തിരുവനന്തപുരം: വിവിധ ആവശ്യങ്ങളിൽ അനുകൂല നിലപാടു സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു മെഡിക്കൽ കോളജ് ആശുപത്രികളിലെ സർക്കാർ ഡോക്ടർമാർ കെജിഎംസിടിഎ യുടെ നേതൃത്വത്തിൽ ഇന്ന് നടത്തിയ ഒപി ബഹിഷ്കരണം പൂർണം.
അവശ്യ സേവനങ്ങൾ, ഐസിയു, ഓപ്പറേഷൻ തിയേറ്റർ എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കാതെയായിരുന്നു ഒപി ബഹിഷ്കരണം.
മെഡിക്കൽ കോളജുകളിലെയും സൂപ്പർ സ്പെഷ്യാലിറ്റി ഉൾപ്പെടെയുള്ള മുഴുവൻ ഒപികളും ബഹിഷ്കരിച്ചു. വിദ്യാർഥികളുടെ ക്ലാസുകളും മുടങ്ങി. സമരം പൂർണ വിജയമായിരുന്നതായി കെജിഎംസിടിഎ നേതാക്കൾ പറഞ്ഞു.
അതേസമയം ഡോക്ടർമാരുടെ പണിമുടക്ക് അറിയാതെ ആശുപത്രിയിലെത്തിയ രോഗികൾ വലഞ്ഞു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും ഒപി ബഹിഷ്കരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.