ഈസ്റ്റ് ലണ്ടൻ: ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനിൽ മലയാളികൾ ഓണം ആഘോഷിച്ചു. ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ(എൽമ) നേതൃത്വത്തിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ച എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ് ജോസഫ്സ് പ്രിപ്പറേറ്ററി ആൻഡ് കോളജിലായിരുന്നു ഓണാഘോഷം. ഓണാഘോഷത്തിൽ മൂന്നൂറോളം അംഗങ്ങൾ പങ്കെടുത്തു.
എൽമ അംഗമായ പിയൂസ് തോമസിന്റെ സെന്റ് ജോസഫ്സ് പ്രിപ്പറേറ്ററി ആൻഡ് കോളജിലുള്ള ആംഫീതീയറ്ററിലേ ആദ്യ ഔദ്യോഗിക പരിപാടിയായി ഓണം ആഘോഷിച്ചു. കുടുംബ ഫോട്ടോ സെഷനോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
തുടർന്ന് ചെയർമാൻ സൈമൺ സ്വാഗതം പറഞ്ഞു. റിട്ടയേർഡ് അധ്യാപകൻ കെ.എൽ. ജോസഫ് ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. മേജോ സെബാസ്റ്റ്യന്റെ മഹാബലി വേഷത്തോടെ പരിപാടികൾക്ക് അരങ്ങേറ്റം കുറിച്ചു.
തുടർന്ന് രേണു പ്രസാദ് ഓണസന്ദേശം നൽകി. ഡർബനിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള മനോജ് രഞ്ജൻ ഭാരതിയും തഥാഗത ബിസ്വാസും മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. മാന്യ എംപിഎൽ അനിൽകുമാർ കേശവപിള്ള മുഖ്യാതിഥികളെ സ്വാഗതം ചെയ്തു.
എൽമയ്ക്കായി വർഷങ്ങളായി സേവനമനുഷ്ഠിച്ച പ്രസാദ് മാത്യു, ജി.പി.ആർ. പ്രസാദ്, പിയൂസ് തോമസ്, വിനോദ് കുമാർ എന്നിവരെ ആദരിച്ചു. അന്താരാഷ്ട്ര തലത്തിൽ കരാട്ടയിൽ മത്സരിച്ച എൽമയിലെ കുട്ടികളായ അമൻ സിറിയാക്, തേജസ് വിനോത്, സ്റ്റീഫൻ ലൂക്കോസ് എന്നിവർക്ക് ട്രോഫികൾ സമ്മാനിച്ചു.
അതേ ദിവസം നടന്ന കരാട്ടെ ഗ്രേഡിംഗ് ചടങ്ങായ "ഷോഡാൻ'-ൽ ഇവർ ബ്ലാക്ക് ബെൽറ്റും കരസ്ഥമാക്കി. ആഘോഷത്തിന് കരുത്തുനൽകി പ്രവർത്തിച്ച സബ്കമ്മിറ്റി കോഓർഡിനേറ്റർമാർക്കും ഉപഹാരം നൽകി ആദരിച്ചു.
ലൂക്കോസ്, സുശാന്ത് നായർ, രാജി സുനിൽ, റോജി ജോമി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. വിനി ആൻ റോബിമോൻ കൃതകജ്ഞത അർപ്പിച്ചു.
2025-2026 എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ:
ചെയർമാൻ: പ്രഫ. സൈമൺ ക്രിസ്റ്റഫർ ഫെർണാണ്ടസ്, വൈസ് ചെയർപേഴ്സൺ: അനീഷ തോമസ്, സെക്രട്ടറി: വിനി ആൻ റോബിമോൻ, ജോയിന്റ് സെക്രട്ടറി: ഡോ. റോണി ആന്റണി, ട്രഷറർ: വിനോത് കുമാർ ശങ്കർ, ഓഡിറ്റർ: മാക്സ് മാത്യു, ഇവന്റ് കോഓർഡിനേറ്റർ: സൗമ്യ സൂസൻ സൈമൺ.