കാപ്പംകൊല്ലി: വയനാട്ടിൽ വർധിക്കുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സാമൂഹിക ശുശ്രൂഷാസമിതിയുടെ നേതൃത്വത്തിൽ അധികാരികൾക്കു നൽകുന്ന നിവേദത്തിലേക്ക് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിന്റെ ഒപ്പ് ശേഖരിച്ചു. വൈത്തിരിയിൽ നടന്ന കോഴിക്കോട് അതിരൂപത യുവജന സമ്മേളനത്തിനിടെയാണ് ആർച്ച് ബിഷപ് നിവേദനത്തിൽ ഒപ്പുവച്ചത്.
വയനാട്ടിൽ വനാതിർത്തി പ്രദേശങ്ങളിൽ കർഷക ജീവിതം പ്രതിസന്ധിയിലാക്കിയ വന്യമൃഗശല്യത്തിന്റെ പരിഹാരത്തിന് അധികാരികൾ ശക്തമായി ഇടപെടണമെന്ന് ആർച്ച് ബിഷപ് ആവശ്യപ്പെട്ടു. അതിരൂപത വികാരി ജനറാൾ മോണ്‍. ഡോ. ജൻസൻ പുത്തൻവീട്ടിൽ, ഫാ. റോയ്സണ്‍ ആന്റണി, കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാ. ഡാനി ജോസഫ്, ഫാ.ഡോ. അലോഷ്യസ് കുളങ്ങര, ഫാ. ടോണി, ഫാ. ജിഷിൻ, ഫാ. ജോണ്സണ്, ഫാ. റെനി കാപ്പംകൊല്ലി, സമിതി കോ ഓർഡിനേറ്റർ സൗമ്യ സാബു എന്നിവർ സന്നിഹിതരായിരുന്നു.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരിൽനിന്നു ശേഖരിക്കുന്ന ആയിരക്കണക്കിനു ഒപ്പുകളടങ്ങുന്ന നിവേദനം ഇന്ത്യൻ പ്രസിഡന്റ്, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, കേരള ഗവർണർ, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി, വനം-വന്യജീവി സംരക്ഷണ മന്ത്രി, വയനാട് എംപി, മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ കളക്ടർ എന്നിവർക്ക് നൽകാനാണ് ശുശ്രൂഷാസമിതി തീരുമാനം.