കോട്ടയം: ഓൺലൈനിൽ മലയാളത്തിൽ വാർത്ത ലഭിക്കുക എന്നതു സ്വപ്നം മാത്രമായിരുന്ന കാലത്തായിരുന്നു മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപികയുടെ ആ ചുവടുവയ്പ്. മലയാളത്തിൽ ഒരു വാർത്താ വെബ്സൈറ്റ്. പത്രപ്രവർത്തനരംഗത്തു പല പുതുമകളും മലയാളികൾക്കു സമ്മാനിച്ച ദീപികതന്നെ ചരിത്രപരമായ ആ ദൗത്യം നിർവഹിച്ചു. മലയാളത്തിലെ ആദ്യത്തെ വാർത്താ പോർട്ടൽ ‘ദീപിക ഡോട്ട് കോമി’ന് അങ്ങനെ 1997ൽ തുടക്കം.
ലോകമെന്പാടുമുള്ള മലയാളികൾക്ക് ഒരു വിസ്മയമായി ദീപിക ഡോട്ട്കോം മാറി. അതുകൊണ്ട് “ദീപികയുടെ ഈ നേട്ടം കേരളത്തിന് അഭിമാനം’’- എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർ 1997 ഒക്ടോബർ ഒന്നിന് ദീപിക ഓൺലൈൻ മലയാളികൾക്കായി സമർപ്പിച്ചത്.
ട്രയൽ റൺ ഘട്ടത്തിൽത്തന്നെ അറുപതിനായിരത്തിലേറെ പേർ സന്ദർശിച്ച ദീപിക ഒാൺലൈൻ ഡിജിറ്റൽ വാർത്താലോകത്തു വിപ്ലവമായി മാറി. ഏറ്റവും കൂടുതൽ മലയാളികൾ വായിക്കുന്ന വാർത്താ പോർട്ടൽ എന്ന ബഹുമതിയിലേക്കാണ് മലയാളികൾ ദീപിക ഡോട്ട് കോമിനെ നയിച്ചത്.
നാട്ടുവിശേഷങ്ങൾ അറിയാൻ വെന്പൽകൊണ്ടിരുന്ന ലോകമലയാളികളുടെ ഹൃദയങ്ങളെ തൊട്ടുണർത്തിയ ദീപിക ഓൺലൈൻ ഇനി ആധുനിക കാലഘട്ടത്തിന്റെ മാറ്റങ്ങളോടെ വായനക്കാരിലേക്ക് എത്തുന്നു. നവീകരിച്ച വെബ്സൈറ്റും ദീപിക ഓൺലൈൻ ന്യൂസ് ചാനലും മ്യൂസിക് ചാനലും പ്രേക്ഷകരിലേക്ക്.