മാനന്തവാടി: അഞ്ച് വർഷത്തെ മികച്ച നേട്ടങ്ങൾ അവതരിപ്പിച്ച് എടവക ഗ്രാമപ്പഞ്ചായത്ത് വികസന സദസ്. നാലാംമൈൽ ജ്യോതി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.
നാടിന്റെ വികസനത്തിനായി കക്ഷി രാഷ്ട്രീയം നോക്കാതെ പ്രവർത്തിക്കണമെന്നും ജനങ്ങളുടെ ക്ഷേമത്തിന് പ്രാധാന്യം നൽകിയാവണം വികസന പ്രവർത്തനങ്ങൾ ആവിഷ്കരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങൾ വികസന സദസിൽ അവതരിപ്പിച്ചു.
എടവക ഫാമിലി ഹെൽത്ത് സെന്ററിന് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് അംഗീകാരം, വാളേരി ഹോമിയോ ഡിസ്പെൻസറിയ്ക്ക് എൻഎബിഎച്ച് അംഗീകാരം, ജില്ലയിൽ കിടത്തി ചികിത്സയുള്ള ജില്ലയിലെ ഏക ആയുർവേദ ആശുപത്രിയായ ദ്വാരക തുടങ്ങിവ ആരോഗ്യ മേഖലയിൽ പഞ്ചായത്ത് കൈവരിച്ച മികച്ച നേട്ടങ്ങളാണ്. എടവക കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള എട്ട് സബ്സെന്ററുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി.
ദ്വാരക ആയുർവേദ ആശുപത്രിയിൽ ഫിസിയോതെറാപ്പി യൂണിറ്റ്, പഞ്ചകർമ ചികിത്സയ്ക്ക് പുറമെ നേത്രരോഗ ചികിത്സയ്ക്കായി ഓട്ടോ ഡിക്ടറ്റോ മീറ്ററും സ്ഥാപിച്ചു. മറ്റു ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ചികിത്സക്കായി ആളുകൾ ഇവിടെ എത്തുന്നുണ്ട്. എടവക ഫാമിലി ഹെൽത്ത് സെന്ററിൽ ഫിസിയോതെറാപ്പി, എക്സ്റേ യൂണിറ്റുകൾക്കായി പ്രാരംഭ നടപടികൾ ആരംഭിച്ചു. ഓട്ടോമേറ്റഡ് ബയോ കെമിസ്ട്രി അനലൈസറടക്കം ആധുനിക സൗകര്യങ്ങളോടെ ലാബും പ്രവർത്തിക്കുന്നുണ്ട്.
രാജ്യത്തുതന്നെ ആദ്യമായി ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കി സ്വന്തമായി ക്ലൈമറ്റ് ആക്ഷൻ പഠനം നടത്തി. ജിഐഎസ് മാപ്പിംഗ് മുഖേന ഡിജിറ്റൽ സർവേ പൂർത്തിയാക്കിയതും എടവക പഞ്ചായത്തിന്റെ നേട്ടങ്ങളാണ്. 415 വീടുകളാണ് ലൈഫ് ഭവന പദ്ധതിയിൽ പൂർത്തീകരിച്ചത്. ബാക്കിയുള്ളവയുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു.
എടവക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. വിജോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിരാ പ്രേമചന്ദ്രൻ, എടവക ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിഹാബുദ്ദീൻ അയാത്ത്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ, അസിസ്റ്റന്റ് സെക്രട്ടറി അസീസ്, ഹെഡ് ക്ലർക്ക് ബൈജു, കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.