ന്യൂഡൽഹി: കേന്ദ്ര വിവരാവകാശ കമ്മീഷനിലെ മുഖ്യ വിവരാവകാശ കമ്മീഷണർ ഉൾപ്പെടെയുള്ളവരുടെ ഒഴിവുകൾ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ നികത്തുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
മുഖ്യ വിവരാവകാശ കമ്മീഷണർ ഉൾപ്പെടെ ആകെ അനുവദനീയമായ പത്ത് ഉദ്യോഗസ്ഥരിൽ രണ്ടുപേർ മാത്രമാണ് നിലവിലുള്ളത്. ഇതു ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണു നടപടി. മിക്ക സംസ്ഥാനങ്ങളിലും വിവരാവകാശ കമ്മീഷനുകളിലെ സ്ഥിതി ആശങ്കാജനകമാണെന്ന ഹർജിക്കാരുടെ വാദം ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് ശരിവച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നാഴ്ചയ്ക്കുള്ളിൽ വിവരാവകാശ കമ്മീഷണർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനങ്ങളോടു കോടതി നിർദേശിച്ചു. നിരവധി അപേക്ഷകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ കൂടുതൽ തസ്തികകൾ അനുവദിക്കുന്നത് പരിഗണിക്കാനും സംസ്ഥാനങ്ങളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വിവരാവകാശ കമ്മീഷണർമാരുടെ എണ്ണം, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അവസ്ഥ, കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം തുടങ്ങിയവ ഉൾപ്പെടുന്ന തത്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനാണു സുപ്രീംകോടതി നിർദേശം.
കേന്ദ്ര വിവരാവകാശ കമ്മീഷനിലേക്കു നാമനിർദേശം ചെയ്തയാളുകളുടെ പേരുകൾ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന കാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന ഉന്നതതല സെലക്ഷൻ കമ്മിറ്റിക്കു കൈമാറിയതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.
വരും ആഴ്ചകളിൽ പാനൽ പേരുകൾ അന്തിമമാക്കുമെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് കോടതിയെ അറിയിച്ചു. അതേസമയം, ഈ പേരുകൾ പരസ്യപ്പെടുത്തണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
നിയമനം ലഭിച്ചവർക്ക് യോഗ്യതാ മാനദണ്ഡങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് കോടതി വ്യക്തമാക്കി. വിവരാവകാശ കമ്മീഷനുകളുടെ അംഗബലം കുറച്ചുകൊണ്ടും തസ്തികകൾ നികത്താതെയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിവരാവകാശത്തെ തളർത്തുന്ന നടപടിയാണു സ്വീകരിക്കുന്നതെന്നാണ് ഹർജിക്കാരുടെ വാദം.