കോഴിക്കോട്: കേരളത്തിന് പുറത്തേക്ക് മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ജിപിഎസ് അധിഷ്ഠിത ഓണ്‍ലൈന്‍ ട്രാക്കിംഗ് സംവിധാനം നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. മാലിന്യം നീക്കുന്ന വാഹനങ്ങള്‍ etracks.kerala.gov.in എന്ന വെബ് പോര്‍ട്ടലിലും സുരക്ഷാമിത്ര ആപ്പിലും രജിസ്റ്റര്‍ ചെയ്തിരിക്കണം. ട്രാന്സ്പോര്ട്ടര് ആപ്, എന്‍ഫോഴ്സ്മെന്റ് അഥോറിറ്റി ആപ് എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളും സംവിധാനത്തിന്റെ ഭാഗമാണ്.
സംസ്ഥാനത്തെ ആശുപത്രികളില്‍ നിന്നുള്ള ബയോ മെഡിക്കല്‍ വേസ്റ്റ് തമിഴ്നാട്ടില്‍ കൊണ്ടുപോയി തട്ടിയത് വിവാദമായതിനെ തുടര്‍ന്ന് നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിന്റെ നിര്‍ദേശപ്രകാരമാണ് മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ജിപിഎസ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സംസ്ഥാനത്തിന് പുറത്തേക്ക് മാലിന്യം കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങളിലും മോട്ടോര്‍ വാഹന വകുപ്പിന്റെ നിബന്ധനകള്‍ക്കനുസരിച്ചുള്ള ജിപിഎസ് ഘടിപ്പിക്കണം.
മാലിന്യ ഉത്പാദകന് മുതല്‍ സ്വീകരിക്കുന്നവര്‍ വരെയുള്ള മുഴുവന്‍ മാലിന്യ സംസ്കരണ പ്രക്രിയയും ജിപിഎസ് സഹായത്തോടെ തത്സമയം നിരീക്ഷിക്കുക, നിയമലംഘനങ്ങള്‍ കണ്ടെത്തുക, മുന്നറിയിപ്പുകള്‍ നല്‍കുക എന്നിവയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. സോളിഡ് വേസ്റ്റ് മാനേജ്മെന്റ് റൂള്‍സ്, പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് റൂള്‍സ്, ഇ-വേസ്റ്റ് മാനേജ്മെന്റ് റൂള്‍സ്, ഹസാര്‍ഡസ് ആന്‍ഡ് അദര്‍ വേസ്റ്റ് റൂള്‍സ് എന്നിവ പ്രകാരം അനുവദനീയമായ നോണ്‍-ബയോഡീഗ്രേഡബിള്‍ വേസ്റ്റ്, റിഫ്യൂസ് ഡിറൈവ്ഡ് ഫ്യൂവല്‍, ഇ-വേസ്റ്റ്, ഹസാര്‍ഡസ് വേസ്റ്റ് എന്നിവ മാത്രമേ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ അനുവാദമുള്ളൂ.
ബയോമെഡിക്കല്‍ വേസ്റ്റ്, ബയോഡീഗ്രേഡബിള്‍ വേസ്റ്റ് എന്നിവ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ അനുവാദമില്ല. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ എന്‍ഫോഴ്സ്മെന്റ് അഥോറിറ്റി വാഹനം പിടിച്ചെടുക്കും. അതിര്‍ത്തി കടക്കുന്ന വാഹനങ്ങള്‍ നിരീക്ഷിക്കുന്നതിനായി പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് അതിര്‍ത്തികളില്‍ കണ്ട്രോള് റൂം സ്ഥാപിക്കും.വാഹനങ്ങളില്‍ കയറ്റുന്ന മാലിന്യം എവിടെയാണ് നിക്ഷേപിക്കുന്നതെന്നും ഏതെല്ലാം റൂട്ടുകളിലൂടെയാണ് കടന്നുപോകുന്നതെന്നുമുള്ള കൃത്യമായ വിവരങ്ങള്‍ ജിപിഎസ് സംവിധാനത്തിലൂടെ മനസിലാക്കാനാകും.