തിരുവനന്തപുരം: നാലാമൂഴവും ചാമ്പ്യന്‍ സ്കൂളായി കടകശേരി ഐഡിയല്‍. നാലു വര്‍ഷം മുമ്പ് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ഉയര്‍ത്തിയ ചാമ്പ്യന്‍ പട്ടം ഇക്കുറിയും മലപ്പുറം കടകശേരി ഐഡിയല്‍ ഇംഗ്ലീഷ് സ്കൂള്‍ നിലനിര്‍ത്തി. എട്ടു സ്വര്‍ണവും 11 വെള്ളിയും ഏഴു വെങ്കലവുമായി 78 പോയിന്റ് നേടിയാണ് ഐഡിയലിന്റെ ഇത്തവണത്തെ കുതിപ്പ്.
ജൂണിയര്‍ പെണ്‍കുട്ടികളുടെ ജാവലിനിലും ഹൈജംപിലും ഐഡിയല്‍ സ്കൂള്‍ പെണ്‍പട സ്വര്‍ണം നേടിയപ്പോള്‍, സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോ സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ ലോംഗ് ജംപ്, 600മീറ്റര്‍, സീനിയര്‍ ആണ്‍കുട്ടികളുടെ ജാവലിന്‍, 5000 മീറ്റര്‍ നടത്തം എന്നിവയിലാണ് ഐഡിയലിന്റെ മറ്റു സുവര്‍ണ നേട്ടം.
24 ആണ്‍കുട്ടികളും 26 പെണ്‍കുട്ടികളും അടങ്ങുന്ന 50 അംഗ സംഘമാണ് തിരുവനന്തപുരത്ത് പോരാട്ടത്തിനിറങ്ങിയത്. ഷാഫി അമ്മായത്തിന്റെ നേതൃത്വത്തിലാണ് സ്കൂളിലെ ചിട്ടയാര്‍ന്ന കായിക പരിശീലനം.
ജൂണിയര്‍ പെണ്‍കുട്ടികളില്‍ സി.പി. ആഷ്മിക രണ്ടു സ്വര്‍ണം നേടി. കെ. മുഹമ്മദ് അര്‍ഷല്‍, അലന് ജോസഫ് അനീഷ്, സുനീഷ്, എ.കെ. മുഹമ്മദ് സുല്‍ത്താന്‍, ജെറിന് മനോജ്, കെ. മുഷ്താഖ് എന്നിവരാണ് ഐഡിയലിനു സ്വര്‍ണം സമ്മാനിച്ച മറ്റു താരങ്ങള്‍.
ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ ഒരേപോലെ പരിശീലനം നല്‍കിയാണ് ഐഡിയല്‍ കായിക രംഗത്ത് തങ്ങളുടെ മികവ് തെളിയിക്കുന്നത്. ജംപിംഗ് പിറ്റിലും ത്രോ ഇനങ്ങളിലും മികച്ച പ്രകടനം നടത്താന്‍ സ്കൂളിലെ താരങ്ങള്‍ക്ക് കഴിഞ്ഞതായി കായികാധ്യാപകര്‍ വ്യക്തമാക്കി.
ഫുട്ബോള്‍ ടര്‍ഫ്, ഇന്‍ഡോര്‍ സ്റ്റേഡിയം, സ്വിമ്മിംഗ് പൂള് തുടങ്ങി താരങ്ങള്‍ക്ക് മികവാര്‍ന്ന പരിശീലന സൗകര്യങ്ങളാണ് സ്കൂളിലുള്ളത്. ചിട്ടയായ പരിശീലനവും കഠിനാധ്വാനവുമാണ് വിജയത്തിനു പിന്നിലെന്ന് കായിക മേധാവി ഷാഫി അമ്മായത്ത് പറഞ്ഞു.
പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസ്എസിനാണ് രണ്ടാം സ്ഥാനം. ശക്തമായ പോരാട്ടം നടത്തി ചാമ്പ്യന്‍ സ്കൂളുകളെ പലതിനേയും ഏറെ പിന്നിലായക്കിയാണ് വടവന്നൂര്‍ റണ്ണേഴ്സ് അപ്പ് ആയത്. ജൂണിയര്‍ പെണ്‍കുട്ടികളില്‍ നിവേദ്യ കലാധര്‍ ട്രിപ്പിള്‍ സ്വര്‍ണമാണ് സ്കൂളിന് സമ്മാനിച്ചത്. വടവന്നൂരുമായി ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ 57 പോയിന്റോടെ തിരുനാവായ നാവാമുകന്ദ സ്കൂളിനു മൂന്നാം സ്ഥാനത്തെത്തി.