സുൽത്താൻ ബത്തേരി: വയനാട് ഡിസിസി ട്രഷറർ ബത്തേരി മണിച്ചിറ എൻ.എം. വിജയൻ, മകൻ ജിജേഷ് എന്നിവരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി മുൻ പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കോണ്ഗ്രസ് നേതാവായിരുന്ന കെ.കെ. ഗോപിനാഥൻ ബത്തേരി, ഡിസിസി മുൻ പ്രസിഡന്റ് പരേതനായ പി.വി. ബാലചന്ദ്രൻ അന്പലവയൽ എന്നിവരെ യഥാക്രമം ഒന്നുമുതൽ നാലുവരെ പ്രതികളാക്കിയാണ് ബത്തേരി ജൂഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചത്.
ബത്തേരി ഡിവൈഎസ്പി കെ.കെ. അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. നൂറോളം സാക്ഷി മൊഴികൾ, ബാങ്ക് ഇടപാട് രേഖകൾ, നേതാക്കൾ വിജയനുമായി നടത്തിയ ഫോണ് സംഭാഷണങ്ങളുടെ വിശദാംശങ്ങൾ, ഓഡിയോ ക്ലിപ്പുകൾ, വിജയന്റെ ഡയറിക്കുറിപ്പുകൾ, മറ്റു ഡിജിറ്റൽ തെളിവുകൾ എന്നിവ കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
കോണ്ഗ്രസ് ഭരണത്തിലുള്ള സഹകരണ ബാങ്കുകളിൽ ജോലി വാഗ്ദാനം ചെയ്ത് നടത്തിയ സാന്പത്തിക ഇടപാടുകളെത്തുടർന്നുള്ള മാനസിക പ്രശ്നങ്ങളാണ് വിജയനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിൽ. കേസിൽ ഒന്നു മുതൽ മൂന്നു വരെ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. സഹകരണ ബാങ്കിൽ ജോലി നൽകാമെന്നു പറഞ്ഞു പണം വാങ്ങിയെന്ന ആരോപണത്തിൽ പോലീസ് വിജിലൻസ് വിഭാഗം ഐ.സി. ബാലകൃഷ്ണൻ എംഎൽഎയെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിഷം കഴിച്ച എൻ.എം. വിജയൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2024 ഡിസംബർ 27നാണ് മരിച്ചത്. വിജയനൊപ്പം വിഷം അകത്തുചെന്ന ഇളയമകൻ ജിജേഷും ഇതേ ദിവസമാണ് മരിച്ചത്. കോണ്ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ ജോലി വാഗ്ദാനം ചെയ്ത് വിജയൻ ഇടനിലക്കാരനായി നിന്ന് അനേകം ആളുകളിൽനിന്നു പണം വാങ്ങിയിരുന്നു. ഇവരിൽ പലർക്കും ജോലി കൊടുക്കാനോ പണം തിരികെ നൽകാനോ വിജയനു കഴിഞ്ഞില്ല. പാർട്ടി താത്പര്യങ്ങൾ മുൻനിർത്തി വിജയൻ സ്വന്തം സ്വത്ത് പണയപ്പെടുത്തി ലക്ഷക്കണക്കിനു രൂപ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് എടുത്തിരുന്നു.
ജോലി വാഗ്ദാനം ചെയ്ത് വാങ്ങിയ പണം തിരികെ കൊടുക്കാനാകാത്തതും മറ്റു കടങ്ങൾ കുടിശികയായതും പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലായിരുന്നു വിജയന്റെ ആത്മഹത്യ.
ഇടനിലക്കാരനായി നിന്ന് വാങ്ങിയ പണം പാർട്ടിയിലെ നേതാക്കളിൽ ചിലർക്ക് കൈമാറിയതായാണ് വിജയന്റേതായി പിന്നീട് പുറത്തുവന്ന കത്തുകളിൽ പറയുന്നത്. ബാധ്യത വീട്ടുന്നതിന് പലവട്ടം കത്തുനൽകിയിട്ടും പാർട്ടി സഹായത്തിന് എത്തിയില്ലെന്ന ആരോപണവും കത്തുകളിൽ ഉണ്ടായിരുന്നു. മൂത്ത മകൻ വിജേഷിനും കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരനും അടക്കം എഴുതിയ കത്തുകളാണ് വിജയന്റെ മരണശേഷം പുറത്തുവന്നത്.
നേതാക്കൾ ആവശ്യപ്പെട്ടതനുസരിച്ചാണ് ബത്തേരി അർബൻ ബാങ്ക് നിയമനത്തിന് പണം വാങ്ങിയതെന്ന് കെ. സുധാകരന് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിജയന്റെ ബാധ്യതയിൽ ബത്തേരി അർബൻ ബാങ്കിൽ ഉണ്ടായിരുന്നതടക്കം ഏകദേശം ഒരു കോടി രൂപ കെപിസിസി തീർത്തിരുന്നു.
വിജയന്റെ മൂത്ത മകൻ വിജേഷിന്റെ ഭാര്യ പദ്മജ മണിച്ചിറയിലെ വീട്ടിൽ ഇടതുകൈയുടെ ഞരന്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയും ഡിസിസി ഓഫീസിനു മുന്പിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അർബൻ ബാങ്കിലെ കടം വീട്ടിയത്.
നിയമപരമായി നേരിടും: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ
സുൽത്താൻ ബത്തേരി: എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്നും ഐ.സി. ബാലകൃഷ്ണൻ എംഎൽഎ. കേസിനെ ഭയക്കുന്നില്ലെന്നും കോടതി നിർദേശപ്രകാരം അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു. കേസിൽ കുറ്റപത്രം സമർപ്പിച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് സുൽത്താൻ ബത്തേരിയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.