Sports
വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് മൂന്നു വിക്കറ്റ് ജയം. ഇന്ത്യയുയർത്തിയ 331 റൺസ് വിജയലക്ഷ്യം ഏഴു വിക്കറ്റ് നഷ്ടത്തിൽ ആറു പന്തുകൾ ബാക്കിനിൽക്കെ ഓസീസ് മറികടന്നു.
സ്കോർ: ഇന്ത്യ 330/10 (48.5) ഓസ്ട്രേലിയ 331/7 (49). 107 പന്തില്‍ 142 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അലീസ ഹീലിയാണ് ഓസീസിന്റെ വിജയശിൽപ്പി. എല്ലിസ് പെറി ( 47*), അഷ്ലി ഗാര്‍ഡ്നര്‍ ( 45), ഫോബ് ലിച്ച്ഫീല്‍ഡ് ( 40) എന്നിവരുടെ ഇന്നിംഗ്സുകളും നിര്‍ണായകമായി.
മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് ഓസീസിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഹീലി - ലിച്ച്ഫീല്‍ഡ് സഖ്യം 85 റണ്‍സ് ചേര്‍ത്തു. 15 ഓവറിൽ 100 ഉം 31 ഓവറിൽ 200 ഉം കടന്ന ഓസ്ട്രേലിയയെ വിറപ്പിക്കാൻ ഒരു ഘട്ടത്തിലും ഇന്ത്യയ്ക്കു സാധിച്ചില്ല.
ബെത് മൂണി (നാല്), അനബൈൽ സതർലൻഡ് (പൂജ്യം) എന്നിവരെ പുറത്താക്കി ഇന്ത്യൻ ബൗളർമാർ കളിയിലേക്കു തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും 52 പന്തിൽ 47 റൺസടിച്ചു പുറത്താകാതെനിന്ന എലിസ് പെറി കിം ഗാർത്തിനെയും കൂട്ടുപിടിച്ച് 49 ഓവറിൽ ഓസ്ട്രേലിയയ്ക്കായി വിജയറൺസ് കുറിച്ചു.
ഇന്ത്യയ്ക്കായി ശ്രീചരണി മൂന്നും അമൻജ്യോത് കൗറും ദീപ്തി ശർമയും രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയ്ക്കായി സ്മൃതി മന്ദാന (80), പ്രതിക റാവല്‍ (75) എന്നിവർ അർധസെഞ്ചുറ നേടി. ഓസ്ട്രേലിയക്ക് വേണ്ടി അന്നാബെല്‍ സതര്‍ലാന്റ് അഞ്ചും സോഫി മൊളിനെക്സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ലോകകപ്പില്‍ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ കളിയിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റിരുന്നു. നാലു കളികളിൽ മൂന്നും വിജയിച്ച ഓസ്ട്രേലിയ ഏഴു പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ്. രണ്ടു വീതം വിജയവും തോൽവിയുമുള്ള ഇന്ത്യയാകട്ടെ നാലു പോയിന്റുമായി നാലാം സ്ഥാനത്താണ്.
NRI
ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ യുവാക്കളുടെ കൂട്ടായ്മയായ വാമോസ് അമിഗോ സ്കാർബറോയില്‍ രണ്ട് ദിവസത്തെ പഠന ക്യാമ്പ് സംഘടിപ്പിച്ചു. ക്ലബിലെ അംഗങ്ങളുള്‍പ്പെടെ മൊത്തം 18 പേര് പങ്കെടുത്തു.
പുരുഷ വിഭാഗത്തിന്റെ പരിപാടികൾ രഞ്ജു വർഗീസ് ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗത്തിന്റെ പരിപാടികൾ ലിജി നയിച്ചു. ക്യാമ്പിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ പരിശീലനവും ചര്‍ച്ചകളും നടന്നു.
ക്യാമ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: 0414 643 486.
NRI
ഡാർവിൻ: സെന്റ് അൽഫോൻസ സീറോമലബാർ പള്ളിയിൽ ബൈബിൾ മാസത്തിന് സമാപനമായി. സെപ്റ്റംബർ ഒന്നിന് ദേവാലയത്തിൽ ബൈബിൾ ആഘോഷമായി കൊണ്ടുവന്നു പ്രതിഷ്ഠിച്ചു കൊണ്ട് ആരംഭിച്ച ബൈബിൾ മസാചാരണത്തിന്റെ ഭാഗമായി ബൈബിൾ സംബന്ധമായ വിവിധ പരിപാടികൾ നടന്നു.
എല്ലാ ഭവനങ്ങളിലും ഒന്നാം തീയതി തന്നെ ആഘോഷമായി ബൈബിൾ പ്രതിഷ്ഠ, ബൈബിൾ പഠന ക്ലാസുകൾ, ബൈബിൾ റീഡിംഗ് ചലഞ്ച്, ബൈബിൾ പകർത്തിയെഴുത്ത്, ബൈബിൾ ക്വിസ്, ബൈബിൾ വചന പഠനം തുടങ്ങിയ വിവിധ പരിപാടികളാണ് നടത്തപ്പെട്ടത്.
റവ.ഡോ. ജോൺ പുതുവ, കൈകാരന്മാരായ ഡീനെക്സ്റ്റ് ഡേവിഡ്, സോജൻ ജോർജ്, ആശ തോമസ്, മതബോധന വിഭാഗം പ്രിൻസിപ്പൽ ജീൻ ജോസ്, വൈസ് പ്രിൻസിപ്പൽ ജിസ് എമിൽ എന്നിവർ നേതൃത്വം നൽകി.
NRI
കാൻബറ: ആനിക്കാട് പാറേൽ തെക്കേതിൽ സി. ജെ. തോമസ്(90) ഓസ്ട്രേലിയയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ പരേതയായ മറിയക്കുട്ടി ഭരണങ്ങാനം കൊല്ലിത്തടത്തിൽ കുടുംബാംഗം. മകൻ: ജോ തോമസ് (ഓസ്ട്രേലിയ), മരുമകൾ: ദീപാ ജോ (ഓസ്ട്രേലിയ).
NRI
ബ്രിസ്ബയിൻ: ഒഐസിസി ഓസ്ട്രേലിയുടെ ദേശീയ പ്രസിഡന്റായി സിഡ്നിയിൽ നിന്നുള്ള ജിൻസൺ കുര്യനെയും ദേശീയ ജനറൽ സെക്രട്ടറിയായി ബ്രിസ്ബെയ്നിൽ നിന്നുള്ള ബൈജു ഇലഞ്ഞിക്കുടിയേയും തെരഞ്ഞെടുത്തു.
ദേശീയ വൈസ് പ്രസിഡന്റായി ബെന്നി കണ്ണമ്പുഴ (കാന്‍ബറ), മാമന് ഫിലിപ്പ് (ബ്രിസ്ബെയ്ന്‍), ശ്രീരേഖ സാജു (സിഡ്നി) എന്നിവരെയും ദേശീയ ട്രഷററായി അനീഷ് ഗോപുരത്തിങ്കലിനെയും (സിഡ്നി) തെരഞ്ഞെടുത്തു.
ദേശീയ സെക്രട്ടറിമാരായി ജോളി ജോസഫ് (സിഡ്നി), ഉര്‍മീസ് വാളൂരാന്‍ (പെര്‍ത്ത്), മോൻസി ജോർജ് (മെല്‍ബണ്‍), ഷാജി ഐസക്ക് (ഡാർവിന്), സേവ്യർ മാത്യു (ബ്രിസ്ബെയ്ൻ), പ്രശാന്ത് പദ്മനാഭൻ ഷോബിനാഥൻ (അഡലേഡ്), ജിബി ആന്റണി (ടാസ്മാനിയ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ദേശീയ നിർവഹക സമിതി അംഗങ്ങളായി സാജു ഓലിക്കര (സിഡ്നി), റൈയ്ഗൻ ജോസഫ് (മെല്‍ബണ്‍), റെജി കുരിയാക്കോസ് (ടാസ്മാനിയ), സുനിൽ തോമസ് (കാന്‍ബറ), സോബി ജോര്‍ജ് (ഡര്‍വിന്‍), മനോജ് ചാമി (മെല്‍ബണ്‍), ബിജു പുളിക്കാട്ട് (കാന്‍ബറ), ജിജി ആന്റണി (അഡലേഡ്), ലിയോ ഫെർണാണ്ടസ് (പെര്‍ത്ത്), ജിജോ വി.തോമസ് (ബ്രിസ്ബെയ്ൻ) എന്നിവരെയും തെരഞ്ഞെടുത്തു.
വിവിധ സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരായി ബിനോയ് അലോഷ്യസ് (ന്യൂസൗത്ത് വെയിൽസ്), കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിൽ (വിക്ടോറിയ), ജിബിന്‍ തേക്കാനത്ത് (ഓസ്ട്രേലിയൻ കാപിറ്റൽ ടെറിട്ടറി), ജിബി കൂട്ടുങ്കൽ (സൗത്ത് ഓസ്ട്രേലിയ), ജോൺ പിറവം (ക്യൂൻസ്ലാൻഡ്), ബിനോയ് പോൾ (വെസ്റ്റേൺ ഓസ്ട്രേലിയ), ദിനു പോൾ (നോർത്തേൺ ടെറിട്ടറി), വിനു വർഗീസ് (ടാസ്മാനിയ) എന്നിവരെയും തെരഞ്ഞെടുത്തു.
കഴിഞ്ഞ ദിവസം ചേർന്ന ഒഐസിസി ദേശീയ പ്രതിനിധി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
ഗ്ലോബല്‍ കമ്മിറ്റിയുടെയും കെപിസിസിയുടെയും നിർദേശ പ്രകാരം ഓസ്ട്രേലിയയുടെ എല്ലാ സംസ്ഥാനങ്ങളിൽ അഡ്ഹോക്ക് കമ്മിറ്റികളും വിവിധ സ്ഥലങ്ങളിൽ ഒഐസിസിയുടെ നേതൃത്വത്തിൽ പരിപാടികളും മെമ്പർഷിപ് കാമ്പയിനും കെപിസിസിയുടെ 137 രൂപ ചലഞ്ചും ഒഐസിസി ഗ്ലോബല്‍ ചെയര്മാന് കുമ്പളത്ത് ശങ്കര പിള്ള നിയമിച്ച അഡ്ഹോക്ക് കമ്മിറ്റി സംഘടിപ്പിച്ചിരുന്നു.
ഒഐസിസി ഓസ്ട്രേലിയുടെ പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക കെപിസിസിക്ക് കൈമാറുവാനും പ്രവർത്തനം പരമാവധി വിപുലപ്പെടുത്താനും സംസ്ഥാന കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുവാനും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോൺഗ്രസ് ഓസ്ട്രേലിയ ദേശീയ പ്രതിനിധി യോഗം തീരുമാനിച്ചു.
കെപിസിസിയുടെ ചാരിറ്റി പ്രവർത്തനങ്ങളുമായി സഹകരിക്കുവാനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫിനെയും ഒഐസിസി ഓസ്ട്രേലിയുടെ ചാർജുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ്, അഡ്വ. കെ.പി. ശ്രീകുമാർ എന്നിവരെ ഓസ്ട്രേലിയയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കാനും ദേശീയ പ്രതിനിധി യോഗം തീരുമാനിച്ചു.
NRI
മെൽബൺ: മാർത്തോമ്മാ പള്ളി ഓണാഘോഷം "ഓണം ഫിയസ്റ്റ' സംഘടിപ്പിച്ചു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ ഒരു ഉജ്വലമായ പ്രദർശനമായിരുന്ന ഈ പരിപാടി.
ആക്ടിംഗ് സ്പീക്കറും വിക്ടോറിയൻ പാർലമെന്റ് അംഗവുമായ ലോറൻ കഥാജ് എംപി മുഖ്യാതിഥിയായിരുന്നു. സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി വികാരി റവ.ഫാ. ജിബിൻ സാബു വിശിഷ്ടാതിഥിയായിരുന്നു.
കഥാജ് "നിലവിളക്ക്' കൊളുത്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. റവ.ഫാ. ജിബിൻ സാബു ഓണപ്രസംഗം നടത്തി. മെൽബൺ മാർത്തോമ്മാ പള്ളി വികാരി റവ. ഫിലിപ്പ് മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന പ്രാർഥനയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്.
Sports
സിഡ്നി: ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക് അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് വിരമിക്കൽ തീരുമാനമെന്നാണ് സ്റ്റാർക് അറിയിച്ചത്.
ഓസ്ട്രേലിയയ്ക്കു വേണ്ടി കളിച്ച ഓരോ ട്വന്റി20 മത്സരവും താൻ ആസ്വദിച്ചിട്ടുണ്ടെന്നും താരം പ്രതികരിച്ചു. ടീമിലെ അംഗങ്ങളെയും രസകരമായ നിമിഷങ്ങളെയും താൻ സ്നേഹിക്കുന്നു. താൻ ഏറ്റവും പ്രാധാന്യം നൽകാനുദ്ദേശിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ടെസ്റ്റ് പര്യടനം, ആഷസ്, 2027-ലെ ഏകദിന ലോകകപ്പ് എന്നിവ മുന്നിൽ കണ്ടുകൊണ്ട് മികച്ച ഫോമിൽ തുടരാൻ ഇത് ഏറ്റവും നല്ല മാർഗമാണെന്ന് കരുതുന്നു. കൂടാതെ, അടുത്ത വർഷം നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിനായി പുതിയ ബൗളിംഗ് നിരയെ ഒരുക്കാൻ ടീമിന് ഇത് സമയം നൽകുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
65 അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ നിന്നായി 79 വിക്കറ്റുകൾ നേടിയ താരം 2021 ൽ ലോകകപ്പ് നേടിയ ഓസീസ് ടീമിലും അംഗമായിരുന്നു.
NRI
സിഡ്നി: പതിനാറ് വയസിൽ താഴെയുള്ള കുട്ടികൾക്ക് യുട്യൂബ് അക്കൗണ്ടും നിരോധിക്കാൻ ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചു. ഈവർഷം ഡിസംബറോടെ നിരോധനം പ്രാബല്യത്തിൽ വരും.
നേരത്തേ ടിക് ടോക്, സ്നാപ്ചാറ്റ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ നിരോധിച്ചിരുന്നു. രാജ്യത്തെ ഇ-സുരക്ഷാ കമ്മീഷണർ നൽകിയ റിപ്പോർട്ടിനെത്തുടർന്നാണു യുട്യൂബും നിരോധിക്കാൻ തീരുമാനിച്ചത്.
നിരോധനമേർപ്പെടുത്തിയെങ്കിലും അധ്യാപകർക്ക് ക്ലാസ് റൂമിൽ യുട്യൂബിലെ പഠനസംബന്ധിയായ വീഡിയോകൾ കുട്ടികളെ കാണിക്കാം.
Sports
സെന്റ് കിറ്റ്സ്: ടെസ്റ്റ് പരന്പരയ്ക്ക് പിന്നാലെ വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരന്പരയും തൂത്തുവാരി ഓസ്ട്രേലിയ. അഞ്ചാം ട്വന്റി 20യില്‍ മൂന്ന് വിക്കറ്റിന്റെ ജയമാണ് ഓസീസ് നേടിയത്. നേരത്തേ നടന്ന നാല് ട്വന്റി 20 മത്സരവും ഓസീസ് ജയിച്ചിരുന്നു. മൂന്നു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരന്പരയും ഓസീസ് 3-0ന് സ്വന്തമാക്കിയിയിരുന്നു. ഇതോടെ പര്യടനത്തിൽ 8-0ന്റെ പൂർണ ആധിപത്യമാണ് ഓസ്ട്രേലിയ നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വെസ്റ്റിൻഡീസ് 19.4 ഓവറിൽ 170ന് പുറത്തായി. മറുപടി ബാറ്റിംഗിൽ ഓസീസ് 17 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 37 റണ്‍സ് നേടിയ മിച്ചൽ ഓവനാണ് ടോപ് സ്കോറർ. വിൻഡീസിന് വേണ്ടി അകെയ്ൽ ഹൊസെയ്ൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഓസീസിനായി മൂന്നു വിക്കറ്റ് വീഴ്ത്തിയ ബെൻ ദാർഷ്യുസാണ് കളിയിലെ താരം. സ്കോർ: വെസ്റ്റ് ഇൻഡീസ്: 19.4 ഓവറിൽ 170. ഓസ്ട്രേലിയ: 17 ഓവറിൽ 173/7.
വിൻഡീസ് സ്റ്റാർട്ട്
ആദ്യം ബാറ്റുചെയ്ത വെസ്റ്റിൻഡീസ് ഷിംറോണ്‍ ഹെറ്റ്മെയറുടെ 52 റണ്‍സ് മികവിലാണ് 170 റണ്‍സ് അടിച്ചെടുത്തത്. ഷെഫാനെ റുതർഫോർഡ് (35) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ജേസണ്‍ ഹോൾഡർ 20 റണ്‍സ് നേടി. മാത്യൂ ഫോർഡെ (15), അകെയ്ൽ (11), ബ്രൻഡൻ കിംഗ് (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. ഷായ് ഹോപ്പ് (9), കീസി കാർട്ടി (1), റൊമാരിയ ഷെപ്പേർഡ് (8), അൽസാരി (3) എന്നിവർ നിരാശപ്പെടുത്തി.
ഓസീസ് അറ്റാക്ക്
മറുപടി ബാറ്റിംഗ് തുടങ്ങിയ ഓസീസിന് മോശം തുടക്കമാണ് ലഭിച്ചത്. ഒരു ഘട്ടത്തിൽ മൂന്നിന് 25 എന്ന നിലയിലും നാലിന് 60 എന്ന നിലയിലുമായി. രണ്ടാം ഓവറിൽ ഗ്ലെൻ മാക്സ്വല്‍ (0) ഗോൾഡൻ ഡക്കായി. ജേസണ്‍ ഹോൾഡർക്കായിരുന്നു വിക്കറ്റ്. പിന്നാലെ എത്തിയ ജോഷ് ഇൻഗ്ലിസിനേയും (10) ഹോൾഡർ മടക്കി.
മിച്ചൽ മാർഷിനെ (14), അൽസാരി ജോസഫ് ബൗൾഡാക്കിയതോടെ മൂന്നിന് 25 എന്ന നിലയിലായി ഓസീസ്. തുടർന്ന് കാമറൂണ്‍ ഗ്രീൻ (32) ടിം ഡേവിഡ് (30) സഖ്യം 35 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഡേവിഡ് അഞ്ചാം ഓവറിൽ മടങ്ങി. 12 പന്തുകൾ മാത്രം നേരിട്ട താരം നാല് സിക്സുകൾ നേടിയിരുന്നു. ഇതോടെ നാലിന് 60 എന്ന നിലയിലായി ഓസീസ്.
തുടർന്ന് ഓവൻ- ഗ്രീൻ സഖ്യം 63 റണ്‍സ് കൂട്ടിചേർത്ത് ഓസീസിനെ മത്സരത്തിലേക്ക് തിരകെക്കൊണ്ടുവന്നു. ഇരുവരും മടങ്ങിയെങ്കിലും ആരോണ്‍ ഹാർഡി (25 പന്തിൽ പുറത്താവാതെ 28) ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. ഡ്വാർഷിസാണ് (9) പുറത്തായ മറ്റൊരു താരം. സീൻ അബോട്ട് (5) പുറത്താവാതെ നിന്നു.
Sports
ബാസറ്റർ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി ഓസ്ട്രേലിയ. അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ മൂന്നുവിക്കറ്റിനായിരുന്നു സന്ദർശകരുടെ ജയം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം 18 പന്ത് ബാക്കിനില്‍ക്കെ ഓസീസ് മറികടന്നു.
കാമറൂൺ ഗ്രീൻ (32), മിച്ചൽ ഓവൻ (37), ടിം ഡേവിഡ് (30), ആരോൺ ഹാർഡി (28*) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഓസീസിന് വിജയം സമ്മാനിച്ചത്. പരമ്പരയിൽ 205 റൺസ് അടിച്ചുകൂട്ടിയ കാമറൂൺ ഗ്രീൻ ആണ് പരമ്പരയുടെ താരം.
വിൻഡീസിനു വേണ്ടി അകീൽ ഹൊസൈൻ മൂന്നും ജേസൺ ഹോൾഡർ, അൽസാരി ജോസഫ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, സെന്റ് കിറ്റ്സിലെ ബാസറ്റർ വാർണർ പാർക്കിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയർ വെടിക്കെട്ട് അർധസെഞ്ചുറി നേടിയ ഷിമ്രോൺ ഹെറ്റ്മെയറുടെ ഇന്നിംഗ്സ് കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 31 പന്തിൽ മൂന്നുവീതം സിക്സറുകളും ബൗണ്ടറികളും ഉൾപ്പെടെ താരം 52 റൺസെടുത്തു.
ഷെർഫാൻ റുഥർഫോർഡ് (35), ജേസൺ ഹോൾഡർ (20) എന്നിവരും ഹെറ്റ്മെയറിന് മികച്ച പിന്തുണ നല്കി. ഓസീസിനു വേണ്ടി ബെൻ ഡ്വാർഷുയിസ് മൂന്നു വിക്കറ്റും നഥാൻ എല്ലിസ് രണ്ടും ആരോൺ ഹാർഡി, സീൻ ആബട്ട്, ഗ്ലെൻ മാക്സ്വെൽ, ആദം സാംപ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
NRI
മെല്‍ബണ്‍: ഓസ്ട്രേലിയയിൽ ഇന്ത്യന്‍ വംശജനെ കൗമാരക്കാരായ ഒരു സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. തോളിലും പുറത്തും കുത്തേറ്റ സൗരഭ് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. കഴിഞ്ഞ 19നായിരുന്നു സംഭവം.
മെല്‍ബണിലെ അല്റ്റോണ മെഡോസ് സബര്‍ബിലുള്ള ഒരു ഷോപ്പിംഗ് സെന്ററിനു പുറത്തുവച്ചായിരുന്നു ആക്രമണം. മരുന്ന് വാങ്ങി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. മോഷണത്തിനിടെയുള്ള ആക്രമണമാണെന്നാണ് റിപ്പോർട്ട്.
അക്രമികൾ സൗരഭിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
NRI
മെൽബൺ:1976ൽ സ്ഥാപിതമായ ഓസ്ട്രേലിയയിലെ മെൽബണിലെ ആദ്യത്തെ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയ്ക്ക് ഗോൾഡൻ ജൂബിലി.
50-ാം വാർഷികാഘോഷത്തിന്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ഏകോപനത്തിനും 2025 - 27 വർഷത്തേക്കുള്ള ഭരണത്തിനുമായുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു.
ഞായറാഴ്ച വൈകുന്നേരം മെൽബൺ റോവില്ലെയിലുള്ള ഓസ്ട്രേലിയൻ ഇന്ത്യൻ കമ്യൂണിറ്റി സെന്ററിൽ കൂടിയ ജനറൽ ബോഡി യോഗത്തിൽ അറുപത് ശതമാനത്തോളം അംഗങ്ങളും ഹാജരായിരുന്നു.
സംഘടനയിൽ പ്രാഥമിക അംഗത്വം ഉള്ളവരിൽനിന്ന് മാത്രമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വുമൺസ് ഫോറത്തെയും തെരഞ്ഞെടുക്കാൻ മീറ്റിംഗിൽ പങ്കെടുത്ത എല്ലാ അംഗങ്ങളും ഏകസ്വരത്തിൽ തീരുമാനിക്കുകയായിരുന്നു.
പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായി മദനൻ ചെല്ലപ്പൻ പ്രസിഡന്റായുള്ള പാനലിനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
പ്രസിഡന്റ്: മദനൻ ചെല്ലപ്പൻ, വൈസ് പ്രെസിഡന്റുമാർ: ജോസഫ് പീറ്റർ, ബിനു വർഗീസ്, ജനറൽ സെക്രട്ടറി: ഹരിഹരൻ വിശ്വനാഥൻ, ട്രെഷറർ: ഡോ. പ്രകാശ് നായർ, ജോയിന്റ് സെക്രട്ടറിമാർ: ജോസ് പ്ലാക്കൽ, അശ്വതി ഉണ്ണികൃഷ്ണൻ, പിആർഒ: പ്രതീഷ് മാർട്ടിൻ ജേക്കബ്, സ്പോർട്സ് കോഓർഡിനേറ്റർസ്: അരുൺ സത്യൻ, ലിയോ ജോർജ്,
എക്സിക്യൂട്ടീവ് അംഗങ്ങൾ: കെ.ടി. രാഗേഷ്, സജു രാജൻ, ജിനേഷ് പോൾ, റോയ്മോൻ തോമസ്, ഗോകുൽ കണ്ണോത്ത്, പ്രിയ അനിൽകുമാർ നായർ, മോഹനൻ കൂട്ടുകൽ, ബിജിത് ബാലകൃഷ്ണൻ, ഗൗതം ശങ്കർ, അമൽ ശശി, കൾചറൽ കോഓർഡിനേറ്ററായി ജോയിന്റ് സെക്രട്ടറി കൂടിയായ അശ്വതി ഉണ്ണികൃഷ്ണനെ യോഗം തെരഞ്ഞെടുത്തു.
ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ ആറിന് രാവിലെ 10 മുതൽ മാവിന്റെ സ്ഥിരം ഓണാഘോഷ വേദിയായ സ്പ്രിംഗ് വെയിൽ ടൗൺ ഹാളിൽ അതിവിപുലമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
ഗോൾഡൻ ജൂബിലി ഓണാഘോഷം ആയതിനാൽ ഇപ്രാവശ്യത്തെ ഓണത്തിനു മെൽബൺ മലയാളികൾ നൽകിയ പേര് "സുവർണ്ണോത്സവം 2025' എന്നാണ്. ഇരൂന്നൂറോളം മലയാളി പെൺകുട്ടികൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടും.
ഇതോടൊപ്പം അത്തപ്പൂക്കള മത്സരം, ഓണസദ്യ, ചെണ്ടമേളം, മഹാബലിയുടെ എഴുന്നള്ളത്ത്, സിനിമാ താരങ്ങളുടെയും സർക്കാർ ജനപ്രതിനിധികളുടെയും സാന്നിധ്യം, വിവിധ ഡാൻസ് സ്കൂളുകളുടെ ആഭിമുഖ്യത്തിലുള്ള പ്രോഗ്രാമുകൾ, ഗാനാലാപനങ്ങൾ, മറ്റു കലാപരിപാടികൾ തുടങ്ങിയവയും ഒരുക്കുന്നുണ്ട്.
മെൽബണിലെ മലയാളികൾ ഒത്തുകൂടി ഒരു മെഗാ ഉത്സവമായി ആഘോഷിക്കുന്ന മാവ് ഓണാഘോഷത്തിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.