കൊപ്പേൽ: ശനിയാഴ്ച സംഘടിപ്പിക്കുന്ന ചെറുപുഷ്പ മിഷൻ ലീഗ് (സിഎംഎൽ) ഷിക്കാഗോ രൂപതയുടെ മൂന്നാം വാർഷികത്തിന് ഒരുക്കങ്ങളായി. ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയുടെ രജത ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന ഈ പരിപാടിക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തുള്ള കൊപ്പേൽ സെന്റ് അൽഫോൻസാ സീറോമലബാർ കത്തോലിക്കാ ഇടവക പരിപാടികൾക്ക് ആതിഥേയത്വം വഹിക്കും. അന്നേദിവസം രാവിലെ 9.45ന് മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് പറപ്പള്ളിൽ പതാക ഉയർത്തുന്നതോടുകൂടി പരിപാടികൾക്ക് തുടക്കമാകും.
കൊപ്പേൽ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട് ഏവർക്കും സ്വാഗതം ആശംസിക്കും. മിഷൻ ലീഗ് അംഗങ്ങൾക്കായി നടക്കുന്ന സെമിനാറിൽ രൂപതാ ജോയിന്റ് ഡയറക്ടർ സിസ്റ്റർ ആഗ്നസ് മരിയ എംഎസ്എംഐ, ഫാ. ഡായി കുന്നത്ത് എന്നിവർ ക്ലാസുകൾ നയിക്കും.
തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയിൽ ഷിക്കാഗോ രൂപതാ ബിഷപ് മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിക്കും. ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തും വിവിധ ഇടവകളിൽ നിന്നുമുള്ള വൈദികരും സഹകാർമികരാകും.
ഉച്ചകഴിഞ്ഞു 1.30ന് നടക്കുന്ന പ്രേഷിത റാലിയിൽ ടെക്സസ്, ഒക്ലഹോമ സംസ്ഥാനങ്ങളിലെ ഇടവകളിൽ നിന്നുള്ള 600ൽ പരം കുട്ടികളും മുതിർന്നവരും പങ്കുചേരും. സ്നേഹം, ത്യാഗം, സേവനം, സഹനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ചെമഞ്ഞ പതാകയുമായി കുട്ടികൾ അണിചേരുന്ന റാലി തന്നെയാകും വാർഷികത്തിലെ മുഖ്യ ആകർഷണം.
തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ അധ്യക്ഷത വഹിക്കും. ബിഷപ് മാർ ജോയ് ആലപ്പാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത് അനുഗ്രഹ പ്രഭാഷണവും മിഷൻ ലീഗ് അന്തർദേശീയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കിൽ മുഖ്യപ്രഭാഷണവും നടത്തും. മിഷൻ ലീഗ് രൂപതാ ജനറൽ സെക്രട്ടറി ടിസൺ തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.
കൊപ്പേൽ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, കൊപ്പേൽ യൂണിറ്റ് പ്രസിഡന്റ് ലില്ലിയൺ സംഗീത്, ആൻ റ്റോമി, റോസ്മേരി ആലപ്പാട്ട് എന്നിവർ സംസാരിക്കും. മെത്രാഭിഷേകത്തിന്റെ രജത ജൂബിലിയിലായിരിക്കുന്ന ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തിന് പ്രത്യേക ആദരവുകൾ അർപ്പിക്കും.