ന്യൂഡൽഹി: നേതൃനിരയിൽ അനൈക്യം നിലനിൽക്കുന്നുവെന്ന വിമർശനങ്ങൾക്കിടയിലും തദ്ദേശ തെരഞ്ഞെടുപ്പിനെ ഐക്യത്തോടെ നേരിടാൻ തയാറെടുത്ത് കോണ്‍ഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണം നവംബർ ഒന്നിന് ആരംഭിക്കാനും ഒറ്റക്കെട്ടായി മുന്നോട്ടു പോകാനും ഡൽഹിയിലെ പാർട്ടി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ നടന്ന യോഗത്തിൽ ദേശീയ നേതൃത്വം കേരളത്തിലെ നേതാക്കൾക്കു നിർദേശം നൽകി.
പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് പ്രധാന അജൻഡയാക്കിയുള്ള ചർച്ചകൾ. അഞ്ചു മണിക്കൂറോളം നീണ്ട മാരത്തണ്‍ ചർച്ചകളിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവരുൾപ്പെടെയുള്ള കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം പങ്കെടുത്തു.
വോട്ട് ചോരി മുതൽ ശബരിമല പ്രശ്നം, വന്യജീവി ആക്രമണം, ആശാ സമരം, വിദ്യാഭ്യാസനയം, യുവാക്കളുടെ തൊഴിൽപ്രശ്നം എന്നിങ്ങനെയുള്ള കേരളത്തിന്റെ എല്ലാ പ്രശ്നങ്ങളും യോഗത്തിൽ ചർച്ചയായി. എൽഡിഎഫ് സർക്കാരിനെതിരേയും ബിജെപിക്കെതിരേയും നിലനിൽക്കുന്ന ആരോപണങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ ആയുധങ്ങളാക്കാനാണു കോണ്‍ഗ്രസിന്റെ തീരുമാനം.
സണ്ണി ജോസഫും വി.ഡി. സതീശനും തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം ഹൈക്കമാൻഡിനുമുന്നിൽ അവതരിപ്പിച്ചു. പ്രചാരണതന്ത്രത്തിൽ മൊത്തത്തിൽ സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഹൈക്കമാൻഡ് ചില മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്.
അടിസ്ഥാനതലത്തിൽ എൽഡിഎഫ് സർക്കാരിനെതിരേ വലിയൊരു ഭരണവിരുദ്ധവികാരം നിലനിൽക്കുന്നുണ്ടെന്നും കോണ്‍ഗ്രസിന്റെ മഹത്വം കേരളത്തിൽ തിരികെ കൊണ്ടുവരുമെന്നും ദീപദാസ് മുൻഷി യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു.
കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷനേതാവിനും സുധാകരനും പുറമെ രമേശ് ചെന്നിത്തല, എം.എം. ഹസൻ, അടൂർ പ്രകാശ്, ശശി തരൂർ, കെ. മുരളീധരൻ, എ.പി. അനിൽകുമാർ, ഷാഫി പറന്പിൽ, പി.സി. വിഷ്ണുനാഥ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.