Kerala
കൊല്ലം: ഷാർജയിൽ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ റീ പോസ്റ്റ്മോർട്ടം നടത്തും. മരണത്തിൽ അതുല്യയുടെ കുടുംബം ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് റീ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്.
ഷാർജയിൽ വച്ച് പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും ജീവനൊടുക്കിയതെന്നായിരുന്നു കണ്ടെത്തൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.
ജൂലൈ 19നാണ് ഷാര്‍ജയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തുന്നത്. ഇതിന് പിന്നാലെ അതുല്യയെ ഭര്‍ത്താവ് സതീഷ് ശങ്കര്‍ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതുല്യയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു.പിന്നാലെയാണ് അതുല്യയെ സതീഷ് കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണവുമായി കുടുംബവും രംഗത്ത് വന്നത്.
സതീഷിനെതിരെ അതുല്യയുടെ കുടുംബം ചവറ പോലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സതീഷിനെതിരെ കൊലക്കുറ്റം, ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം അടക്കം ചുമത്തി ചവറ പോലീസ് കേസെടുത്തിരുന്നു.
Kerala
കൊല്ലം: ഷാർജയിൽ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ ഭർത്താവ് സതീഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. ഷാർജയിലുള്ള സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നുവെന്ന് കേസ് അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന വ്യക്തമാക്കി.
സതീഷിന്റെ ശാരീരിക - മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ പ്രത്യേക എട്ടംഗ അന്വേഷണ സംഘമാണ് രൂപീകരിച്ചിട്ടുള്ളത്.
ഇതിനിടെ, നാട്ടിലെത്തിച്ച അതുല്യയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ റീ പോസ്റ്റ്മോർട്ടം നടത്തുകയാണ്. മരണത്തിൽ അതുല്യയുടെ കുടുംബം ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് നാട്ടിൽ റീ പോസ്റ്റ്മോർട്ടം നടത്തുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹം വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.
Kerala
ഷാര്‍ജ: കൊല്ലം സ്വദേശിനി അതുല്യ(30)യെ ഷാർജയിൽ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച് ഭര്‍ത്താവ് സതീഷ്. താൻ പുറത്തുപോയപ്പോൾ വീഡിയോ കോള്‍ ചെയ്ത് ജീവനൊടുക്കാൻ പോകുന്നെന്ന് അതുല്യ പറഞ്ഞുവെന്നും തിരിച്ചുവന്നപ്പോൾ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും സതീഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം അജ്മാനിലുള്ള സുഹൃത്ത് വിളിച്ചപ്പോള്‍ പുറത്ത് പോയതായിരുന്നു. അപ്പോൾ അതുല്യ പലതവണ വിളിച്ചു. സാധാരണ ഇങ്ങനെ വിളിക്കാറുള്ളത് കാരണം കോൾ കട്ട് ചെയ്തു. പിന്നീട് വീഡിയോ കോള്‍ ചെയ്ത് ജീവനൊടുക്കാൻ പോകുന്നെന്ന് അതുല്യ പറഞ്ഞു.
ഉടന്‍ തന്നെ ഫ്ലാറ്റിലെത്തിയപ്പോള്‍ ഡോര്‍ തുറക്കാവുന്ന നിലയിലായിരുന്നു. അകത്ത് കയറി നോക്കിയപ്പോഴാണ് അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്നും സതീഷ് പറഞ്ഞു. ഉടന്‍ തന്നെ 999ല്‍ വിളിച്ചു. പിന്നീട് പോലീസ് വന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നെന്നും ഇയാൾ പറഞ്ഞു.
താൻ ദിവസേന മദ്യപിക്കാറില്ല, വാരാന്ത്യത്തില്‍ മാത്രം മദ്യപിക്കും. ഷുഗര്‍ രോഗിയാണ് അതിന് മരുന്ന് കഴിക്കുന്നുണ്ടെന്നും സതീഷ് പറഞ്ഞു. അതുല്യക്ക് ജോലിക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ പണവും ക്രൈഡിറ്റ് കാര്‍ഡും കൊടുത്തെന്നും വാഹനം ഏര്‍പ്പാടാക്കിയിരുന്നെന്നും ഇയാൾ കൂട്ടിച്ചേർത്തു.
അതുല്യയുടെ കുടുംബത്തിന്റെ പരാതിയിൽ സതീഷിനെതിരേ കൊല്ലം ചവറ തെക്കുംഭാഗം പോലീസ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്.
ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിയ നിലയിലാണ് അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു കാലമായി ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു അതുല്യ. ഇന്ന് പുതിയ ജോലിയൽ പ്രവേശിക്കാനിരിക്കെയാണ് മരണം.
ഭർത്താവ് സതീഷിന്റെ പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്ന് കുടുംബം ആരോപിച്ചു. മരിക്കുന്നതിന് മുൻപ് അതുല്യ കുടുംബത്തിന് പീഡനത്തിന്റെ തെളിവായി ചിത്രങ്ങളും വീഡിയോകളും അയച്ചു നൽകിയതായി ബന്ധുക്കൾ വ്യക്തമാക്കി.
Kerala
കൊല്ലം: ഷാർജയിൽ കൊല്ലം സ്വദേശിനി അതുല്യ(30)യെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവ് സതീഷിന്റെ ക്രൂരതകൾ വിവരിച്ച് അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം മാധ്യമങ്ങൾ പുറത്തുവിട്ടു.
തന്നെ അയാൾ ചവിട്ടിക്കൂട്ടിയെന്നും ജീവിക്കാൻ പറ്റുന്നില്ലെന്നും ശബ്ദസന്ദേശത്തിൽ അതുല്യ പറയുന്നുണ്ട്. ഇത്രയൊക്കെ കാണിച്ചിട്ടും അയാൾക്കൊപ്പം നിൽക്കേണ്ട അവസ്ഥയാണ്. ധൈര്യമില്ലാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യാത്തതെന്നും അതുല്യ സന്ദേശത്തിൽ പറയുന്നു.
അതുല്യയുടെ വിവാഹം കഴിഞ്ഞതുമുതൽ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും സതീഷിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ദുരനുഭവങ്ങള്‍ തന്നോട് അതുല്യ പറഞ്ഞിട്ടുണ്ടെന്നും നാട്ടിലെ സുഹൃത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.
ശാരീരികവും മാനസികവുമായുള്ള പീഡനം തുടര്‍ന്നിരുന്നു. ബുദ്ധിമുട്ടാണെങ്കിൽ ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാൽ, പലപ്പോഴും ചെയ്ത കാര്യങ്ങളൊന്നും ഓര്‍മയില്ലെന്നും പറ്റിപ്പോയെന്നുമൊക്കെ സതീഷ് മാപ്പ് പറഞ്ഞിരുന്നു. തുടര്‍ന്ന് വീണ്ടും സതീഷിനൊപ്പം ജീവിക്കാൻ അതുല്യ തീരുമാനിക്കുകയായിരുന്നുവെന്നും അതുല്യയുടെ സുഹൃത്ത് പറയുന്നു.
ഇതിനിടെ അതുല്യയുടെ കുടുംബത്തിന്റെ പരാതിയിൽ സതീഷിനെതിരേ കൊല്ലം ചവറ തെക്കുംഭാഗം പോലീസ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്.
ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിയ നിലയിലാണ് അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു കാലമായി ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു അതുല്യ. ഇന്ന് പുതിയ ജോലിയൽ പ്രവേശിക്കാനിരിക്കെയാണ് മരണം.
ഭർത്താവ് സതീഷിന്റെ പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്ന് കുടുംബം ആരോപിച്ചു. മരിക്കുന്നതിന് മുൻപ് അതുല്യ കുടുംബത്തിന് പീഡനത്തിന്റെ തെളിവായി ചിത്രങ്ങളും വീഡിയോകളും അയച്ചു നൽകിയതായി ബന്ധുക്കൾ വ്യക്തമാക്കി.