പത്തനംതിട്ട: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്തു സമാപനമാകുമെന്നിരിക്കേ പത്തനംതിട്ട ജില്ലയുടെ സ്ഥാനം പതിനാലാമത്.മെഡൽ പട്ടികയിൽ ഏതാനും താരങ്ങൾ കടന്നുകൂടിയതൊഴിച്ചാൽ കാര്യമായ ഒരു മുന്നേറ്റവും ഇക്കുറി പത്തനംതിട്ടയ്ക്കുണ്ടായില്ല.
ഗെയിംസ് വിഭാഗത്തിൽ 19 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗം ഹോക്കിയിൽ രണ്ടാം സ്ഥാനവും ക്രിക്കറ്റ് ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ നാലാം സ്ഥാനവും ലഭിച്ചു. ഗെയിംസ് വിഭാഗത്തിലെ ഏക വെള്ളിയാണ് ഹോക്കിയിൽ കരസ്ഥമാക്കിയത്.
കായികമേളയുടെ ഭാഗമായ ഇൻക്ലൂസീവ് സ്പോർട്സിൽ 14 വയസിനു താഴെയുള്ളവരുടെ ടീമിൽ പത്തനംതിട്ട രണ്ടാം സ്ഥാനം നേടിയിരുന്നു.
അത്ലറ്റിക്സിൽ പത്തോളം ഫൈനലുകൾ ഇന്നുണ്ടാകുമെങ്കിലും ജില്ലയ്ക്കു കാര്യമായ മെഡൽ പ്രതീക്ഷയില്ല. ഞായറാഴ്ച ജില്ലയുടെ മൂന്ന് താരങ്ങൾ മെഡൽ നേടി. രണ്ട് വെള്ളി ഉൾപ്പെടെ നാല് മെഡലുകളാണ് ജില്ല നേടിയിട്ടുള്ളത്.
ജൂണിയർ ബോയ്സ് ഡിസ്കസ് ത്രോയിലും 400 മീറ്ററിലുമാണ് വെള്ളി നേടിയത്. കുറിയന്നൂർ മാർത്തോമ്മ ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി അമൽ മനോജ് ഡിസ്കസ് ത്രോയിൽ മെഡൽ കരസ്ഥമാക്കി. ഷോട്ട്പുട്ടിൽ നേരത്തേ അമൽ വെങ്കല മെഡൽ നേടിയിരുന്നു. മാവേലിക്കര ചെറുകോൽ ഇല്ലത്ത് പരേതനായ ഡി. മനോജിന്റെയും കെ. അർച്ചനാമോളുടെയും മകനാണ്. എൻ.ജി. ശിവശങ്കറും അമൽ സന്തോഷ് ജോസഫുമാണ് പരിശീലകർ. കഴിഞ്ഞ സംസ്ഥാന മേളയിൽ അമൽ വെള്ളി നേടിയിരുന്നു.
ജൂണിയർ ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്എസ്എസിലെ സ്റ്റെഫിൻ ടൈറ്റസ് വെള്ളി മെഡൽ കരസ്ഥമാക്കി. 55.88 സെക്കൻഡിലാണ് ഫിനീഷ് ചെയ്തത്. സബ് ജൂണിയർ ബോയ്സ് ഡിസ്കസ് ത്രോയിൽ കുറിയന്നൂർ മാർത്തോമ്മാ എച്ച്എസിലെ എം. മനു വെങ്കലം നേടി.