Kerala
പത്തനംതിട്ട: റാന്നിയില്‍ ഗ്യാസ് ശ്മശാനത്തില്‍ തീ പടര്‍ന്ന് അപകടം. സംസ്കാര ചടങ്ങുകളുടെ ഭാഗമായി കര്‍പ്പൂരം കത്തിച്ചപ്പോഴായിരുന്നു അപകടം ഉണ്ടായത്.
റാന്നി പഴവങ്ങാടി പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ശ്മശാനത്തില്‍ തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം ഉണ്ടായത്. പുതുമണ്‍ സ്വദേശിനിയായ സ്ത്രീയുടെ സംസ്കാര ചടങ്ങിനിടെയാണ് സംഭവം.
മൃതദേഹം സംസ്കരിക്കാന്‍ ഉപയോഗിക്കുന്ന ഫര്‍ണസില്‍ നിന്നും ഗ്യാസ് ചോര്‍ന്നിരുന്നു. മതപരമായ ചടങ്ങിന്റെ ഭാഗമായി ചിതയ്ക്ക് തീ കൊളുത്താന്‍ കര്‍പ്പൂരം കത്തിച്ചപ്പോൾ തീ ആളി കത്തുകയായിരുന്നു.
കര്‍പ്പൂരം കത്തിച്ച വ്യക്തിക്ക് മുഖത്തും കൈകാലുകള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. പരിക്ക് ഗുരുതലമല്ലെന്നാണ് വിവരം. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്മശാനത്തില്‍ മതപരമായ ചടങ്ങുകള്‍ക്ക് അനുമതിയില്ലെന്ന് ഗ്രാമ പഞ്ചായത്ത് അറിയിച്ചു. സംഭവത്തില്‍ ശ്മശാന ജീവനക്കാര്‍ വീഴ്ച പറ്റിയെന്നും പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് വിശദീകരിച്ചു.
Kerala
പാലക്കാട്: വാളയാറില്‍ ഫോം നിര്‍മാണ കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ ഒരാള്‍ക്ക് പൊള്ളലേറ്റു. പതിനാലാം കല്ലിലുള്ള പൂലമ്പാറയില്‍ സ്ഥിതിചെയ്യുന്ന പ്യാരിലാല്‍ ഫോംസ് എന്ന കമ്പനിയിൽ ഇന്നു പുലര്‍ച്ചെ മൂന്നിനാണ് തീപിടിത്തം ഉണ്ടായത്.
രണ്ടു ഗോഡൗണുകൾ കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. പാലക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളിൽനിന്നുള്ള സംഘമെത്തി ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. തീയും പുകയും പൂർണമായി നിയന്ത്രണ വിധേയമായെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
Kerala
കൊച്ചി: മൂവാറ്റുപുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി റോഡില്‍ വാഴപ്പിള്ളിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.
മൂവാറ്റുപുഴയില്‍ നിന്ന് പെരുമ്പാവൂര്‍ ഭാഗത്തെക്ക് പോകുകയായിരുന്ന പായിപ്ര സൊസൈറ്റിപ്പടി സ്വദേശി എല്‍ദോസിന്റെ കാറിനാണ് തീപിടിച്ചത്.
ഓട്ടത്തിനിടെ കാറിന്റെ ബോണറ്റിൽനിന്നു പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട എല്‍ദോസ് ഉടന്‍ തന്നെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയതിനാല്‍ വൻ അപകടം ഒഴിവായി. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. മൂവാറ്റുപുഴ ഫയര്‍ഫോഴ്സെത്തി തീയണച്ചു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ 10 പേര് മരിച്ചു. 26 പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെ പസമൈലാരം വ്യവസായികമേഖലയിലെ സിഗാച്ചി കെമിക്കല്‍ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയില്‍ വലിയതോതില്‍ തീപടര്‍ന്നു. ആറുപേര്‍ സംഭവസ്ഥലത്തുവെച്ചും ബാക്കിയുള്ളവര്‍ ആശുപത്രിയില്‍വെച്ചും മരിച്ചെന്നാണ് വിവരം. വിവിധയിടങ്ങളില്‍നിന്നുള്ള പതിനൊന്നോളം അഗ്നിരക്ഷാ യൂണിറ്റുകളും സംസ്ഥാന, ദേശീയ ദുരന്തനിവാരണസേനയും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
അപകടത്തിൽ പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണ്.