വത്തിക്കാൻ സിറ്റി: വിദ്യാഭ്യാസമെന്നതു കൂട്ടായ പ്രവർത്തനമാണെന്നും ആദ്യം അതുണ്ടാകേണ്ടതു കുടുംബത്തിൽനിന്നാണെന്നും ലെയോ പതിനാലാമൻ മാർപാപ്പ. ചോദ്യങ്ങളെ നിശബ്ദമാക്കാതെയും സംശയം പുറന്തള്ളാതെയും ഹൃദയവുമായി സംഭാഷണം നടത്തുക എന്നതാണു വിദ്യാഭ്യാസത്തിന്റെ രീതിയെന്നും മാർപാപ്പ വ്യക്തമാക്കി.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ക്രിസ്തീയവിദ്യാഭ്യാസത്തെക്കുറിച്ചുള്ള പ്രഖ്യാപനമായ ‘ഗ്രാവിസിമും എഡ്യുക്കാസ്യോനിസി’(Gravissimum educationis) ന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് മാർപാപ്പ പുറത്തിറക്കിയ ‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങൾ രൂപകല്പന ചെയ്യുക’ (Drawing New Maps of Hope) എന്ന പ്രത്യേക പ്രബോധനരേഖയിലാണ് ഈ ആഹ്വാനം.
വിദ്യാഭ്യാസമെന്നത് തലമുറകളിലേക്കു കൈമാറുന്ന സ്നേഹത്തിന്റെ ഒരു ദൗത്യമാണ്. ദ്രുതഗതിയിലുള്ള മാറ്റങ്ങളുടെയും ദിശാബോധമില്ലാത്ത അനിശ്ചിതത്വങ്ങളുടെയും പശ്ചാത്തലത്തിൽ വിദ്യാഭ്യാസമേഖലകൾ ക്രിസ്തുവിന്റെ വചനത്താൽ നയിക്കപ്പെടാൻ അനുവദിക്കണം. എല്ലാറ്റിനെയും നവമാക്കുന്ന സുവിശേഷം വിദ്യാഭ്യാസത്തിൽ അറിവും അർഥവും കൈമാറുന്നതിനുള്ള പുതിയ സാധ്യതകൾ തുറക്കുന്നുവെന്നും മാർപാപ്പ ചൂണ്ടിക്കാട്ടുന്നു.
യുദ്ധങ്ങൾ, കുടിയേറ്റങ്ങൾ, അസമത്വങ്ങൾ, ദാരിദ്ര്യം എന്നിവ മൂലമുണ്ടായ പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസമേഖലയിൽ കൂടുതൽ പ്രതിബദ്ധതയോടെ സേവനം ചെയ്യുവാനുള്ള സഭയുടെ കടമയെയും ലേഖനം ഓർമിപ്പിക്കുന്നു.
ഇക്കാര്യത്തിൽ സഭ ഒരു നല്ല അമ്മയും അധ്യാപികയുമാണെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടുന്നു. സാധാരണക്കാരുടെ വിദ്യാഭ്യാസത്തിനുവേണ്ടി സഭ നടത്തിയ അക്ഷീണമായ പ്രവർത്തനങ്ങളെയും ആഗോള വിദ്യാഭ്യാസതലത്തിൽ സഭ നൽകിയ സംഭാവനകളെയും ചൂണ്ടിക്കാട്ടിയ മാർപാപ്പ, ദരിദ്രരുടെ വിദ്യാഭ്യാസം സഭയുടെ കടമയാണെന്നും ഓർമിപ്പിക്കുന്നു.
സാങ്കേതിക വിദ്യകൾ പഠനപ്രക്രിയയെ സമ്പന്നമാക്കണം. സാങ്കേതിക പുരോഗതി ദൈവത്തിന്റെ സൃഷ്ടിപദ്ധതിയുടെ ഭാഗമാണ്. അതിനാൽ അവയെ ശത്രുതാപരമായ ഒന്നായി കണക്കാക്കരുത്.
കത്തോലിക്കാവിദ്യാഭ്യാസം ഒരു ദീപസ്തംഭമായി ഏവർക്കും അനുഭവിക്കുവാൻ ഇടയാകട്ടെയെന്നും സുവിശേഷത്തോടുള്ള വിശ്വസ്തത നഷ്ടപ്പെടാതെ വെല്ലുവിളികളെ പ്രത്യാശയോടെ നേരിടുവാനുള്ള കഴിവ് ഈ പ്രവർത്തങ്ങളിൽ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായും പ്രബോധനരേഖയിൽ മാർപാപ്പ പറയുന്നു.
വിശുദ്ധ തോമസ് അക്വീനാസിനൊപ്പം സഭയുടെ വിദ്യാഭ്യാസദൗത്യത്തിന്റെ മധ്യസ്ഥനായി വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ പ്രഖ്യാപിക്കുന്നതായും ലേഖനത്തിൽ മാർപാപ്പ അറിയിച്ചു.