കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ പ്രോസിക്യൂഷന് അനുമതി നിരസിച്ച സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി അറിയിച്ചു ഹൈക്കോടതി.
കോര്പറേഷന് മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആര്. ചന്ദ്രശേഖരനെയും മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ. രതീഷിനെയും വിചാരണ ചെയ്യാന്‍ സിബിഐ അനുമതി തേടിയ അപേക്ഷ വീണ്ടും നിരസിച്ചതായി സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റീസ് എ. ബദറുദ്ദീന്‍ അതൃപ്തി പ്രകടിപ്പിച്ചത്. അഴിമതി നടന്നാലും പ്രശ്നമില്ലെന്ന നിലപാട് സര്‍ക്കാരിന് ഉണ്ടോയെന്നും കോടതി വാക്കാല്‍ ചോദിച്ചു.
സാമ്പത്തിക ലാഭമുണ്ടാക്കിയെന്നോ പദവി ദുരുപയോഗപ്പെടുത്തിയെന്നോ സ്ഥാപിക്കാന്‍ സിബിഐക്കു പ്രഥമദൃഷ്ട്യാ കഴിഞ്ഞിട്ടില്ലെന്നു വിലയിരുത്തിയാണ് വിചാരണ ചെയ്യാനുള്ള അനുമതി നിഷേധിച്ച് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി കഴിഞ്ഞദിവസം ഉത്തരവിറക്കിയത്.
2006-2015 കാലഘട്ടത്തില്‍ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നുവെന്നാണ് ആരോപണം. ഹൈക്കോടതി നിര്‍ദേശപ്രകാരം 2016ലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.