കോടിക്കുളം: ഇല്ലിച്ചുവട് - ചാലക്കമുക്ക് പിഡബ്ല്യുഡി റോഡ് ചേന്നംകോട് ഭാഗത്ത് ഒരു വശം ഇടിഞ്ഞ് അപകടാവസ്ഥയിൽ. ഒരു വർഷം കഴിഞ്ഞെങ്കിലും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി.
ഈ മഴക്കാലത്ത് വീണ്ടും റോഡ് ഇടിഞ്ഞ് കൂടുതൽ അപകടാവസ്ഥയിലായത് നാട്ടുകാർ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും രണ്ടോ മൂന്നോ ടാർ വീപ്പകൾ വച്ച് ചുമന്ന കൊടിയും റിബണും കെട്ടിയതല്ലാതെ ഒരു നടപടിയും നാളുകളായി ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
സ്കൂൾ വാഹനങ്ങളും മറ്റ് ഭാരവാഹനങ്ങളും ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ ഓടുന്ന റോഡിന്റെ ഈ ഭാഗം സമീപത്തുള്ള പാടത്തുനിന്ന് ഇരുപതടിയോളം ഉയരത്തിലാണ് എന്നതാണ് നാട്ടുകാരെ കൂടുതൽ ആശങ്കയിലാഴ്ത്തുന്നത്.
അടിയന്തരമായി പൊതുമരാമത്ത് വകുപ്പ് ഇവിടെ സംരക്ഷണഭിത്തി നിർമിച്ച് റോഡ് സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.