പാലക്കാട്: വികസന മുരടിപ്പിനെച്ചൊല്ലി സിപിഎം നടത്തിയ പഞ്ചായത്ത് ഉപരോധസമരം ഒയാസിസ് ബ്രൂവറിക്കെതിരേ നിയമനടപടി സ്വീകരിക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ യോഗം തടസപ്പെടുത്തി.
ഒയാസിസ് കമ്പനിക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുക, കമ്പനിക്കെതിരേ പ്രമേയം പാസാക്കിയ ഗ്രാമസഭയ്ക്ക് അംഗീകാരം നല്‍കുക, പദ്ധതിപ്രദേശത്തു വീണ്ടും ഗ്രാമസഭ ചേരാന്‍ അനുമതിയുള്‍പ്പെടെ അജൻഡകള്‍ പാസാക്കാനായിരുന്നു ഭരണസമിതിയോഗം ഇന്നലെ രാവിലെ പത്തിനു വിളിച്ചത്.
എന്നാല്‍ യോഗം തുടങ്ങുന്നതിനുമുമ്പേ പഞ്ചായത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നും ലൈഫ് മിഷന് ഉള്‍പ്പെടെയുള്ള ഭവനപദ്ധതികളിലും കുടിവെള്ളം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും പഞ്ചായത്തിനു വീഴ്ചയുണ്ടായിട്ടുണ്ടെന്നും ആരോപിച്ച് സിപിഎം പ്രവർത്തകർ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ ഉപരോധം സംഘടിപ്പിക്കുകയായിരുന്നു. ഇതോടെ പഞ്ചായത്ത് പ്രസിഡന്റിനും അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും പഞ്ചായത്ത് ഓഫീസിനകത്തേക്കു കയറാനായില്ല. ഇതുമൂലം പ്രത്യേക പഞ്ചായത്ത് ഭരണസമിതിയോഗവും തടസപ്പെട്ടു.
ഓഫീസിലേക്കുള്ളിലേക്കു കടത്തിവിടണമെന്നാവശ്യപ്പെട്ടെത്തിയ പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബുവിനെയും വികസനസമിതി ചെയര്മാന് പുണ്യകുമാരിയെയും പോലീസ് ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. ഇതിനിടെ, കോണ്‍ഗ്രസ്, ബി ജെ പി പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരുമായി വാക്കേറ്റവും കൈയേറ്റശ്രമവും നടന്നുവെങ്കിലും പോലീസ് സമയോചിതമായ ഇടപെടലിലൂടെ വന്‍സംഘര്‍ഷം ഒഴിവാക്കി.
സിപിഎം ഉപരോധസമരം അവസാനിപ്പിച്ചതിനുശേഷംമാത്രമേ പഞ്ചായത്ത് പ്രസിഡന്റിനും ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും അകത്തുകടക്കാന്‍ സാധിച്ചള്ളു.
പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബുവിനെയും വികസനസമിതി ചെയര്‍പേഴ്സണ്‍ പുണ്യകുമാരിയെയും സിപിഎം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, പഞ്ചായത്ത് ഭരണസമിതി യോഗമുണ്ടെന്ന കാര്യം അറിയില്ലെന്നും ഉപരോധസമരം നേരത്തേ തീരുമാനിച്ചതാണെന്നും സമരം കഴിയുന്നതുവരെ ആരെയും അകത്തു കടത്തിവിടാന്‍ അനുവദിക്കില്ലെന്നും നേരത്തേ അറിയിച്ചിരുന്നുവെന്നു സിപിഎം നേതാക്കൾ പറഞ്ഞു. എന്നാൽ ബ്രൂവറി വിഷയം പ്രത്യേക അജൻഡയാക്കിയതാണ് പ്രതിഷേധസമരത്തിനു സിപിഎം മുതിർന്നതിനു പിന്നിലെന്നു കോൺഗ്രസും ആരോപിച്ചു. ഉപരോധസമരത്തിനു സിപിഎം ജില്ലാ കമ്മിറ്റി അംഗം എസ്. സുഭാഷ് ചന്ദ്രബോസ്, ഏരിയാ സെക്രട്ടറി നിതിന്‍ കണിച്ചേരി, ഏരിയ കമ്മിറ്റി അംഗം കെ.ആര്. സുരേഷ് കുമാര്‍ എന്നിവർ നേതൃത്വം നൽകി.
പഞ്ചായത്തില്‍ കയറാന്‍ പോലീസ് സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പാലക്കാട്- പൊള്ളാച്ചി അന്തര്‍സംസ്ഥാനപാത ഉപരോധിക്കുകയുമുണ്ടായി. സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതോടെ ഉപരോധം അവസാനിപ്പിച്ചു.