പുൽപ്പള്ളി: യുഡിഎഫ് നേതൃത്വം നൽകുന്ന പൂതാടി പഞ്ചായത്ത് ഭരണസമിതിക്ക് വികസന കാഴ്ചപ്പാടില്ലാത്തതിനാൽ നികത്താനാവാത്ത നഷ്ടങ്ങളാണ് പഞ്ചായത്തിനുണ്ടായതെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സംസ്ഥാന സർക്കാർ വിവിധ പദ്ധതികളിലൂടെ പഞ്ചായത്തിന് അനുവദിച്ച 83.43 കോടി രൂപയിൽ ഈ ഭരണസമിതിയുടെ കെടുകാര്യസ്ഥതമൂലം 38.15 കോടിരൂപയാണ് നഷ്ടപ്പെട്ടത്. നിരവധി ഗ്രാമീണ റോഡുകളാണ് തകർന്ന് കാൽനട യാത്രപോലും സാധ്യമല്ലാതെ കിടക്കുന്നത്.
ലൈഫ് ഭവന പദ്ധതി, കുടിവെള്ള പദ്ധതി, കുടുംബാരോഗ്യ കേന്ദ്രത്തിലെ ശോച്യാവസ്ഥ, ഉന്നതികളിലെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിലൊന്നും പരിഹാരം കാണാൻ ഈ ഭരണസമിതിക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ കാലത്തുണ്ടാക്കിയ എല്ലാ നേട്ടങ്ങളും നിലവിലെ ഭരണസമിതിനേതൃത്വം ഇല്ലാതാക്കി.
നാടിന്റെ വികസന പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിൽ ശ്രദ്ധിക്കാൻ ഈ ഭരണസമിതിക്ക് സാധിച്ചിട്ടില്ല. എൽഡിഎഫ് കണ്‍വീനർ ഇ.കെ. ബാലകൃഷ്ണൻ, രുക്മിണി സുബ്രഹ്മണ്യൻ, ജോസ് പനമട, കെ.എം. ബാബു, എ.ജെ. കുര്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.