നെടുമങ്ങാട്: അരുവിക്കര പഞ്ചായത്തിലെ മുളയറ പ്രദേശത്ത് കനത്തമഴയെ തുടർന്ന് മണ്ണിടിഞ്ഞു.അരുവിക്കര ഗ്രാമപഞ്ചായത്തിലെ ഭഗവതിപുരം വാർഡിൽ മുളയറ ഗാന്ധിജിനഗർ എസ്എസ് നിവാസിലുള്ള ശിവകുമാറിന്റെയും ശ്രീകലയുടെയും പുരയിടത്തിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇടിഞ്ഞ് വീണ മണ്ണ് വട്ടത്തിങ്കര തോട്ടിലേക്കാണ് പതിച്ചത്. ഏകദേശം 200 മീറ്ററോളം ഭാഗമാണ് ഇടിഞ്ഞ് മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം
പുലർച്ചെ രണ്ടിനും നാലരയ്ക്കുമാണ് മണ്ണിടിഞ്ഞത്. നാലരയോടെയുണ്ടായ മണ്ണിടിച്ചിലിൽ വീടിന്റെ അടിഭാഗത്തെ മണ്ണ് മുഴുവനായും ഒലിച്ചുപോയി. വീടിന് ഭാഗിക കേടുപാടുകൾ സംഭവിച്ചു.
വീട്ടിൽ ഉള്ളവർ ഉറങ്ങിക്കിടക്കുമ്പോഴാണ് മണ്ണിടിഞ്ഞ് മാറിയത്. ശബ്ദം കേട്ടാണ് ഇവർ അറിയുന്നത്. ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഭിത്തിയുടെ ഒരു ഭാഗം പൊളിച്ചാണ് പുറത്തിറങ്ങിയത്. മണ്ണിടിച്ചിലിനെ തുടർന്ന് പുരയിടത്തിലെ തെങ്ങുകളും മറ്റു കൃഷികൾ ഉൾപ്പെടെ നശിച്ചു. സംഭവസ്ഥലം വാർഡ് മെമ്പർ സന്ദർശിച്ചു. വാർഡ് അംഗം വില്ലേജ് ഓഫീസറെയും തഹസിൽദാരെയും വിവരം അറിയിച്ചു.
.