ലണ്ടൻ: സമീക്ഷ യുകെ സംഘടിപ്പിക്കുന്ന മൂന്നാമത് ഓൾ യുകെ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ലോഗോ കേരള കായിക മന്ത്രി അബ്ദു റഹ്മാൻ ഔപചാരികമായി പ്രകാശനം ചെയ്തു. മലപ്പുറത്ത് സംഘടിപ്പിച്ച ചടങ്ങിൽ ടൂർണമെന്റിന്റെ സംഘാടക സമിതി പ്രതിനിധികൾ ഓൺലൈനായി പങ്കെടുത്തു.
സമീക്ഷ യുകെയുടെ പ്രവർത്തനങ്ങൾ യുകെ മലയാളി സമൂഹത്തിന്റെ ഐക്യത്തിനും യുവജനങ്ങളുടെ കലാ കായിക പ്രതിഭാ വികസനത്തിനും വലിയ പ്രചോദനമാണെന്ന് അബ്ദു റഹ്മാൻ പറഞ്ഞു.
സമീക്ഷ യുകെ ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ് നവംബർ ഒമ്പതിന് ഷെഫീൽഡ് ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് (ഇഐഎസ്എസ്) കൊളറിഡ്ജ് റോഡ് ഷെഫീൽഡ് എസ്9 5ഡിഎയിൽ നടക്കും.
യുകെയിലെ വിവിധ റീജിയണുകളിൽ നിന്നുള്ള 32ലധികം ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ടൂർണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങ് നവംബർ ഒമ്പതിന് രാവിലെ ഒമ്പതിന് ആരംഭിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.