ഇരിട്ടി: കോടതി ഇടപെടലിനെ തുടർന്ന് നിർത്തിവച്ച ആറളത്തെ ആനമതിൽ നിർമാണം നവംബർ അവസാനത്തോടെ പുനരാരംഭിക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് കെട്ടിട നിർമാണ വിഭാഗം അറിയിച്ചു. ഫാമിലെ ആന മതിലിന്റെ നിർമാണ പുരോഗതിയും കാട്ടാന പ്രശ്നവും അവലോകനം ചെയ്യാൻ ചേർന്ന നിരീക്ഷണസമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. മതിൽ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ നിലവിലുള്ള കരാറുകാരനെ ഒഴിവാക്കിയിരുന്നു. പുതിയ കരാറുകാരെ കണ്ടെത്തി സൈറ്റ് കൈമാറാനുള്ള പ്രവർത്തനം നടക്കുകയായിരുന്നു. ഇതിനിടയിൽ പഴയ കരാറുകാരൻ കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് സമ്പാദിച്ചതോടെയാണ് നിർമാണം പ്രതിസന്ധിയിലായത്.
പുതിയ ടെൻഡർ ക്ഷണിക്കുന്നതിനും മറ്റും കോടതി അനുവാദം നൽകിയെങ്കിലും പ്രവർത്തിക്കാനുള്ള അനുമതി നൽകുന്നത് കോടതിയുടെ അന്തിമ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയിരുന്നു. കഴിഞ്ഞദിവസം കേസ് വിശദമായി കേട്ട കോടതി കരാറുകാരന്റെ സ്റ്റേ നീക്കികൊണ്ട് നിർമാണത്തിന് അനുമതി നൽകാൻ ഉത്തരവിടുകയായിരുന്നു.
കോടതിയുടെ വിധിപ്പകർപ്പ് കിട്ടിയ ഉടൻ നിർമാണം ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമാണ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ലിജീഷ്കുമാർ യോഗത്തെ അറിയിച്ചു. ഫാമിൽ മാത്രം പത്തിലധികം ആനകൾ ഉണ്ടെന്ന് ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യാ രാഘവൻ യോഗത്തിൽ പറഞ്ഞു. പുനരധിവാസ മേഖലയിലെ പൊന്തക്കാടുകളിൽ ഉൾപ്പെടെ ആനകൾ താവളമാക്കിയിട്ടുണ്ട്. ആറ് ആനകളുടെ ഒരു കൂട്ടം മേഖലയിൽ ചുറ്റിത്തിരിയുന്നുണ്ട് . ആനകളെ തുരത്തുന്നതിന്റെ ഭാഗമായി ആദിവാസി പുരധിവാസ മിഷന്റെ നേതൃത്വത്തിൽ കാട് വെട്ടിത്തെളിക്കൽ നടന്നുവരികയാണ്.
കോട്ടപ്പാറ, താളിപ്പാറ ഭാഗങ്ങളിൽ കാടുവെട്ടൽ പൂർത്തിയാകുന്നതോടെ ആനയെ തുരത്താനുള്ള പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കും. ഓപ്പറേഷൻ ഗജമുക്തി ഫലപ്രദമാണെന്ന് പറയണമെങ്കിൽ തുരത്തിയ ആനകൾ തിരികെ പ്രവേശിക്കാതിരിക്കണം. ഇതിന് വനാതിർത്തിയിൽ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ആറളം ഫാം എംഡി എസ്. സുജീഷ് പറഞ്ഞു.
പൂക്കുണ്ട് മുതൽ കോട്ടപ്പാറ വരെയുള്ള മൂന്നര കിലോമീറ്റർ ഭാഗത്തുകൂടിയാണ് ആന തിരികെ പ്രവേശിക്കുന്നത്. ഇവിടങ്ങളിൽ തൂക്കുവേലി സ്ഥാപിക്കാൻ അനർട്ടിന്റെ സഹായത്തോടെ ടെൻഡർ നടപടികൾ ആരംഭിച്ചതായും വനം വകുപ്പ് അധികൃതർ യോഗത്തിൽ അറിയിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. സണ്ണിജോസഫ് എംഎൽഎയുടെ പ്രതിനിധി പി.എ. മുഹമ്മദ് ജസീർ, വനം ആർആർടി ഡെപ്യൂട്ടി റേഞ്ചർ ഷൈനികുമാർ വനംവകുപ്പിലെ മറ്റ് ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇനിയൊരു
ദുരന്തം ഉണ്ടായാൽ...
‘ ഫാമിൽ ഇനിയൊരു ദുരന്തം ഉണ്ടായാൽ എന്തായിരിക്കും കോടതി സ്വീകരിക്കുകയെന്ന് പറയാൻ കഴിയില്ല . ഒരുപക്ഷേ നമ്മളിൽ ഒരാളെയും കോടതി വെറുതെ വിടില്ലെന്ന ധാരണ എപ്പോഴും ഉണ്ടാകണം.
ഫാമിലെ 1,2,4,5 ബ്ലോക്കുകളിലെ കൃഷിയിടങ്ങളും പുരധിവാസ മേഖലയിലെ പൊന്തക്കാടുകളിലുമാണ് ഇപ്പോൾ ആനകൾ. ഇവ പുനരധിവാസ മേഖലയിൽ ഇറങ്ങിയാലുണ്ടാകുന്ന സാഹചര്യം വളരെ വലുതായിരിക്കും. തുരത്തിയ ആനകൾ തിരികെയെത്തി ഫാമിൽ ഒരു ദിവസം മാത്രം 145 തെങ്ങുകൾ കുത്തിവാഴ്ത്തിയ സാഹചര്യം വലിയ മുന്നറിയിപ്പാണ് നൽകുന്നത്. ആനയെ ഇവിടെനിന്ന് പൂർണമായും തുരത്തുക മാത്രമാണ് ഏക പരിഹാരം. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയിൽ നിന്ന് ആവശ്യമായ സഹായവും നേടിയെടുക്കണം’.
-എസ്. സുജീഷ്-
ആറളം ഫാം എംഡി