ന്യൂഡൽഹി: അമേരിക്കയിൽ നിന്നും നാടുകടത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട പിടിയിൽ. തടവുശിക്ഷ അനുഭവിക്കുന്ന ലോറൻസ് ബിഷ്ണോയിയുടെ അനുയായി ലഖ്വീന്ദർ കുമാർ എന്നയാളാണ് പിടിയിലായത്.
വിദേശകാര്യമന്ത്രാലയത്തിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ഏകോപനത്തോടെ സിബിഐ ആണ് ഇയാളെ ഇന്ത്യയിലെത്തിച്ചത്.
ഡൽഹി വിമാനത്താവളത്തിലെത്തിയ ലഖ്വീന്ദർ കുമാറിനെ ഹരിയാന പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ ഹരിയാനയിൽ കൊള്ളയടിക്കൽ, ഭീഷണിപ്പെടുത്തൽ, നിയമവിരുദ്ധമായി തോക്കുകൾ കൈവശം വയ്ക്കൽ, കൊലപാതകശ്രമം എന്നിവയുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
ഹരിയാന പോലീസിന്റെ അഭ്യർഥന പ്രകാരം, സിബിഐ ഇടപെടലിൽ 2024 ഒക്ടോബർ 26ന് ലഖ്വീന്ദറിനെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് ലഖ്വീന്ദറിനെ പിടികൂടി നാടുകടത്തിയത്.