കോഴിക്കോട്: ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് സീസണ് അഞ്ച് സംഘാടക സമിതി രൂപീകരിച്ചു. ബേപ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (കെടിഐഎല്‍) ചെയര്‍പേഴ്സൺ എസ്.കെ. സജീഷ് പരിപാടി വിശദീകരിച്ചു.
ബേപ്പൂരില പ്രധാന വേദികളിലായി ഡിസംബർ അവസാന വാരമാണ് ഫെസ്റ്റ് സംഘടിപ്പിക്കുക. ഫെസ്റ്റിന്റെ ഭാഗമായി വിവിധ ജലകായിക മത്സരങ്ങളും പ്രദർശനങ്ങളും കലാപരിപാടികൾ, ഭക്ഷ്യമേള, കര-നാവിക സേനകളുടെ അഭ്യാസപ്രകടനങ്ങൾ, കൈറ്റ് ഫെസ്റ്റിവൽ തുടങ്ങിയവ നടക്കും. ചടങ്ങില്‍ കോർപറേഷൻ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.സി. രാജന് അധ്യക്ഷത വഹിച്ചു.
ഫറോക്ക് മുനിസിപ്പൽ ചെയർപേഴ്സൺ എൻ.സി. റസാക്ക്, കോർപറേഷൻ കൗണ്‍സിലര്‍മാരായ കെ. രാജീവ്, കെ. സുരേഷ്, വി. നവാസ്, ടി. രജനി, ഗിരിജ, പി.കെ. ഷമീന, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. നിഖിൽ, സബ് കളക്ടര്‍ ഗൗതം രാജ്, സിറ്റി പോലീസ് കമ്മീഷ്ണർ അരുൺ കെ. പവിത്രൻ, എഡിഎം സി. മുഹമ്മദ് റഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യരക്ഷാധികാരിയും മന്ത്രി എ.കെ. ശശീന്ദ്രന്, മേയര്‍ ഡോ. ബീന ഫിലിപ്, എം.കെ. രാഘവന് എംപി, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, പി.ടി.എ. റഹീം, മുൻ എംഎൽഎ വി.കെ.സി. മമ്മദ് കോയ എന്നിവര്‍ രക്ഷാധികാരികളായുമുള്ള 1001 അംഗ സംഘാടകസമിതിയാണ് രൂപീകരിച്ചത്. ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ചെയര്‍മാനാകും. 20 സബ് കമ്മിറ്റികള്‍ക്കും രൂപം നല്കി.