കോഴിക്കോട്: ജല്‍ജീവന്‍ മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് പൊളിച്ച റോഡുകളുടെ പ്രവൃത്തി അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കണമെന്നും അനിശ്ചിതാവസ്ഥ പരിഹരിക്കണമെന്നും ജില്ലാ വികസന വികസന സമിതി യോഗത്തില്‍ ആവശ്യം. 
ജില്ലയില്‍ എല്ലായിടത്തും പദ്ധതിയുമായി ബന്ധപ്പെട്ട് പൊളിച്ച റോഡുകള്‍ ശോച്യാവസ്ഥയിലായതിനാല്‍ പ്രശ്നങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. കരാറുകാര്‍ റോഡുകളുടെ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്ന് കുഞ്ഞമ്മദ്കുട്ടി എംഎല്‍എ ആവശ്യപ്പെട്ടു.
പെരിഞ്ചേരി കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പ്രവൃത്തി തുലാവര്‍ഷം കഴിഞ്ഞയുടന്‍ സമയക്രമം നിശ്ചയിച്ച് പൂര്‍ത്തിയാക്കണമെന്നും ലോകനാര്‍കാവ് മ്യൂസിയത്തിന്റെ പ്രവൃത്തി ജനുവരിയില്‍ പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. 
ബജറ്റില്‍ ആറ് കോടി രൂപ അനുവദിച്ച കുറ്റിയൂട്ട് ബൈപാസിന്റെയും വാണിമേല്‍ പുഴയുടെ സ്വാഭാവികത വീണ്ടെടുക്കല്‍ പ്രവൃത്തിയുടെയും തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് ഇ.കെ. വിജയന് എംഎല്‍എ നിര്‍ദേശിച്ചു. എയിംസിന് വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ വില എത്രയും വേഗം നിര്‍ണയിക്കാന്‍ കെ.എം. സച്ചിന് ദേവ് എംഎല്‍എ ആവശ്യപ്പെട്ടു.
കൂരാച്ചുണ്ട് വനാതിര്‍ത്തിയില്‍ 20 കിലോമീറ്റര്‍ ഹാങ്ങിംഗ് ഫെന്‍സിംഗ് സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ റിപ്പോര്‍ട്ട് അടുത്ത വികസന സമിതിയില്‍ വെക്കാനും നമ്പികുളം ഇക്കോ ടൂറിസം പ്രവൃത്തി, കൂട്ടാലിട ടൗണ്‍ നവീകരണ പ്രവൃത്തി എന്നിവ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കാനും എംഎല്‍എ ആവശ്യപ്പെട്ടു. ഒളവണ്ണ പഞ്ചായത്തിലെ ഒടുമ്പ്ര പേള്‍ പാര്‍ക്ക് ഒന്നിലെ താമസക്കാര്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന ആവശ്യം പി.ടി.എ. റഹീം എംഎല്‍എ ഉന്നയിച്ചു.
ദേശീയപാത 766ലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സംവിധാനങ്ങളൊരുക്കാനും എംഎല്‍എ നിര്‍ദേശിച്ചു. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കോരപ്പുഴയിലേക്കുള്ള ഒഴുക്ക് തടസപ്പെടുന്ന രീതിയിലുള്ള കരിങ്കല്‍ അവശിഷ്ടങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്യാന്‍ തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ ആവശ്യപ്പെട്ടു.
നോര്‍ത്ത് നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളിലെ കുഴികള്‍ അടക്കാന്‍ നടപടി വേഗത്തിലാക്കാനും എംഎല്‍എ നിര്‍ദേശിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വികസന സമിതിയില്‍ എഡിഎം സി. മുഹമ്മദ് റഫീഖ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ആര്. രത്നേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.