ഡബ്ലിൻ: സീറോമലബാർ യൂത്ത് മൂവ്മെന്റ് (എസ്എംവെെഎം) അയർലൻഡിന്റെ നാഷണൽ കോൺഫ്രൻസ് "AWAKE IRELAND 2025' ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റിയിലെ (ഡിസിയു) സെന്റ് പാട്രിക്സ് സ്പോർട്സ് ഹാളിൽ നടക്കും.
16 മുതൽ 30 വയസ് വരെയുള്ള സീറോമലബാർ യുവജനങ്ങളെ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ ത്രിദിന ആത്മീയ സമ്മേളനം വിശ്വാസപുനരുജ്ജീവനത്തിനും ആത്മീയ ഉണര്വിനും നൂതന വഴിത്തിരിവാകുകയാണ്.
റിപ്പബ്ലിക് ഓഫ് അയർലൻഡിലെയും നോർത്തേൺ അയർലൻഡിലെയും 38 കുർബാന സെന്ററുകളിൽ നിന്നുള്ള 350-ത്തിലധികം യുവജനങ്ങൾ ഈ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
നേതൃപരിശീലന സെഷനുകൾ, ആരാധനാനുഭവങ്ങൾ എന്നിവയിലൂടെ യുവാക്കളെ യഥാർഥ ക്രിസ്തീയ ജീവിതത്തിലേക്ക് ആഴത്തിൽ നയിക്കുന്ന ഉദേശത്തോടെ രൂപകൽപന ചെയ്തിരിക്കുന്ന പരിപാടിക്ക് സീറോമലബാർ അയർലൻഡ് ഡബ്ലിൻ റീജിയൺ ആതിഥ്യം വഹിക്കുന്നു.
സീറോമലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്ററായ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, സീറോമലബാർ യൂറോപ്പ് യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടറും ശ്രദ്ധേയമായ നിരവധി ഭക്തി ഗാനങ്ങളുടെ സൃഷ്ടാവുമായ ഫാ. ഡോ. ബിനോജ് മുളവരിക്കൽ, മോട്ടിവേഷൻ സ്പീക്കറും യുവജന പ്രഭാഷകനുമായ ജോസഫ് അന്നക്കുട്ടി ജോസഫ്, അമേരിക്കയിലെ ഷിക്കാഗോ സീറോമലബാർ രൂപതയുടെ യൂത്ത് ഡയറക്ടർ ഫാ. മെൽവിൻ പോൾ, കത്തോലിക്കാ റാപ്പ് സംഗീത രംഗത്തെ ശ്രദ്ധേയനായ പ്രോഡിഗിൽ എന്നിവരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
മൂന്ന് ദിവസങ്ങളിലായി ആത്മീയ സെഷനുകൾ, ഹൃദയസ്പർശിയായ സംഗീതം, വർക്ക്ഷോപ്പുകൾ, ആഴത്തിലുള്ള ദിവ്യകാരുണ്യ ആരാധന എന്നിവ ഒരുക്കിയിട്ടുണ്ട്. സീറോമലബാർ സഭയുടെ സമ്പന്നമായ ലിറ്റർജിക്കൽ പാരമ്പര്യത്തിന്റെ പശ്ചാത്തലത്തിൽ ക്രിസ്തുവിനോട് ആഴത്തിലുള്ള ആത്മബന്ധം കണ്ടെത്താൻ യുവാക്കളെ സഹായിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
‘അവേക്ക് അയർലണ്ട് 2025’ എന്ന ആത്മീയ ഉത്സവം, യുവാക്കളുടെ ആത്മീയ വളർച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും വാതായനമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. അയർലൻഡ് സീറോമലബാർ സഭ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിന്റെയും എസ്എംവൈഎം നാഷണൽ ഡയറക്ടർ ഫാ. ബൈജു ഡേവിസ് കണ്ണമ്പിള്ളിയുടേയും നേതൃത്വത്തിൽ നാഷണൽ പാസ്റ്ററൽ കൗൺസിൽ, ഡബ്ലിൻ റീജിയണൽ കമ്മിറ്റി, എസ്എംവൈഎം നാഷണൽ ടീം എന്നിവരുടെ സഹകരണത്തോടെ അവേക്ക് അയർലൻഡ് 2025നുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു.