കൊല്ലം: രണ്ട് ഏക്കറിൽ മഞ്ഞിന്റെ യൂറോപ്യൻ അദ്ഭുതലോകം കൊല്ലത്തു സൃഷ്ടിക്കുകയാണ് ചുങ്കത്ത് ഗ്രൂപ്പ് ചെയർമാൻ രാജീവ് പോൾ ചുങ്കത്ത്. കടൽത്തീരത്ത് തിരുമുല്ലവാരം ബീച്ചിനോടു ചേർന്നു പ്രകൃതിരമണീയമായ ഗ്രാമീണഭൂമിയിലാണ് യൂറോപ്പ് സൃഷ്ടിക്കപ്പെടുന്നത്.
സമ്മർ ഇൻ ബെത്ലഹേം എന്ന പേരിട്ടിരിക്കുന്ന യൂറോപ്യൻ ഫെസ്റ്റ്, പ്രകൃതിദത്തമായ അദ്ഭുതങ്ങളുടെയും അതിമനോഹരമായ തീരപ്രദേശങ്ങളുടെയും സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും കടല്‍ത്തീരങ്ങളും പര്‍വതങ്ങളുമെല്ലാം നിറഞ്ഞ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയുടെയും പരമ്പരാഗത രുചിവൈവിധ്യങ്ങളുടെയുമെല്ലാം ആകെത്തുകയാകുകയാണ്.
കൊളോസിയം, ഈഫൽ ഗോപുരം തുടങ്ങിയവയുടെ മുന്നിൽനിന്നു സെൽഫിയെടുക്കാൻ ഇനി യൂറോപ്പിലേക്കു യാത്ര പോകേണ്ട. മനോഹരമായ വാസ്തുവിദ്യയുടെ നേര്‍ക്കാഴ്ച ഒരുക്കുന്ന പുരാതനമായ ഒട്ടേറെ കോട്ടകളും സ്മാരകങ്ങളും സഞ്ചാരികൾക്കു പ്രിയങ്കരമാകും.
ആറു മുതൽ എട്ട് അടി വരെ മിനിയേച്ചർ സ്മാരകങ്ങളുള്ള 16 യൂറോപ്യൻ നഗരങ്ങളും 3,000 ചതുരശ്ര അടി മഞ്ഞുമൂടിയ ലോകവും 18 ഡിഗ്രി സെൽഷസിൽ താഴെയുള്ള 20,000 ചതുരശ്ര അടി യൂറോപ്യൻ കാലാവസ്ഥ നൽകുന്ന നഗരവും സൃഷ്ടിച്ചുകൊണ്ടാണ് യൂറോപ്യൻ അനുഭവം സൃഷ്ടിക്കുന്നത്. ബെത്ലഹേമിന്റെ മാതൃകയിൽ രൂപംകൊണ്ട സ്നോവില്ലേജ് എല്ലാ പ്രായക്കാരെയും ആനന്ദിപ്പിക്കും.
മഞ്ഞുഡോമുകൾ, തിളങ്ങുന്ന ദീപങ്ങൾ, യൂറോപ്യൻ രാജ്യങ്ങളിലെ ലോകമഹാദ്ഭുതങ്ങൾ എല്ലാം ഒരു കുടക്കീഴിൽ നിറഞ്ഞുനിൽക്കുന്നു. സ്നോമാൻസ് സമ്മർഹോം, ഫ്ളാമെൻകോ ഡാൻസ് എന്നിവയും കല്ലുകൊണ്ടു പണിതവഴികളിലൂടെയും മറ്റു സവിശേഷമായ അലങ്കാരങ്ങളാലും വിസ്മയമൊരുക്കുന്ന ബേത്ലഹേമും ഒരുങ്ങുന്നു. ഫുഡ് കോർട്ടുകളും സുവനീർ ഷോപ്പുകളും സന്ദർശകർക്കായി തയാറാകും. ഭക്ഷണത്തിന്റെയും സംസ്കാരത്തിന്റെയും യൂറോപ്യൻ അനുഭവം പകരാൻ ടേസ്റ്റ് ഓഫ് യൂറോപ്പ് കൂടാതെ ടൂറിസ്റ്റ് പാക്കേജുകളും വരവേൽക്കുന്നു.
സ്റ്റേജ് ലെഡ് മതിലുകളോടെ 10,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു എയർ കണ്ടീഷൻ ഓഡിറ്റോറിയം വേറെയുമുണ്ട്. ഷോപ്പിംഗിനായി 60 സ്റ്റാളുകളുള്ള ഒരു ക്രിസ്മസ് ഗ്രാമവും ക്രമീകരിച്ചിരിക്കുന്നു. നവംബർ ഒന്നിനു സമ്മർ ഇൻ ബേത്ലഹേമിന്റെ വാതിലുകൾ തുറക്കപ്പെടും.
ഉച്ചയ്ക്കു മൂന്നു മുതൽ രാത്രി ഒന്പതുവരെ ഈ യൂറോപ്യൻ ലോകത്ത് ആനന്ദിക്കാം. പ്രവേശനം പാസ് മൂലമാണ് ക്രമീകരിച്ചിരിക്കുന്നത്. നവംബർ ഒന്നിനു വൈകുന്നേരം ആറിന് സിനിമാതാരങ്ങളും വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന സ്റ്റേജ് ഷോ ഒരുക്കിയിരിക്കുന്നു. ചുങ്കത്ത് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് കൊല്ലത്ത് യൂറോപ്പിന്റെ മായികലോകം തുറക്കുന്നത്.