അരീക്കോട്: താനൂർ തൂവൽ തീരം ബീച്ചിൽ 2023 മേയ് ഏഴിനുണ്ടായ ബോട്ടപകടത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സംബന്ധിച്ചും അന്വേഷണ റിപ്പോർട്ട് നൽകാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷന്റെ രണ്ടാംഘട്ട പൊതുതെളിവെടുപ്പും ഹിയറിംഗും സമാപിച്ചു.
പുതിയ ബോട്ടുകൾക്ക് നൽകിവരുന്ന ലൈസൻസ് സന്പ്രദായം കൂടുതൽ കർക്കശമാക്കാനുള്ള നടപടികൾ സ്വീകരിക്കുക, ബോട്ട് ഫിറ്റ്നസ് പരിശോധനക്ക് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തുക, ബോട്ടിൽ സഞ്ചരിക്കുന്നവരുടെ തിരിച്ചറിയൽ രേഖ വാങ്ങുകയും ആളുകളുടെ എണ്ണത്തിൽ കൃത്യത പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക, താനൂർ പാലം പുനർനിർമിക്കുക, രക്ഷാപ്രവർത്തനത്തിന് വേണ്ട ഉപകരണങ്ങളും ആളുകളും ബോട്ട് സർവീസ് നടത്തുന്ന സ്ഥലങ്ങളിൽ ഉണ്ടെന്ന് ഉറപ്പാക്കുക, ബോട്ട് യാത്രക്കാരുടെ ശ്രദ്ധക്ക് നോട്ടീസ് ബോർഡ് സ്ഥാപിക്കുക, കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിന് പ്രാദേശിക ഭരണകൂടങ്ങൾ സൗകര്യമൊരുക്കുക, ജലാശയ അപകടങ്ങൾക്കെതിരേ കാന്പയിൻ സംഘടിപ്പിക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് തെളിവെടുപ്പിൽ ഉയർന്നത്.
സെപ്റ്റംബർ 10 മുതൽ തുടങ്ങിയ പൊതുതെളിവെടുപ്പിലൂടെ ജലഗതാഗത മേഖലയിൽ അപകടങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് സ്വീകരിക്കേണ്ട പരിഹാര മാർഗങ്ങൾ ശിപാർശ ചെയ്യുക, നിലവിലുള്ള ലൈസൻസിംഗ് എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ പര്യാപ്തമാണോയെന്ന് പരിശോധിക്കുക, മുൻകാലങ്ങളിലുണ്ടായ ബോട്ട് അപകടങ്ങളെ തുടർന്ന് നിയോഗിച്ച അന്വേഷണ കമ്മീഷനുകൾ സമർപ്പിച്ച റിപ്പോർട്ടുകളിൽ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.
അരീക്കോട് ഗ്രാമപഞ്ചായത്ത് എൻ.വി. ഇബ്രാഹിം മാസ്റ്റർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഹിയറിംഗിൽ ജസ്റ്റിസ് വി.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗങ്ങളായ കുസാറ്റ് ഷിപ് ബിൽഡിംഗ് ടെക്നോളജി വിഭാഗം റിട്ട. പ്രഫസർ ഡോ. കെ.പി. നാരായണൻ, കമ്മീഷൻ മെന്പർ സെക്രട്ടറി റിട്ട. ജില്ലാ ജഡ്ജ് ടി.കെ. രമേഷ് കുമാർ, കോർട്ട് ഓഫീസർ റിട്ട. മുൻസിഫ് മജിസ്ട്രേറ്റ് ജി. ചന്ദ്രശേഖരൻ, കമ്മീഷൻ ജോയിന്റ് സെക്രട്ടറി ആർ. ശിവപ്രസാദ്, കമ്മീഷൻ അഭിഭാഷകൻ ടി.പി. രമേഷ്, ഡെപ്യൂട്ടി കളക്ടർ വി.ടി. ഘോളി, ഏറനാട് തഹസിൽദാർ എം. മുകുന്ദൻ, ഡെപ്യൂട്ടി തഹസിൽദാർ കെ. സരിത കുമാരി, പഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലട, ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.