പമല്ലെന്ന് കഴിഞ്ഞ രണ്ടു വ്യാഴവട്ടക്കാലത്തിനിടെ രണ്ടു മൂന്നു തവണ അതിനു ശ്രമിച്ച ഇറാന് അറിയുകയും ചെയ്യാം. ജലപാത തടയുന്നില്ലെങ്കിൽ എണ്ണവിലയിലെ വർധന പെട്ടെന്നു തന്നെ പിന്നോട്ടു വരും. അല്ലെങ്കിൽ പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലേക്കും യുദ്ധം പടരണം. അതിനു സാധ്യത കുറവാണ്.
യുദ്ധം വലുതായത് സ്വാഭാവികമായി സ്വർണവില കയറ്റും. വെള്ളിയാഴ്ച ഔൺസിന് 3380 ഡോളറിനടുത്തു ക്ലോസ് ചെയ്ത സ്വർണം ഇന്നു രണ്ടു മുതൽ മൂന്നുവരെ ശതമാനം ഉയരും എന്നാണു വിപണിയിലെ നിഗമനം. 3500 ഡോളറിനു മുകളിൽ സ്വർണമെത്തും എന്നാണ് ഇന്നലെ വൈകുന്നേരത്തെ അവധി വ്യാപാരങ്ങൾ കാണിക്കുന്നത്.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം ഉയരുമ്പോൾ ഡോളറും സ്വിസ് ഫ്രാങ്കും പുതിയ ഉയരങ്ങളിൽ എത്താം. രൂപ-ഡോളർ വിനിമയ നിരക്ക് ഡോളറിന് 88 രൂപയ്ക്കു മുകളിലേക്കു കയറാനുള്ള സാധ്യത വളരെയേറെയാണ്.
Editorial
പർവതനിരകൾ തുരന്നുണ്ടാക്കിയ ഇറാന്റെ ആണവകേന്ദ്രങ്ങളിൽ അമേരിക്കയുടെ ബോംബുകൾ തുരന്നുകയറി. അമേരിക്കയും പങ്കെടുത്തതോടെ ഇറാൻ-ഇസ്രയേൽ യുദ്ധത്തിന്റെ ഗതി മാറിയിരിക്കുകയാണ്. രണ്ടഭിപ്രായമുണ്ട്; സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഇറാനിൽ അതിക്രമിച്ച് ആക്രമണങ്ങൾ നടത്തിയ ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരേയാണ് ഒരു പക്ഷം. അതേസമയം, പാക്കിസ്ഥാനെപ്പോലെ, അഫ്ഗാനിസ്ഥാനെപ്പോലെ, തുർക്കിയെപ്പോലെ...
സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കെതിരേ ആഗോള ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങളെക്കൊണ്ടു നിഴൽയുദ്ധം നടത്തിക്കുന്ന ഇറാൻ ആണവശക്തിയാകുന്നത് ജനാധിപത്യത്തിനു ഭീഷണിയാണെന്ന് കരുതുന്നവരുമുണ്ട്. യുദ്ധത്തെയും സമാധാനത്തെയും രാജ്യങ്ങളുടെ പരമാധികാരത്തെയുംകുറിച്ചുള്ള മിക്ക ചർച്ചകളിലും ഇസ്ലാമിക തീവ്രവാദം മുഖ്യ അജൻഡയാകുന്നത് മുന്നറിയിപ്പാണ്. യുദ്ധം വേണ്ടെന്നും തീവ്രവാദം വേണമെന്നും ഒരേ സ്വരത്തിൽ പറയരുത്.
ഇന്നലെ പുലർച്ചെയാണ്, അമേരിക്കൻ വ്യോമസേന ബി-2 ബോംബർ വിമാനങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്. ഫോർഡോ, നതാൻസ്, ഇസ്ഹാൻ എന്നീ ആണവകേന്ദ്രങ്ങൾ തകർത്തെന്ന് അമേരിക്ക അവകാശപ്പെട്ടെങ്കിലും പൂർണമായും തകർന്നോയെന്നതിൽ കൃത്യമായ വിവരം വരേണ്ടതുണ്ട്.
ഇറാനിലേക്ക് അമേരിക്കൻ ബോംബർ വിമാനങ്ങൾ പുറപ്പെട്ടത് ഇന്നലെ ദീപികയുടെ പ്രധാന വാർത്തയായിരുന്നു. അണ്വായുധം വഹിക്കാൻ ശേഷിയുള്ള രണ്ടു ബി-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ, ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാവുന്ന എട്ട് കെസി 135 വിമാനങ്ങളുടെ അകന്പടിയോടെ മിസൗറിയിലെ വൈറ്റ്മാൻ എയർഫോഴ്സ് ബേസിൽനിന്ന് ശനിയാഴ്ച രാവിലെ പുറപ്പെട്ടെന്നായിരുന്നു റിപ്പോർട്ട്.
മലയാളികൾ അതു വായിക്കുന്പോഴേക്കും അമേരിക്ക ദൗത്യം പൂർത്തിയാക്കിയിരുന്നു. വിമാനങ്ങൾ തിരിച്ചെത്തിയെന്നാണ് ട്രംപ് അറിയിച്ചത്. “പശ്ചിമേഷ്യയിലെ ഹിറ്റ്ലർ’’ എന്ന് 2017ലും 2018ലും സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ വിശേഷിപ്പിച്ച ആയത്തുള്ള അലി ഖമനയ് ഒളിത്താവളത്തിലാണ്. ഇസ്രയേലിന് സൈനിക സഹായം നൽകുന്ന ഏതൊരു രാജ്യത്തെയും ലക്ഷ്യമിടുമെന്ന് ഇറാൻ ആവർത്തിച്ചിട്ടുണ്ട്.
ഇസ്രയേലിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുന്നുമുണ്ട്. അമേരിക്കൻ സൈനികതാവളങ്ങളിൽ ഇറാൻ തിരിച്ചടി നടത്തുകയോ ഹോർമുസ് കടലിടുക്ക് അടച്ച് ലോകവ്യാപാരത്തിന്റെ കടൽമാർഗം തടയുകയോ ചെയ്തേക്കുമെന്ന് നിരീക്ഷകർ പറയുന്നു. ഇറാന് സമാധാനമോ ദുരന്തമോ ഏതെങ്കിലും ഒന്നു മാത്രമേ തെരഞ്ഞെടുക്കാനാകൂ എന്നാണ് അമേരിക്കയുടെ ഭീഷണി.
ഇറാൻ സമാധാന ചർച്ചകൾക്ക് വഴങ്ങുമോ അമേരിക്കയുടെ സൈനിക താവളങ്ങൾ ആക്രമിക്കുമോ എന്നതാണ് ലോകത്തിന്റെ ഉദ്വേഗം. പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലായി അമേരിക്കയ്ക്ക് 19 സൈനികതാവളങ്ങളുണ്ട്. അത്യാധുനിക ആയുധങ്ങള്ക്കു പുറമെ 45,000 സൈനികരുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബഹ്റൈന്, ഈജിപ്ത്, ഇറാഖ്, ജോര്ദാന്, കുവൈത്ത്, ഖത്തര്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ എട്ടെണ്ണം സ്ഥിരം താവളങ്ങളാണ്.
അമേരിക്കൻ നാവികസേനയുടെ അഞ്ചാം ഫ്ളീറ്റിന്റെ ആസ്ഥാനം ബഹ്റൈനിലായതിനാൽ അവർ അതീവ ജാഗ്രതയിലാണ്. അമേരിക്ക ഈ ഇടപെടലിലൂടെ ലോകത്തെ കൂടുതൽ സുരക്ഷിതമാക്കിയെന്നും ഭൂമിയിൽ മറ്റാർക്കും ചെയ്യാൻ കഴിയാത്തതാണ് അമേരിക്ക ചെയ്തതെന്നും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചു.
അമേരിക്കയ്ക്കെതിരേ രൂക്ഷമായ പ്രതികരണം നടത്തിയത് തുർക്കി പ്രസിഡന്റ് രജബ് തയിബ് എർദോഗനാണ്. എല്ലാം തുടങ്ങിയത് ഇസ്രയേലാണെന്നും നെതന്യാഹുവും ഹിറ്റ്ലറും ഒരേ പാതയാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം ഇസ്താംബൂളിൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു.
2023 ഓക്ടോബർ ഏഴിന് ഹമാസ് ഇസ്രയേൽ-വിദേശ പൗരന്മാരെ കൊന്നൊടുക്കുകയും ബന്ദികളാക്കുകയും ചെയ്തപ്പോൾ പ്രതികരണമില്ലായിരുന്നു. അതിനടുത്ത മാസങ്ങളിൽ 1.25 ലക്ഷം അർമേനിയൻ ക്രിസ്ത്യാനികളെ നാടു കടത്താനും അവരുടെ മാതൃദേശമായ നഗാർണോ-കരാബാക്ക് കയ്യടക്കാനും അസർബൈജാന് എല്ലാ സഹായവും ചെയ്തുകൊടുത്ത “വംശീയപ്രേമി’’യാണ് എർദോഗൻ.
1915-18ൽ 15 ലക്ഷം അർമേനിയൻ ക്രിസ്ത്യാനികളെ കൊന്നൊടുക്കിയ, പിന്നീട് ഹിറ്റ്ലർ പോലും മാതൃകയാക്കിയ വംശഹത്യയെ ന്യായീകരിച്ചതും ഇദ്ദേഹമാണ്. പഴയ ഓട്ടോമൻ സാമ്രാജ്യം പുനരുജ്ജീവിപ്പിക്കാൻ ഓടിനടക്കുന്ന ഇതേ എർദോഗനാണ് ഹാഗിയ സോഫിയ എന്ന കത്തീഡ്രൽ ഒരുളുപ്പുമില്ലാതെ മോസ്കാക്കിയത്.
പശ്ചിമേഷ്യയിലും ആഫ്രിക്കയിലും ഇസ്ലാമിക ഭീകരർ കഴുത്തറത്തും മതം മാറ്റിയും ആട്ടിയോടിച്ചും ക്രൈസ്തവരെ അവരുടെ ഈറ്റില്ലങ്ങളിൽ ഉന്മൂലനം ചെയ്യുന്നതൊന്നും കാണാത്ത എർദോഗന്റെ കുടിലബുദ്ധിയുള്ളവർ കേരളത്തിലുമുണ്ട്. ഹാഗിയ സോഫിയ പള്ളിയാണോ മസ്ജിദാണോയെന്ന് അവർക്കറിയില്ല.
പക്ഷേ, ബാബറി മസ്ജിദ് എന്താണെന്നു കൃത്യമായറിയാം. നൈജീരിയയിൽ തീവ്രവാദികൾ കൈകൾ പിന്നിലോട്ടു കെട്ടി അടുക്കിക്കിടത്തി വെടിവച്ചുകൊല്ലുന്ന ക്രിസ്ത്യാനികളുടെ പിടച്ചിൽ അവരുടെ മനസ് അലിയിക്കില്ല. ഇക്കൂട്ടരുടെ മനുഷ്യാവകാശങ്ങളും യുദ്ധവിരുദ്ധതയും അന്തർദേശീയ വാർത്തകളും മതം നോക്കിയാണ്.
ഇടയ്ക്കിടെ മതേതരത്വമെന്ന് ഉരുവിട്ട് പൊളിറ്റിക്കൽ ഇസ്ലാമിനു മതേതരത്വകീശയുള്ള ജനാധിപത്യക്കുപ്പായം തുന്നലാണ് പണി. യഹൂദരും ക്രിസ്ത്യാനികളും ഇല്ലാത്ത ലോകം സ്വപ്നം കാണുന്ന ഭീകരർ അവർക്കു വംശീയവാദികളല്ല; തെമ്മാടികളുമല്ല. പക്ഷേ, തീവ്രവാദത്തിന്റെ ഇരകൾക്ക് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തുർക്കിയും ഇറാനും സിറിയയുമൊക്കെ വംശവെറിയന്മാരായ തെമ്മാടികളാണെന്നു മറക്കേണ്ട.
യുദ്ധം പങ്കെടുക്കുന്നവരുടെ യാഥാർഥ്യമാണ്. പക്ഷേ, സമാധാനം എല്ലാവരുടെയും ആവശ്യമാണെന്നു കരുതി പങ്കെടുക്കുന്നവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കേണ്ടതുണ്ട്. ചർച്ചകളുടെ അജണ്ടയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇസ്ലാമിക തീവ്രവാദം ആഗോള വിഷയം തന്നെയാണ്. അതുകൊണ്ട്, ഗാസയിൽ ഹമാസിനെയും ലെബനനിൽ ഹിസ്ബുള്ളയെയും യെമനിൽ ഹൂതികളെയും ഇറാക്കിൽ ഷിയ തീവ്രവാദികളെയും തീറ്റിപ്പോറ്റുന്ന ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർക്കപ്പെട്ടതിൽ തലതല്ലിക്കരയാനും പ്രതിഷേധിക്കാനും എല്ലാവർക്കും ബാധ്യതയില്ല.
ശരിയത്ത് നിയമം അനുവദിക്കാതിരുന്ന, ഒരു പരിധിവരെ മതേതരത്വം പാലിച്ചിരുന്ന സദ്ദാം ഹുസൈനെ ആക്രമിച്ചതുപോലെയല്ല, മതഭ്രാന്തനും സ്ത്രീസ്വാതന്ത്ര്യത്തിന്റെ മുഖം മറയ്ക്കുകയും പൗരപ്രതിഷേധങ്ങളെ അടിച്ചമർത്തുകയും തീവ്രവാദ പ്രസ്ഥാനങ്ങളെ വളർത്തി മേഖലയിൽ അരാജകത്വം വളർത്തുകയും ചെയ്യുന്ന, സൗദി രാജകുമാരൻ നവ ഹിറ്റ്ലർ എന്നു വിശേഷിപ്പിച്ച ഖമനയ്.
നമുക്കു യുദ്ധങ്ങൾ വേണ്ട. ഇസ്ലാമിക തീവ്രവാദമൊഴുക്കുന്ന വംശഹത്യകളും വേണ്ട. രണ്ടാമത്തേത് ആകാമെന്നു പറയുന്ന കറുത്ത രാഷ്ട്രീയത്തിന്റെ കള്ളനാണയങ്ങൾ ആരും കൈമാറരുത്; പശ്ചിമേഷ്യയിലായാലും കേരളത്തിലായാലും.
International
ടെഹ്റാൻ: ഇറാൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ച യുഎസ് നടപടിക്കെതിരേ രൂക്ഷവിമർശനവുമായി യുഎൻ. നിലവിൽ സംഘർഷഭരിതമായ മേഖലയെ കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്നതാണ് യുഎസ് ആക്രമണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു.
കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കുകയല്ല ചെയ്യേണ്ടത്. ഒന്നിനും സൈനിക നടപടി പരിഹാരമല്ല. മുന്നോട്ടേക്കുള്ള ഏക മാർഗം നയതന്ത്രമാണ്. ഏക പ്രതീക്ഷ സമാധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സംഘർഷം നിയന്ത്രണം വിട്ടുപോകാനുള്ള സാധ്യത വർധിച്ചുവരികയാണ്. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. സാധാരണക്കാർക്കും മേഖലയ്ക്കും ലോകത്തിനും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഗുട്ടെറസ് മുന്നറിയിപ്പ് നൽകി.
അതേസമയം, വിവിധ ലോകരാജ്യങ്ങളും യുഎസ് നടപടിയെ വിമർശിച്ച് രംഗത്തെത്തി. ക്യൂബ, ചിലി, മെക്സിക്കോ, വെനസ്വേല എന്നീ രാജ്യങ്ങളാണ് അപലപിച്ചത്. കൂടാതെ, സംഘർഷം അവസാനിപ്പിക്കാനും, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ന്യൂസിലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടു.
ഇസ്രയേല്- ഇറാന് സംഘര്ഷത്തിന്റെ പത്താം ദിവസമാണ് ഇറാന്റെ ആണവകേന്ദ്രങ്ങളായ ഫോര്ഡോ, നതാന്സ്, ഇസ്ഫഹാന് എന്നിവിടങ്ങളിൽ യുഎസ് ആക്രമണം നടത്തിയത്. മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചെന്നും ഫോർദോ തകർത്തെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാൻ ചർച്ചകൾക്ക് വഴങ്ങണമെന്നും സമാധാനം അല്ലെങ്കിൽ ദുരന്തം എന്ന മുന്നറിയിപ്പും ട്രംപ് ഇറാന് നൽകി.
International
ടെഹ്റാൻ: ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ പ്രതികരണവുമായി ഇറാൻ. ആക്രമണത്തിൽ ഇറാനിലെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ ഫോർദോയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ക്വാം നഗരത്തിലെ ജനപ്രതിനിധിയായ മനൻ റൈസി അറിയിച്ചു.
ഭൂഗർഭ ആണവകേന്ദ്രത്തിൽ കേടുപാടുകൾ സംഭവിച്ചത് ഉപരിതലത്തിലായിരുന്നുവെന്നും അത് പുനഃസ്ഥാപിക്കാൻ കഴിയുമെന്നും മനൻ റൈസി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയേല്- ഇറാന് സംഘര്ഷത്തിന്റെ പത്താം ദിവസമാണ് ഇറാന്റെ ആണവകേന്ദ്രങ്ങളായ ഫോര്ഡോ, നതാന്സ്, ഇസ്ഫഹാന് എന്നിവിടങ്ങളിൽ യുഎസ് ആക്രമണം നടത്തിയത്. മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചെന്നും ഫോർദോ തകർത്തെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാൻ ചർച്ചകൾക്ക് വഴങ്ങണമെന്നും സമാധാനം അല്ലെങ്കിൽ ദുരന്തം എന്ന മുന്നറിയിപ്പും ട്രംപ് ഇറാന് നൽകി.
ഇറാനിലെ ഏറ്റവും രഹസ്യസ്വഭാവമുള്ളതും സുരക്ഷിതവുമായ ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ ഫോർദോ ഇറേനിയന് നഗരമായ ക്വോമിന് 32 കിലോമീറ്റര് അകലെയുള്ള ഫോര്ദോ ഗ്രാമത്തിലെ മലകള്ക്കടിയിലെ ഭൂഗര്ഭ അറയിലാണ് സ്ഥിതി ചെയ്യുന്നത്. അറ്റോമിക് എനര്ജി ഓര്ഗനൈസേഷന് ഓഫ് ഇറാന്റെ നിയന്ത്രണത്തിലുള്ള ഫോർദോ ഇസ്രയേലിന് അത്രയെളുപ്പം കടന്നാക്രമിക്കാന് കഴിയുന്നയിടമല്ലെന്ന് വിലയിരുത്തപ്പെടുന്ന കേന്ദ്രമാണ്.
International
വാഷിംഗ്ടൺ: ഇറാനിലെ ഫോർദോ ആണവകേന്ദ്രത്തിൽ യുഎസ് നടത്തിയ വ്യോമാക്രമണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. യുഎസിന്റെ കുന്തമുനയായ ആറ് ബി 2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളാണ് ഇറാന്റെ ആകാശത്ത് തീമഴ വർഷിച്ചത്.
ഭൂമിക്കടിയിലേക്ക് തുളച്ചിറങ്ങി നാശം വിതയ്ക്കുന്ന 12 ബങ്കർ ബസ്റ്റർ ബോംബുകൾ ഈ യുദ്ധവിമാനങ്ങൾ ഫോർദോ ആണവായുധ ശാലയ്ക്കു മേൽ വർഷിച്ചെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ഇതിന് പുറമെ നഥാൻസ് ആണവ കേന്ദ്രത്തിൽ ഒരു ബി 2 സ്റ്റെൽത്ത് ബോംബർ വിമാനം രണ്ട് ബങ്കർ ബസ്റ്റർ ബോംബുകൾ പ്രയോഗിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. GBU-57A/B മാസിവ് ഓർഡനൻസ് പെനട്രേറ്റർ (MOP) ബോംബായ ബങ്കർ ബസ്റ്ററിന് 30,000 പൗണ്ട് ഭാരമാണുള്ളത്.
അതേസമയം, നഥാൻസ്, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളിലേക്ക് യുഎസ് നേവിയുടെ അന്തർവാഹിനിയിൽ നിന്ന് 30 ക്രൂയിസ് മിസൈലുകൾ പ്രയോഗിച്ചുവെന്നും റിപ്പോർട്ടുണ്ട്.
ഇസ്രയേല്- ഇറാന് സംഘര്ഷത്തിന്റെ പത്താം ദിവസമാണ് ഇറാന്റെ ആണവകേന്ദ്രങ്ങളായ ഫോര്ഡോ, നതാന്സ്, ഇസ്ഫഹാന് എന്നിവിടങ്ങളിൽ യുഎസ് ആക്രമണം നടത്തിയത്. മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചെന്നും ഫോർദോ തകർത്തെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാൻ ചർച്ചകൾക്ക് വഴങ്ങണമെന്നും സമാധാനം അല്ലെങ്കിൽ ദുരന്തം എന്ന മുന്നറിയിപ്പും ട്രംപ് ഇറാന് നൽകി.
ഇറാനിലെ ഏറ്റവും രഹസ്യസ്വഭാവമുള്ളതും സുരക്ഷിതവുമായ ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ ഫോർദോ ഇറേനിയന് നഗരമായ ക്വോമിന് 32 കിലോമീറ്റര് അകലെയുള്ള ഫോര്ദോ ഗ്രാമത്തിലെ മലകള്ക്കടിയിലെ ഭൂഗര്ഭ അറയിലാണ് സ്ഥിതി ചെയ്യുന്നത്. അറ്റോമിക് എനര്ജി ഓര്ഗനൈസേഷന് ഓഫ് ഇറാന്റെ നിയന്ത്രണത്തിലുള്ള ഫോർദോ ഇസ്രയേലിന് അത്രയെളുപ്പം കടന്നാക്രമിക്കാന് കഴിയുന്നയിടമല്ലെന്ന് വിലയിരുത്തപ്പെടുന്ന കേന്ദ്രമാണ്.
International
ടെല് അവീവ്: ഇസ്രയേൽ- ഇറാൻ സംഘർഷം രൂക്ഷമായി തുടരവേ ഏറ്റുമുട്ടലിന്റെ പുതിയ വിവരങ്ങൾ പുറത്ത്. ഇന്നു പുലർച്ചെ ഇറാൻ നടത്തിയ വ്യോമാക്രമണ പരമ്പരയെ വിജയകരമായി തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. പുലര്ച്ചെ മൂന്നോടെ ചാവുകടലിനു മുകളിലൂടെയെത്തിയ ഇറാന്റെ മൂന്ന് ഡ്രോണുകളും തകര്ത്തതായി ഇസ്രയേല് സൈന്യം അറിയിച്ചു.
കൂടാതെ, ഇറാന്റെ മിസൈല് വിക്ഷേപണ പ്ലാറ്റ്ഫോം വ്യോമാക്രമണത്തിൽ തകർത്തെന്നും കമാന്ഡറെ കൊലപ്പെടുത്തിയെന്നും ഇസ്രയേല് സൈന്യം പറഞ്ഞു.
അതേസമയം, ഇസ്രയേല് നഗരമായ ബീര്ഷെബ ലക്ഷ്യമാക്കി ഇറാന് നടത്തിയ മിസൈല് ആക്രമണത്തിൽ കെട്ടിടങ്ങൾക്കും വാഹനങ്ങള്ക്കും നാശനഷ്ടം സംഭവിച്ചു. ഗാവ് യാം നെഗെവ് അഡ്വാന്സ്ഡ് ടെക്നോളജീസ് പാര്ക്കിലെ മൈക്രോസോഫ്റ്റ് ഓഫീസിനും കേടുപാടുകള് സംഭവിച്ചു.
ഇസ്രേലി സൈന്യത്തിന്റെ സി4ഐ ബ്രാഞ്ച് കാമ്പസിനോടു ചേര്ന്നാണ് ടെക് പാര്ക്ക് സ്ഥിതി ചെയ്യുന്നതെന്ന് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു. ആക്രമണത്തില് ഏഴ് പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. കേടുപാടുകളുണ്ടായതിനാല് ഇസ്രയേലിലെ മധ്യ റെയില്വേ സ്റ്റേഷന് താത്കാലികമായി അടച്ചിട്ടതായും റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു.
അതിനിടെ വടക്കന് ഇറാനിലെ ഒരു വ്യാവസായിക മേഖലയ്ക്ക് സമീപം ഇസ്രയേല് സ്ഫോടനം നടത്തിയതായി റിപ്പോര്ട്ടുണ്ട്. പ്രദേശത്തുനിന്ന് ആളുകളോട് ഒഴിഞ്ഞുപോവാന് നിര്ദേശം നല്കിയതിനു പിന്നാലെയായിരുന്നു ആക്രമണം.
International
ടെഹ്റാൻ: ഇസ്രയേലുമായുള്ള ഏറ്റുമുട്ടൽ ശക്തമായി തുടരുന്നതിനിടെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് ഇന്റലിജൻസ് വിഭാഗത്തിന്റെ പുതിയ മേധാവിയായി ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമിയെ നിയമിച്ച് ഇറാൻ.
ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയാണ് ഇക്കാര്യം പുറത്തു വിട്ടത്. കഴിഞ്ഞയാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് കസെമിക്ക് പകരമായാണ് മജീദ് ഖദാമിയെ നിയമിച്ചത്.
ഇസ്രയേലിന്റെ കടുത്ത ആക്രമണത്തിൽ ഇറാന്റെ നിരവധി ഐആർജിസി ഉന്നത ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.
International
ടെല് അവീവ്: ഇസ്രയേലിലെ ബീര്ഷെബയിലെ സൊറോക്ക ആശുപത്രിക്കു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ പ്രതിഷേധമറിയിച്ച് ഇസ്രയേൽ. ഇറാന്റേത് ആസൂത്രിതമായ യുദ്ധക്കുറ്റമാണെന്ന് ഇസ്രയേല് വിദേശകാര്യമന്ത്രി പറഞ്ഞു.
ആക്രമിക്കപ്പെട്ട സ്ഥലം ഒരാശുപത്രിയാണ്, സൈനിക താവളമല്ല. മേഖലയിലെ പ്രധാന മെഡിക്കല് കേന്ദ്രമാണിത്. ഇതിനെതിരേ ലോകം ശബ്ദമുയര്ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രിയായ സൊറോക്കയ്ക്കു നേരെയുണ്ടായ മിസൈല് ആക്രമണത്തില് മുപ്പതോളം പേര്ക്ക് പരിക്കുണ്ട്. നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്ട്ട്. തകര്ന്ന ആശുപത്രിയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യെ വധിക്കാനായി ഇസ്രയേൽ തയാറാക്കിയ പദ്ധതി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീറ്റോ ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
യുഎസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രേലികൾ തയാറാക്കിയ പദ്ധതി മുഴുവൻ കേട്ടതിനുശേഷം, വൈറ്റ് ഹൗസ് അതിനോട് എതിർപ്പ് പ്രകടിപ്പിച്ചുവെന്നാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ അവകാശപ്പെട്ടത്.
നിലവിൽ ഇറാനും ഇസ്രയേലും തമ്മിൽ ഉടലെടുത്തിരിക്കുന്ന സംഘർഷം വഷളാകാതിരിക്കാൻ ട്രംപ് ഭരണകൂടത്തിന് അതീവ താത്പര്യമുണ്ട്. ഇസ്രയേലിന്റെ പദ്ധതിയെക്കുറിച്ച് ഫോക്സ് ന്യൂസിലെ പരിപാടിയിൽ ചോദ്യമുയർന്നപ്പോൾ ബെഞ്ചമിൻ നെതന്യാഹു കൃത്യമായ ഉത്തരം നൽകിയില്ല.
ചെയ്യേണ്ട കാര്യങ്ങൾ തങ്ങൾ ചെയ്യുമെന്നും ഇപ്പോഴത്തെ ദുർബലമായ ഇറാൻ ഭരണകൂടം സംഘർഷത്തിന് കാരണമായിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വധശ്രമം സംബന്ധിച്ചുള്ള വാർത്തകൾ നെതന്യാഹുവിന്റെ വക്താവ് പിന്നീട് നിഷേധിക്കുകയും ചെയ്തു.
International
ടെഹ്റാന്: ഇറാന്-ഇസ്രയേല് സംഘര്ഷം രൂക്ഷമായ സാഹചര്യത്തില് ഇരുരാജ്യങ്ങളില് നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാന് ശ്രമങ്ങള് ആരംഭിച്ചു. ഇന്ത്യന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര് ഇറാന്, ഇസ്രയേല് വിദേശകാര്യമന്ത്രിമാരുമായി സംസാരിച്ചിരുന്നു. ടെഹ്റാനിലെ ഇന്ത്യന് എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യന് വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാന് ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടെന്ന് അറിയിച്ചു.
ഇറാനില് പതിനായിരത്തോളം ഇന്ത്യക്കാരുണ്ടെന്നും അവരില് ആറായിരം പേര് വിദ്യാർഥികളാണ് എന്നുമാണ് വിവരം. അതേസമയം, ഇന്ത്യന് വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനായി അവരെ ഇറാനില് തന്നെയുളള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്പ്പിക്കുകയാണെന്ന് സര്ക്കാര് അറിയിച്ചിരുന്നു. 600 വിദ്യാർഥികളെ ഖോമിലേക്ക് മാറ്റി.
സുരക്ഷാകേന്ദ്രങ്ങളിലെത്തുന്ന ഇന്ത്യന് പൗരന്മാരെ ഇറാന്റെ അതിര്ത്തി രാജ്യങ്ങള് വഴി ഒഴിപ്പിച്ച് ഇന്ത്യയിലെത്തിക്കാനാണ് ആലോചന. ഇവരെ അര്മേനിയയിലേക്കോ അസര്ബൈജാനിലേക്കോ മാറ്റാനും തുടര്ന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാനുമാണ് സാധ്യത. ഇറാന് വ്യോമാതിര്ത്തി അടച്ചിട്ടിരിക്കുന്നതിനാല് വിദ്യാർഥികള്ക്ക് കരമാര്ഗത്തിലൂടെ അസര്ബൈജാന്, തുര്ക്ക്മെനിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളിലേക്ക് കടക്കാമെന്ന് ഇറാന് അറിയിച്ചിട്ടുണ്ട്.
ഉര്മിയയില് നിന്നുളള 110 വിദ്യാർഥികള് തിങ്കളാഴ്ച വൈകുന്നേരത്തോടെ അര്മേനിയന് അതിര്ത്തിയിലെത്തി. അവരെ വ്യോമ മാര്ഗം ഒഴിപ്പിക്കാനാണ് സാധ്യത. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര് അര്മേനിയന് വിദേശകാര്യ മന്ത്രി അരാരത്ത് മിര്സോയയുമായി സംസാരിച്ചിരുന്നു. ഷിറാസില് നിന്നും ഇസ്ഫഹാനില് നിന്നുമുളള വിദ്യാർഥികളെ യാസ്ദിലേക്ക് മാറ്റുന്നുണ്ടെന്നാണ് വിവരം.
അതേസമയം, ഇസ്രയേലിലെ വ്യോമപാത അടച്ച പശ്ചാത്തലത്തിൽ ടെല് അവീവില് നിന്നുള്ള 25,000ത്തോളം ഇന്ത്യക്കാരെ ജോര്ദാന്, ഈജിപ്ത് അതിര്ത്തി വഴി എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യക്ക് എല്ലാ പിന്തുണയും നല്കുമെന്ന് ഇസ്രയേല് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.
ഇറേനിയൻ തലസ്ഥാനമായ ടെഹ്റാൻ നഗരത്തിൽ നിന്ന് ആളുകൾ ഒഴിഞ്ഞു പോകണമെന്നു മുന്നറിയിപ്പു നൽകിയതിനു പിന്നാലെ വൻ വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ 45 പേർ മരിച്ചു, നൂറിലേറെ പേർക്ക് പരിക്കേറ്റു.
അതേസമയം, ഇറാനും ശക്തമായി തിരിച്ചടിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ടെൽ അവീവിലെ താമസക്കാരോടു ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേലിൽ ഇതുവരെ 21 പേർ മരിച്ചതായും 631 പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചു.
International
ടെഹ്റാൻ: ഇസ്രയേലും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടൽ കടുക്കുന്നു. ഇറേനിയൻ തലസ്ഥാനമായ ടെഹ്റാൻ നഗരത്തിൽ നിന്ന് ആളുകൾ ഒഴിഞ്ഞു പോകണമെന്നു മുന്നറിയിപ്പു നൽകിയതിനു പിന്നാലെ വൻ വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ 45 പേർ മരിച്ചു, നൂറിലേറെ പേർക്ക് പരിക്കേറ്റു. ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങള്ക്കു നേരെയാണ് ഇസ്രയേല് ആക്രമണമുണ്ടായതെന്നു ഇറാന് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. ടെഹ്റാൻ നഗരത്തിന്റെ കിഴക്ക്, പടിഞ്ഞാറ് മേഖലകളിൽ വൻ സ്ഫോടനങ്ങളുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇറാന്റെ യുദ്ധവിമാനങ്ങൾ മിസൈൽ ആക്രമണത്തിൽ തകർത്തെന്നും പടിഞ്ഞാറൻ ഇറാനിലെ മിസൈൽ സംഭരണ കേന്ദ്രം തകർത്തതായും ഇസ്രയേൽ അവകാശപ്പെട്ടു. ഇറാന്റെ മിസൈൽ ശേഖരത്തിന്റെ മൂന്നിലൊന്നും തകർത്തെന്നാണാണ് ഇസ്രയേൽ സൈന്യം പറഞ്ഞത്.
അതേസമയം, ഇറാനും ശക്തമായി തിരിച്ചടിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തലസ്ഥാനമായ ടെൽ അവീവും ഹൈഫയും അടക്കമുള്ള നഗരങ്ങളെ ഉന്നമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തി. വടക്കൻ ഇസ്രയേലിൽ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ടെൽ അവീവിലെ താമസക്കാരോടു ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേലിൽ
ഇതുവരെ 21 പേർ മരിച്ചതായും 631 പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചു.
ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. നിരവധിപ്പേർക്ക് പരിക്കേറ്റു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് ബ്രോഡ്കാസ്റ്റിങ് (ഐആര്ഐബി) ആസ്ഥാനത്താണ് തത്സമയ വാർത്താ അവതരണത്തിനിടെ ആക്രമണമുണ്ടായത്.
വാർത്താ അവതാരക മിസൈൽ പതിച്ചതിന് പിന്നാലെ സീറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നതും പൊടിപടലങ്ങൾ നിറയുന്നതും തത്സമയ ദൃശ്യങ്ങളിൽ വ്യക്തമാണ്. ചാനൽ ആക്രമിക്കുമെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു.
International
ന്യൂഡല്ഹി: എല്ലാ ഇന്ത്യക്കാരും ഇന്ന് തന്നെ ടെഹ്റാന് വിടണമെന്ന കര്ശന നിര്ദേശവുമായി വിദേശകാര്യ മന്ത്രാലയം. ഏത് തരം വിസയാണെന്നത് പരിഗണിക്കാതെ തന്നെ നിര്ദേശം പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ഇസ്രയേല് - ഇറാന് സംഘര്ഷം കൂടുതല് വഷളാകുന്ന സാഹചര്യത്തിലാണ് നിര്ദേശം. വിദേശികൾ ഇന്ത്യക്കാരെ അനുഗമിക്കരുതെന്നും മന്ത്രാലയം നിര്ദേശം നല്കി. കഴിവതും വേഗം സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണം. അതിര്ത്തികള് തുറന്നിരിക്കുകയാണെന്ന് ഇറാന് അറിയിച്ചതിനാല് ഒഴിപ്പിക്കല് നടപടികള്ക്ക് തടസമില്ല.
ഇസ്രയേല് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ അടിയന്തര നിര്ദേശം നല്കിയിരിക്കുന്നത്. ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് ടെഹ്റാനിൽ ജീവിക്കുന്നവർ വില കൊടുക്കേണ്ടി വരുമെന്നായിരുന്നു ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ ഭീഷണി.
അതേസമയം, വിവിധ സര്വകലാശാലകളിലെ ഇന്ത്യൻ വിദ്യാർഥികളെ അര്മേനിയയിലേക്ക് മാറ്റാന് തീരുമാനിച്ചു. അര്മേനിയന് വിദേശകാര്യമന്ത്രിയുമായി വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര് ചർച്ച നടത്തി.
ടെഹ്റാനില് കുടുങ്ങിയ വിദ്യാര്ഥികളെയാകും ആദ്യം ഒഴിപ്പിക്കുക. സാഹചര്യം അതീവ ഗുരുതരമാണെന്ന് വിദ്യാര്ഥികള് വിദേശ കാര്യമന്ത്രാലയത്തെ അറിയിച്ചിരുന്നു.
International
ടെൽഅവീവ്: പശ്ചിമേഷ്യയെ മുൾമുനയിൽനിർത്തി ഇസ്രയേൽ-ഇറാൻ യുദ്ധം രൂക്ഷമാകുന്നു. ഇസ്രയേൽ-ഇറാൻ സംഘർഷം പൊട്ടിപ്പുറപ്പെട്ട് തുടർച്ചയായ നാലാം ദിവസവും കനത്ത ആക്രമണമാണ് ഇരുരാജ്യങ്ങളും നടത്തിയത്.
ഞായറാഴ്ച രാത്രി മുതൽ ഇന്നു പുലർച്ചെ വരെ ശക്തമായ മിസൈൽ, ബോംബ് ആക്രമണങ്ങൾ തുടർന്നു. ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഇന്റലിജൻസ് മേധാവിയെയും രണ്ടു മുതിർന്ന ജനറൽമാരെയും ഇസ്രയേൽ കൊലപ്പെടുത്തിയതായി ഇറാൻ പറഞ്ഞു.
പുതിയ വ്യോമാക്രമണങ്ങളിൽ നിരവധി ജനവാസകേന്ദ്രങ്ങൾ തകർന്നു. വെള്ളിയാഴ്ച ഇസ്രയേൽ ആക്രമണം ആരംഭിച്ചശേഷം 224പേർ മരിച്ചതായും 2,000ലേറെപ്പേർക്ക് പരിക്കേറ്റതായും ഇറാനിയൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
വടക്കൻ ഇസ്രയേലിൽ ഇറാൻ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ അഞ്ച് യുക്രൈൻ സ്വദേശികളുൾപ്പെടെ പത്തുപേർ മരിച്ചു. 200ലേറെപ്പേർക്കു പരിക്കേറ്റു. ഇസ്രയേലിൽ13ലേറെപ്പേർ മരിച്ചതായാണ് റിപ്പോർട്ട്.
ടെൽഅവീവ്, ജെറുസലേം നഗരങ്ങളിലും കനത്ത ആക്രമണമാണ് ഇറാൻ നടത്തിയത്. ഇസ്രയേൽ തുറമുഖ നഗരമായ ഹൈഫയിൽ വീണ്ടും ഇറാൻ മിസൈൽ ആക്രമണം നടത്തി.
ഇസ്രയേലിലെ ബാത്ത് യാമിൽ 61 കെട്ടിടങ്ങൾ തകർന്നു. 35 പേരെ കാണാതായി. ഇസ്രയേലിൽനിന്ന് 2,300 കിലോമീറ്റർ അകലെ ഇറാന്റെ ഇന്ധന ടാങ്കർ വിമാനം വ്യോമസേന തകർത്തതായി ഇസ്രയേൽ സേന പറഞ്ഞു.
അതിനിടെ ടെഹ്റാന്റെ വ്യോമാതിർത്തിയുടെ നിയന്ത്രണം ഏറ്റെടുത്തതായി ഇസ്രയേൽ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇനി മിസൈലുകൾ വിക്ഷേപിച്ചാൽ ടെഹ്റാൻ കത്തുമെന്നാണ് ഇസ്രയേൽ മുന്നറിയിപ്പെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇസ്രയേലിന്റെ അവകാശവാദത്തോട് ഇറാൻ ഇനിയും പ്രതികരിച്ചിട്ടില്ല.
International
ടെല് അവീവ്: ഇറാനിലെ നഥാന്സ് ആണവ കേന്ദ്രത്തിലെ, ഭൂമിക്ക് മുകളിലുള്ള ആണവ ഇന്ധന സമ്പുഷ്ടീകരണത്തിനുള്ള പൈലറ്റ് പ്ലാന്റ് ഇസ്രയേൽ ആക്രമണത്തിൽ തകർന്നതായി യുഎന് ന്യൂക്ലിയര് വാച്ച്ഡോഗ് മേധാവി റഫായേല് ഗ്രോസി. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നഥാന്സിലെ വൈദ്യുത അടിസ്ഥാന സൗകര്യങ്ങളും നശിച്ചിട്ടുണ്ട്. കൂടാതെ, ഇറാനിലെ ഫോര്ദോ ഇന്ധന സമ്പുഷ്ടീകരണ പ്ലാന്റും ഇസ്ഫഹാനിലെ സൗകര്യങ്ങളും അക്രമിക്കപ്പെട്ടിട്ടുണ്ടെന്നും നാശനഷ്ടം എത്രത്തോളമാണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യോമാക്രമണത്തില് ആണവ- രാസ മാലിന്യങ്ങള് ഉണ്ടാകുന്നു. എന്നാൽ, എത്രത്തോളം വികിരണങ്ങള് നഥാന്സിലുണ്ടായി എന്ന് കൃത്യമായ കണക്കുകള് ലഭ്യമല്ലെന്നും ഗ്രോസി അറിയിച്ചു.
ഇറാനിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളും സൈനിക താവളങ്ങളും കൃത്യമായി ലക്ഷ്യമിട്ടായിരുന്നു ഇരുനൂറിലേറെ യുദ്ധവിമാനങ്ങള് ഉപയോഗിച്ച് വെള്ളിയാഴ്ച പുലര്ച്ചെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്.
Leader Page
ഇസ്രയേൽ ഇറാനെ ആക്രമിച്ചു. അവരുടെ ആണവ നിലയങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടു. വിപ്ലവ ഗാർഡ് തലവൻ ഹുസൈൻ സലാമി, കരസേനാധിപൻ മുഹമ്മദ് ബഘേരി, ജനറൽ ഗുലാം അലി റഷീദ്, അണുശക്തി കമ്മീഷൻ മുൻ ചെയർമാൻ ഫറയുദീൻ അബ്ബാസി അടക്കം ആറു പ്രമുഖ ആണവ ശാസ്ത്രജ്ഞർ തുടങ്ങി നിരവധി പേർ കൊല്ലപ്പെട്ടു. യുറേനിയം സമ്പുഷ്ടീകരണം നടക്കുന്ന നതാൻസ് ആണവനിലയത്തിനു കനത്ത നാശം നേരിട്ടു.
ഇന്നലെ ഇറേനിയൻ സമയം അർധരാത്രി നടന്ന ആക്രമണത്തിന്, ഒരിക്കലും മറക്കാത്ത തിരിച്ചടി നൽകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് പറഞ്ഞിട്ടുണ്ട്. ആദ്യ മണിക്കൂറുകളിൽ നൂറിലേറെ ഡ്രോണുകളെ ഇറാക്കിനു മുകളിലൂടെ ഇസ്രയേലിനു നേരേ അയച്ചതാണ് ആദ്യം നടന്ന കാര്യം. അവയെല്ലാം തകർത്തതായി ഇസ്രേലി വ്യോമസേന അവകാശപ്പെടുന്നു.
യുദ്ധം അവസാനിക്കുന്നില്ല
പക്ഷേ, യുദ്ധം ഇവിടംകൊണ്ട് അവസാനിക്കില്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇറാൻ ഇസ്രേലി സൈനിക കേന്ദ്രങ്ങൾക്കു നേരേ മിസൈൽ പ്രയോഗിച്ചതും ആ മാസാവസാനം ഇസ്രയേൽ ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതുംപോലെ ഒതുങ്ങിനിൽക്കുന്നതല്ല ഇപ്പോഴത്തെ പോരാട്ടം.
അണുബോംബ് നിർമാണത്തിനുള്ള ഇറാന്റെ ശ്രമം ഇല്ലാതാക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. അതിനു വേണ്ടത്ര കാലം യുദ്ധം എന്നാണ് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞിട്ടുള്ളത്. ഇസ്രയേലിനെ കയ്പേറിയ പാഠം പഠിപ്പിക്കുന്ന പ്രത്യാക്രമണം ഉണ്ടാകുമെന്നാണ് ഇറാൻ പറയുന്നത്. അതായത്, തുടർ ആക്രമണങ്ങൾ പ്രതീക്ഷിക്കണം.
തുടർ ആക്രമണവും അതിനോടുള്ള പ്രതികരണവും എങ്ങനെയായിരിക്കും എന്നു വ്യക്തമല്ല. എങ്കിലും സമീപവർഷങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടും അല്ലാതെയും നടക്കുന്ന ആക്രമണങ്ങൾ ഒരു കാര്യം സൂചിപ്പിക്കുന്നു.
ആധുനിക മിസൈൽ സാങ്കേതികവിദ്യയും ആളില്ലാ വിമാനങ്ങളും ഡ്രോണുകളുമൊക്കെയാകും ഈ ആക്രമണപരമ്പരയിൽ നിർണായക പങ്കുവഹിക്കുക. അതേപോലെ, ഇരു രാജ്യങ്ങളെയും അവരെ പിന്തുണയ്ക്കുന്നവരെയും സാമ്പത്തികമായി ഞെരുക്കാൻ ഇരുകൂട്ടരും ശ്രമിക്കും.
ഹോർമുസ് ജലപാത
മുൻകാലങ്ങളിലേതുപോലെ വിപുലമായ സേനാ നീക്കങ്ങളും ടാങ്കുകൾ അടക്കമുള്ള കവചിത വാഹനങ്ങളുടെ പരാക്രമങ്ങളും പീരങ്കികളുടെ ഗർജനങ്ങളും അല്ല ആധുനിക യുദ്ധമുന്നണിയിൽ ഫലം നിർണയിക്കുക. സാങ്കേതികവിദ്യയിലെ മികവാണ് ഇന്നത്തെ യുദ്ധത്തിൽ ജേതാവിനെ നിശ്ചയിക്കുന്നത്. ആ രംഗത്ത് ഇസ്രയേൽ മുന്നിലാണ്.
ഈ പോരാട്ടത്തിൽ ഇറാന്റെ ഏറ്റവും വലിയ ആയുധം ഭൂമിശാസ്ത്രപരമായ ഒന്നാണ്. ഹോർമുസ് കടലിടുക്ക്. പേർഷ്യൻ ഗൾഫിൽനിന്ന് ഗൾഫ് ഓഫ് ഒമാൻ വഴി അറബിക്കടലിലേക്കുള്ള യാത്രാപാത. ഈ പാതയുടെ നിയന്ത്രണം ഇറാനും ഒമാനും യുഎഇയും കൂടിയാണ് നിർവഹിക്കുന്നത്. തമ്മിൽ വലിയ ശക്തി എന്ന നിലയിൽ ഇറാൻ പറയുന്നതുതന്നെ പ്രമാണം.
ലോകത്തിന്റെ ഇന്ധന മഹാധമനി
ലോകത്തിൽ കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ അഞ്ചിൽ ഒരു ഭാഗം (20 ശതമാനം) ഹോർമുസിൽ കൂടിയാണു പോകുന്നത്. ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എൽഎൻജി) മൂന്നിലൊന്നും ഇതിലെയാണ് പോകുന്നത്. ലോകത്തിന്റെ ഇന്ധന മഹാധമനി (ആർട്ടറി) എന്നു പറയാവുന്നതാണ് 167 കിലോമീറ്റർ നീളവും 39 മുതൽ 96 വരെ കിലോമീറ്റർ വീതിയുമുള്ള ഈ കപ്പൽച്ചാൽ. സൗദി അറേബ്യയുടേതടക്കം ഏകദേശം രണ്ടു കോടി വീപ്പ ക്രൂഡ് ഓയിലും പെട്രോളിയം ഉത്പന്നങ്ങളും ഈ കടലിടുക്കിലൂടെ പ്രതിദിനം കടത്തുന്നു. അതു വിലക്കുകയോ അതുവഴിയുള്ള കടത്ത് അസാധ്യമാക്കുകയോ ചെയ്യാൻ ഇറാൻ ശ്രമിച്ചാൽ ലോകം വിഷമിക്കും. ഗൾഫ് മേഖലയിൽ ഇറാനോടു യോജിപ്പില്ലാത്ത രാജ്യങ്ങളെ വരുതിക്കു നിർത്തുക മാത്രമല്ല, വിവിധ ലോകരാജ്യങ്ങളുടെ സാമ്പത്തികഭദ്രത തകർക്കുകയും ചെയ്യാൻ ഇതിന്റെ നിയന്ത്രണം ഇറാനു കരുത്തു നൽകുന്നു.
ഹോർമുസ് വഴിയുള്ള ടാങ്കർ ഗതാഗതം തടയാൻതക്ക ശേഷിയും അടിസ്ഥാന സൗകര്യങ്ങളും ഇറാനുണ്ടെന്നാണ് കരുതുന്നത്. 2012ൽ അമേരിക്കയുടെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ആയിരുന്ന ജനറൽ മാർട്ടിൻ ഡെപ്സി വിലയിരുത്തിയത് പരിമിത കാലത്തേക്ക് ഈ കപ്പൽച്ചാൽ അടച്ചിടാൻതക്ക സംവിധാനങ്ങൾ ഇറാന് ഉണ്ടെന്നാണ്. അതു പരാജയപ്പെടുത്താൻതക്ക ശേഷി അമേരിക്കയ്ക്കും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബഹറിനിലുള്ള അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയുടെ ലക്ഷ്യങ്ങളിലൊന്നും ഈ ജലപാതയുടെ സുഗമമായ പ്രവർത്തനമാണ്. പക്ഷേ അതു വിപുലമായ യുദ്ധത്തിലേക്കു നയിക്കും.
ഇത്തരം ജലപാതകൾ തടസപ്പെടുത്തുന്നതിന് എതിരായ ഉടമ്പടികളിൽ (യുഎൻസിഎൽഒഎസ്, കൺവൻഷൻ ഓൺ ദ ഹൈ സീസ്) ഇറാനും സൗദി അറേബ്യയും അടക്കമുള്ള പ്രധാന ഒപെക് രാജ്യങ്ങളും അറബ് ലീഗ് രാജ്യങ്ങളും ചൈനയും ഉത്തര- ദക്ഷിണ കൊറിയകളും ഒപ്പുവച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഇറാനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വരുതിയിൽ നിൽക്കുന്ന യെമനിലെ ഹൂതി വിമതരും ഇറാക്കിലെയും ലബനനിലെയും ഹിസ്ബുള്ളയും അടക്കമുള്ള സായുധ വിഭാഗങ്ങളെ ഉപയോഗിച്ചും ടാങ്കർ അടക്കമുള്ള ചരക്കുകപ്പൽ ഗതാഗതം തടയാനാകും. ചെങ്കടലിൽ ഇത് അവർ തെളിയിച്ചതാണ്. ഇതിനു തക്ക ഡ്രോണുകളും ഹ്രസ്വദൂര മിസൈലുകളുമൊക്കെ ഇറാനും ചൈനയും ഉത്തരകൊറിയയും നിർമിക്കുന്നുമുണ്ട്.
ജലപാത അടച്ചാൽ
ഈ ജലപാത അടയ്ക്കുന്ന സാഹചര്യമുണ്ടായാൽ ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 100 ഡോളറിനു മുകളിൽ എത്തുമെന്നാണു വിപണി ഭയപ്പെടുന്നത്. എങ്കിലും ജലപാത തടസപ്പെടില്ല എന്ന ശുഭാപ്തിവിശ്വാസത്തിലാണു വിപണി. അതുകൊണ്ടാണ് ഇന്നലെ രാവിലെ വീപ്പയ്ക്ക് 78 ഡോളറിലേക്കു കുതിച്ചുകയറിയ ക്രൂഡ് ഓയിൽ വില പിന്നീട് 75 ഡോളറിനു താഴെ വന്നത്.
ജലപാത അടയ്ക്കുന്നതു ചൈന അടക്കമുള്ള ഇറാന്റെ മിത്രരാജ്യങ്ങൾക്കു വലിയ പ്രശ്നമാകും. ഇറേനിയൻ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ ഉപയോക്താക്കൾ ചൈനയാണ്. ഇറാന്റെ വിൽപ്പനയുടെ 75 ശതമാനം ചൈനയിലേക്കാണ്. ആ ചൈനയുടെ താത്പര്യം ഇറാന് അവഗണിക്കാനാവില്ല. 2011, 2012, 2018 വർഷങ്ങളിൽ ഈ ജലപാത അടയ്ക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ നടന്നില്ല. 2012ൽ അടയ്ക്കാൻ നടന്ന ശ്രമം യുഎസ് സേന തടയുകയായിരുന്നു.
ഹോർമുസ് ജലപാത അടയ്ക്കാൻ ഇറാൻ ശ്രമിക്കുന്നപക്ഷം ഇറാന്റെ എണ്ണ സംഭരണികൾ, എണ്ണപ്പാടങ്ങൾ, എണ്ണശുദ്ധീകരണശാലകൾ തുടങ്ങിയവയും ഓയിൽ പൈപ്പ്ലൈനുകളും ആക്രമിക്കാൻ ഇസ്രയേലും ഒരു പക്ഷേ യുഎസും മടിക്കില്ല. മെഡിറ്ററേനിയനിലും ഗൾഫിലുമുളള യുഎസ് വിമാനവാഹിനികളും മറ്റ് ആക്രമണ സംവിധാനങ്ങളും ഇറാനെ പല ദിശകളിൽനിന്ന് ഒരേ സമയം ആക്രമിക്കാൻ സാധ്യതയൊരുക്കുന്നു. ഇറാന്റെ എണ്ണ സംവിധാനങ്ങൾ ആക്രമിക്കപ്പെട്ടാൽ ലോകവിപണിയിൽ എണ്ണലഭ്യത കുറയും, ചിലപ്പോൾ തടസപ്പെടുകയും ചെയ്യും. അത് എണ്ണവില കൂട്ടും.
എണ്ണവില ഭീഷണിയാകും
ഇറാനും ഇസ്രയേലും നീണ്ട യുദ്ധത്തിലാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കു ക്രൂഡ് ഓയിൽ വിലക്കയറ്റമാണു പ്രധാന വിഷയമാകുക. വീപ്പയ്ക്കു 10 ഡോളർ വില കൂടിയാൽ ഇന്ത്യയുടെ ചില്ലറവിലക്കയറ്റം 0.5 ശതമാനം കയറും എന്നാണ് നിക്ഷേപബാങ്ക് മോർഗൻ സ്റ്റാൻലി കണക്കു കൂട്ടുന്നത്. എണ്ണവിലക്കയറ്റം ഇറക്കുമതിച്ചെലവ് വർധിപ്പിക്കുന്നു. അതു വ്യാപാരക്കമ്മി കൂട്ടും. രൂപയുടെ വിനിമയനിരക്കു താഴും. രണ്ടുംകൂടി ചേരുമ്പോൾ ചില്ലറവിലക്കയറ്റം വീണ്ടും വർധിക്കും. വിലക്കയറ്റം പലിശ കൂടാൻ കാരണമാകും. അതു സാമ്പത്തിക വളർച്ച കുറയ്ക്കും.
വാണിജ്യം കുറയുന്നു
ഇന്ത്യ-ഇറാൻ വാണിജ്യം കുറച്ചു വർഷങ്ങളായി കുറഞ്ഞുവരുകയാണ്. ഇറാനുമേലുള്ള ഉപരോധമാണു കാരണം. 2013ൽ 540 കോടി ഡോളറിന്റെ സാധനങ്ങൾ ഇറാനിലേക്ക് കയറ്റുമതി ചെയ്തിരുന്നത് 2024ൽ 130 കോടി ഡോളറായി ചുരുങ്ങി. നേരത്തേ ബസ്മതി അരി, തേയില, കാപ്പി, ധാന്യങ്ങൾ, തുകൽ ഉത്പന്നങ്ങൾ തുടങ്ങിയവയായിരുന്നു വലിയ കയറ്റുമതി ഇനങ്ങൾ. അവ ഇപ്പോൾ കുറഞ്ഞു. ഉപരോധം മൂലം പലതും മറ്റു രാജ്യങ്ങൾ വഴിയാണ് ഇറാനിലേക്കു പോകുന്നത്. ധാന്യങ്ങൾക്കും കാപ്പി, തേയില എന്നിവയ്ക്കും പിന്നാലെ ഔഷധങ്ങൾ, സ്മാർട്ട് ഫോണുകൾ തുടങ്ങിയവയാണ് ഇപ്പോൾ കൂടുതലായി കയറ്റുമതി ചെയ്യുന്നത്. നീണ്ട യുദ്ധം ഇവയുടെ കയറ്റുമതി തടസപ്പെടുത്തും. ഇറാനിലേക്കുള്ള കയറ്റുമതി ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 0.2 ശതമാനമേ ഉള്ളൂ എന്നതുകൊണ്ട് തടസം കാര്യമായ നഷ്ടം വരുത്തില്ല.
ഇറാനിൽനിന്നുള്ള ഇറക്കുമതിയിൽ ക്രൂഡ് ഓയിലും പ്രകൃതിവാതകവും ആയിരുന്നു മുന്നിൽ. അളവ് കുറഞ്ഞെങ്കിലും അവതന്നെ ഇപ്പോഴും മുന്നിൽ. നീണ്ട യുദ്ധം മൂലം ഇറക്കുമതിക്കു വിലക്കുണ്ടാകാം. ക്രൂഡ് ഓയിലിനും പ്രകൃതിവാതകത്തിനും മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരും. കുറച്ചു വർഷങ്ങളായി ഉപരോധമുള്ളതുകൊണ്ട് ഇന്ത്യ വേറേ രാജ്യങ്ങളുമായി വ്യാപാര ഇടപാടുകൾ വിപുലപ്പെടുത്തിയിട്ടുണ്ട്.
ഇറാനുമായി ചേർന്ന് പെട്രോളിയം, പ്രകൃതിവാതക മേഖലയിൽ തുടങ്ങിവച്ച ചില സംയുക്ത സംരംഭങ്ങൾ ഉപരോധം മൂലം പങ്കാളിത്തം ചെറുതാക്കിയും മറ്റും ഇന്ത്യ ഒഴിവാക്കിവരുകയാണ്. മധ്യേഷ്യയിലേക്കുള്ള വ്യാപാരക്കവാടമായി കണക്കാക്കപ്പെട്ടിരുന്ന ചബഹർ തുറമുഖ പദ്ധതിയിൽ ഇന്ത്യ ഇപ്പോൾ താത്പര്യം എടുക്കാത്തത് ഈ മാറ്റത്തിന്റെ ഭാഗമാണ്. ഇറാനിലെ ഫർസാദ് ബി പ്രകൃതിവാതക പദ്ധതിയിൽനിന്ന് ഇന്ത്യ പിന്മാറിയതും ഉപരോധങ്ങളുടെ ഫലമാണ്. പ്രയോഗത്തിൽ ഇറാനും പാശ്ചാത്യ രാജ്യങ്ങളുമായുള്ള പോര് ഇന്ത്യ- ഇറാൻ സാമ്പത്തിക ബന്ധങ്ങൾ നാമമാത്രമായി മാറ്റിയിരുന്നു. യുദ്ധം മൂലം ആ ഇനത്തിൽ വലിയ നഷ്ടം ഇന്ത്യക്കു വരാനില്ല എന്നു ചുരുക്കം.
International
ടെഹ്റാൻ: ഇസ്രയേല് വ്യോമാക്രമണത്തില് ഇറാന് കനത്ത തിരിച്ചടി. ഇറാന്റെ പ്രധാന ആണവ റിയാക്ടറുകളില് ഒന്നായ നതാന്സ് ഇസ്രയേല് ആക്രമണത്തില് തകര്ന്നു.
ആക്രമണത്തിൽ ഇറാന്റെ റവല്യൂഷണറി ഗാർഡ് തലവൻ ഹൊസൈൻ സലാമി കൊല്ലപ്പെട്ടു. രണ്ട് മുതിർന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ജനവാസ കേന്ദ്രങ്ങളും ഇസ്രയേല് ആക്രമിച്ചെന്ന് ഇറാന് അവകാശപ്പെട്ടു. കുട്ടികള് അടക്കം നിരവധി പേര് കൊല്ലപ്പെട്ടെന്നും ഇറാന് വ്യക്തമാക്കി.
ആക്രമണത്തെ സൗദിയും ഒമാനും അപലപിച്ചിട്ടുണ്ട്. സഹോദര രാഷ്ട്രമായ ഇറാനെ ആക്രമിച്ചത് അംഗീകരിക്കാനാവില്ലെന്ന് സൗദി വ്യക്തമാക്കി.
അതേസമയം ഇറാന് തിരിച്ചടി തുടങ്ങിയെന്നാണ് റിപ്പോര്ട്ടുകള്. ഇസ്രയേലില് ഡ്രോണ് ആക്രമണം തുടരുകയാണെന്നാണ് വിവരം.
International
ടെഹ്റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണത്തിൽ ഇറാന്റെ റവല്യൂഷണറി ഗാർഡ് തലവൻ ഹൊസൈൻ സലാമി കൊല്ലപ്പെട്ടായി ഇറേനിയൻ ടെലിവിഷൻ അറിയിച്ചു. രണ്ട് മുതിർന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ടെഹ്റാൻ ഉൾപ്പെടെ 13 ഇടങ്ങളിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് "ഓപ്പറേഷൻ റൈസിംഗ് ലയൺ' എന്ന പേരിൽ ഇസ്രയേൽ കനത്ത വ്യോമാക്രമണം നടത്തിയത്. യുറേനിയം സമ്പുഷ്ടീകരണം നടക്കുന്നുവെന്ന് സംശയിക്കപ്പെടുന്ന നഥാൻസ് സൈറ്റ് ഉൾപ്പെടെയുള്ള ആണവ കേന്ദ്രങ്ങളാണ് ഇസ്രയേൽ സൈന്യം ലക്ഷ്യമിട്ടത്. ആണവായുധം വികസിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന മുതിർന്ന ഇറേനിയൻ ശാസ്ത്രജ്ഞർ ജോലി ചെയ്യുന്ന കേന്ദ്രങ്ങളിലും ഇസ്രയേൽ സൈന്യം ആക്രമണം നടത്തി
ഇറാന്റെ ആണവ, മിസൈൽ ശേഷികൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം ഓപ്പറേഷൻ ആരംഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ ആണവ സമ്പുഷ്ടീകരണ പരിപാടിയുടെ കേന്ദ്രത്തിൽ ആക്രമണം നടത്തിയെ ഈ ഓപ്പറേഷൻ കൃത്യമായ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നും നെതന്യാഹു പറഞ്ഞു.
ഇറാനിലെ ജനങ്ങളുമായി ഇസ്രയേൽ സംഘർഷം ആഗ്രഹിക്കുന്നില്ല. ഇറാന്റെ സ്വേച്ഛാധിപത്യ നേതൃത്വത്തിനെതിരെയാണ് പോരാട്ടം. ഇസ്രയേലിന്റെ നിലനിൽപ്പ് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടിയാണിതെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
അതേസമയം, ശക്തമായ തിരിച്ചടിക്ക് തയാറെടുക്കുകയാണെന്ന് ഇറാൻ സൈനിക വക്താവ് പറഞ്ഞു. അതേ സമയം ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തുമെന്ന സൂചനകൾക്കിടെ അമേരിക്ക കടുത്ത ജാഗ്രത നിര്ദേശങ്ങള് നൽകിയിരുന്നു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിലെ തങ്ങളുടെ പൗരൻമാരെ ഒഴിപ്പിക്കാനും പെന്റഗൺ അനുമതി നൽകിയിരുന്നു. മിഡിൽ ഈസ്റ്റിൽ നിന്നും സൈനിക കുടുംബാംഗങ്ങൾക്ക് പിന്മാറാനുള്ള അനുമതിയും പെന്റഗൺ നൽകി.