അഞ്ചല്‍ : ഏരൂര്‍ പഞ്ചായത്തിലെ തൃക്കോയിക്കല്‍ വാര്‍ഡില്‍ സ്മാര്‍ട്ട് അങ്കണവാടി എന്ന പ്രഖ്യാപനം സാക്ഷാത്കരിച്ചിരിക്കുകയാണ് പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്ത് വാങ്ങി നല്കിയ പത്ത് സെന്റ് ഭൂമിയില്‍ പുനലൂര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയില്‍ സ്മാര്‍ട്ട് അങ്കണവാടി നിര്‍മിച്ചത്. വാര്‍ഡ് അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പി.എസ്. സുപാല്‍ എംഎല്‍എ അങ്കണവാടി നാടിന് സമര്‍പ്പിച്ചു.
ഏരൂര്‍ പഞ്ചായത്തില്‍ മാത്രം 350 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയതെന്നും ഏരൂര്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ കളിസ്ഥലം നവീകരിക്കുന്നതിനായി അഞ്ചുകോടി രൂപയുടെ പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്നും എംഎല്‍എ പറഞ്ഞു. എസി അടക്കമുള്ള സൗകര്യങ്ങളോടെയാണ് അങ്കണവാടികള്‍ സ്മാര്‍ട്ട് ആകുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാമുരളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രാസിഡന്റ് വി. രാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ശോഭ, സ്ഥിരം സമിതി അധ്യക്ഷന്‍ ഡോണ്‍ വി രാജ്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. അജയന്, ആതിര നാരായണന്, ഗൗരിപ്രിയ തുടങ്ങി ജനപ്രതിനിധികള്‍ പൊതുപ്രവര്‍ത്തകര്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രസംഗിച്ചു.