ഹിജാബിന്റെ പേരിൽ കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമങ്ങൾ വിജയിക്കാത്തതിൽ ആശ്വസിക്കാം. യൂണിഫോം നിശ്ചയിക്കാനുള്ള അവകാശത്തിൽ ഉറച്ചുനിന്ന സെന്റ് റീത്താസ് സ്കൂളിന്റെ നിലപാടും പ്രശ്നം വഷളാക്കാൻ താത്പര്യമില്ലെന്ന വിദ്യാർഥിനിയുടെ പിതാവിന്റെ നിശ്ചയദാർഢ്യവും അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി ഹർജി തീർപ്പാക്കി.
സ്കൂൾ മാനേജ്മെന്റുകൾക്ക് വിദ്യാർഥികളുടെ യൂണിഫോം തീരുമാനിക്കാമെന്നു ഹിജാബ് വിഷയത്തിൽതന്നെ കോടതികൾ വിധിച്ചിട്ടുള്ളതാണ്. എന്നിട്ടും ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ ലംഘിച്ചെന്ന സ്ഥാപിതതാത്പര്യക്കാരുടെ ദുർവ്യാഖ്യാനങ്ങൾ പലരും അറിഞ്ഞോ അറിയാതെയോ ഏറ്റെടുത്തു. ഭാവിയിലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളെ മത-രാഷ്ട്രീയ മുതലെടുപ്പിന്റെ വേദിയാക്കരുത്.
ഹിജാബ് വിഷയത്തിൽ മുൻ കോടതിവിധികളെ കണക്കിലെടുത്തും മതേതരത്വത്തെയും മതസൗഹാർദത്തെയും ഓർമിപ്പിച്ചുമുള്ള ഹൈക്കോടതിവിധി എല്ലാ സ്ഥാപിതതാത്പര്യങ്ങളെയും നിഷ്പ്രഭമാക്കുന്നതായി. “ഹിജാബ് വിഷയത്തിൽ കോടതി വാദം കേട്ടു. വിദ്യാര്‍ഥിനിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റാന്‍ തീരുമാനിച്ചെന്നു രക്ഷിതാക്കള്‍ അറിയിച്ചതിനാൽ ഹർജിയിലെ വിഷയങ്ങളിലേക്ക് കടക്കേണ്ടതില്ല. വിഷയം വഷളാക്കരുതെന്നാണ് താത്പര്യമെന്നു സർക്കാരും പറഞ്ഞിരിക്കുന്നു. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിലൊന്നായ സാഹോദര്യം ശക്തമായി നിലനില്ക്കുന്നുവെന്നതും ഈ കോടതി ശ്രദ്ധിക്കുന്നു. ഇതോടെ ഹർജിയിലെ നടപടികള്‍ അവസാനിപ്പിക്കുകയാണ്”.
ബന്ധപ്പെട്ടവർക്കെല്ലാം തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ കോടതിയിൽ അവസരം ലഭിച്ചു. തീവ്രവാദ സംഘടനകളാണ് വിഷയം ആളിക്കത്തിച്ചതെന്നും അത്തരം ആളുകൾക്കൊപ്പമാണ് രക്ഷിതാവ് സ്കൂളിലെത്തിയതെന്നും വാദിച്ച സ്കൂൾ, ഇത്തരം ഇടപെടലുകൾക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐ ആണ് നേതൃത്വം നൽകിയതെന്നും വ്യക്തമാക്കി.
ജനപ്രതിനിധികളുടെ നേതൃത്വത്തിൽ രമ്യമായി പരിഹരിച്ച വിഷയം വിദ്യാഭ്യാസമന്ത്രി വഷളാക്കിയെന്നും സെന്റ് റീത്താസ് സ്കൂളിനുവേണ്ടി ഹാജരായ വക്കീൽ ആരോപിച്ചു. “പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തി. രാഷ്ട്രീയ ഇടപെടലുണ്ടായി. മന്ത്രിയുടെ ഓഫീസിൽനിന്നുപോലും വിദ്യാർഥിനിയുടെ പിതാവിനെ ഫോൺ വിളിച്ചു. രക്ഷിതാവിന്റെ ഫോൺകോളുകൾ പരിശോധിക്കണം. പല രാജ്യങ്ങളിലും ഹിജാബ് നിരോധിച്ചതാണ്”. വക്കീൽ ചൂണ്ടിക്കാട്ടി.
ലത്തീൻ കത്തോലിക്കാ മാനേജ്മെന്റ് രാജ്യത്ത് നിരവധി സ്കൂളുകൾ നടത്തുന്നുണ്ടെങ്കിലും ഇവിടെ മാത്രമാണ് പ്രശ്നമെന്നു വിദ്യാർഥിനിയുടെ അഭിഭാഷകനും പറഞ്ഞു. മകളുടെ ഭാവിയും തുടർപഠനവും ഉദ്ദേശിച്ചും സംഘർഷ സാധ്യതകൾ ഒഴിവാക്കാനും മറ്റൊരു സ്കൂളിലേക്കു മാറ്റാനാണു തീരുമാനമെന്ന വിദ്യാർഥിനിയുടെ പിതാവിന്റെ നിലപാട് പ്രശ്നപരിഹാരത്തെ ത്വരിതപ്പെടുത്തി.
കത്തോലിക്കാ സ്കൂളിൽ പഠിച്ച തനിക്ക് അവരുടെ പ്രവർത്തനരീതിയും സിസ്റ്റേഴ്സിനെയും അറിയാമെന്നും ജഡ്ജി വ്യക്തമാക്കി. സ്കൂളിന്റെ നൈയാമിക അവകാശങ്ങളിൽ ഉറച്ചുനിന്നതിന്റെ പേരിൽ മതമൗലികവാദികളിൽനിന്നും വിഷയത്തിൽ അജ്ഞരായ വികാരജീവികളിൽനിന്നും അപമാനം സഹിക്കേണ്ടിവന്ന സ്കൂൾ മാനേജ്മെന്റിനും പ്രിൻസിപ്പലിനും ആശ്വാസവും ആത്മവിശ്വാസവും പകരുന്നതായി ജഡ്ജിയുടെ നിരീക്ഷണവും വിധിയും.
ലോകോത്തരമായ ഒരു ജനാധിപത്യ-മതേതര ഭരണഘടന നമുക്കുണ്ട്. വിവാദങ്ങളോ തർക്കങ്ങളോ ഉണ്ടാകുന്പോൾ അതിനെ വ്യാഖ്യാനിക്കാൻ കോടതികളുമുണ്ട്. വിദ്യാർഥികളുടെ യൂണിഫോമിനെക്കുറിച്ചു പറയുന്പോൾ, കന്യാസ്ത്രീക്ക് തലമുണ്ട് ധരിക്കാമെങ്കിൽ വിദ്യാർഥിനിക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നൊക്കെയുള്ള തെറ്റിദ്ധരിപ്പിക്കുന്ന താരതമ്യങ്ങൾ ഉയർന്നിരുന്നു.
അധ്യാപകർക്കും യൂണിഫോം നിർബന്ധിതമാക്കുകയും എല്ലാ മതങ്ങളുടെയും അടിസ്ഥാന ശൈലികൾ അനുവദിക്കുന്ന എസെൻഷ്യൽ റിലീജിയസ് പ്രാക്ടീസ് നിരോധിക്കുകയും ചെയ്യുന്ന കാലത്ത് നമുക്ക് അതു ചർച്ച ചെയ്യാവുന്നതാണ്. ഹിജാബിൽ വരാനിരിക്കുന്ന സുപ്രീംകോടതിവിധിയും നാം അംഗീകരിക്കും.
ഹിജാബ് സംഭവം, സ്ത്രീകൾ പുരുഷന്മാർക്കൊപ്പമോ അതിലേറെയോ നേട്ടങ്ങൾ കൈവരിക്കുന്ന പരിഷ്കൃതകാലത്ത് ആത്മപരിശോധനകൾക്കും വഴിതെളിക്കണം. മെഹ്സ അമിനിയെന്ന യുവതിയെ, ഹിജാബിനു പുറത്ത് മുടി കണ്ടെന്നു പറഞ്ഞ് തടവിലിട്ടു കൊല്ലുകയും അതിന്റെ പേരിൽ സമരത്തിനിറങ്ങിയ നൂറുകണക്കിനു പെൺകുട്ടികളെ വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്ത ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനെയ്യുടെ മുതിര്‍ന്ന ഉപദേഷ്ടാവായ അലി ഷംഖാനിയുടെ മകള്‍ പശ്ചാത്യശൈലിയിലുള്ള സ്ട്രാപ്പ്ലെസ് വിവാഹ വേഷത്തിൽ നിൽക്കുന്ന ഫോട്ടോയും വാർത്തയും പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്.
ഇവിടെ ഹിജാബ് വിവാദം നടന്നുകൊണ്ടിരിക്കുന്പോൾതന്നെ. പുരുഷന്മാർക്കൊപ്പം വിദ്യാർഥിനിയെ ഒരു വേദിയിൽ കയറാൻ അനുവദിക്കാത്ത, ആൺകുട്ടികളെപ്പോലെ സൗകര്യപ്രദമായ പാന്റ്സ് ധരിക്കാൻ അനുവദിക്കാത്ത, അധ്യാപകരുടെ മേൽനോട്ടത്തിൽപോലും ഒരു കായികനൃത്തത്തിന് അനുവദിക്കാത്ത... പുരുഷാധിപത്യം, സ്കൂൾ കുട്ടികളെ ഹിജാബ് ധരിപ്പിച്ചില്ലെങ്കിൽ ഭരണഘടനാ ലംഘനമാണെന്നു തർക്കിക്കുന്നതിൽ അതിശയമില്ല. അതാണ് അവരുടെ മതവീക്ഷണം. പക്ഷേ, വിചിത്രമെന്നു പറയട്ടെ, ആദ്യം പറഞ്ഞ മൂന്നു സംഭവങ്ങളിലും വായ തുറക്കാത്തവരും ഹിജാബ് വിഷയത്തിൽ ധാർമികരോഷം കൊണ്ടു. എന്തു സ്ത്രീ-പുരുഷ തുല്യതയും നവോത്ഥാനവുമാണ് ഇവരൊക്കെ കൊണ്ടുവരാനിരിക്കുന്നത്!
ഇനിയെങ്കിലും ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്നവർ സ്കൂളുകളിലെ യൂണിഫോം കോഡ് അറിഞ്ഞതിനുശേഷം മാത്രം ചേരുക. ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്നവരാകണമെന്നില്ല എല്ലാവരും. അത്തരം ചിലരും സെന്റ് റീത്താസിൽ ചേർന്നിട്ടുണ്ടാകാം. അവർക്കും അവസരമുണ്ടാകട്ടെ. ഈ സ്കൂളിലെ പ്രിൻസിപ്പൽ നാളെ സഭയുടെ കീഴിലുള്ള മറ്റൊരു സ്കൂളിലെത്തുന്പോൾ, ഹിജാബ് അനുവദനീയമാണെങ്കിൽ, അവിടത്തെ യൂണിഫോം നിബന്ധനകൾക്കുവേണ്ടി നിലകൊള്ളും. എല്ലാവരെയും ചേർത്തുനിർത്താൻ ഒരു മടിയും കാണിച്ചിട്ടില്ലാത്ത സഭാസ്ഥാപനങ്ങളുടെ അത്തരം അച്ചടക്ക നടപടികൾ വിദ്യാഭ്യാസ നിലവാരത്തെ ഉയർത്തിയിട്ടേയുള്ളൂ. അച്ചടക്കം സ്നേഹ-സാഹോദര്യങ്ങൾക്കു വിരുദ്ധമാണെന്നു പ്രചരിപ്പിക്കുന്നവർക്കു ലക്ഷ്യം വേറെയാണ്.
മതനിന്ദയ്ക്കും സൈബർ ആക്രമണങ്ങൾക്കും വ്യക്തിഹത്യക്കും ഇരയായിട്ടും നിലപാടിൽ ഉറച്ചുനിന്ന കന്യാസ്ത്രീയായ പ്രിൻസിപ്പലും മതസംഘടനയുടെയോ രാഷ്ട്രീയക്കാരുടെയോ സ്ഥാപിതതാത്പര്യത്തിനു വഴങ്ങാതെ പൊതുനന്മയ്ക്കായി നിലകൊണ്ട വിദ്യാർഥിനിയുടെ പിതാവും അഭിനന്ദനം അർഹിക്കുന്നു. ഒരു കുറ്റവും ചെയ്തിട്ടില്ലാത്ത ആ വിദ്യാർഥിനി ആത്മവിശ്വാസത്തോടെ വിജയത്തിന്റെ പുതിയ പടവുകൾ കയറട്ടെ. വെള്ളം കലക്കിയവരും അതിൽ മീൻ പിടിക്കാനിറങ്ങിയവരും സ്ഥലം വിടട്ടെ.