മാള (തൃശൂർ): രാഷ്ട്രദീപികയുടെ 33-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാള ഹോളി ഗ്രേസ് കാന്പസിൽ നടത്തിയ ഓൾ കേരള ഇന്റർ കൊളീജിയറ്റ് ഡാൻസ് ഫെസ്റ്റിൽ തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ജേതാക്കളായി.
ചാലക്കുടി സേക്രഡ് ഹാർട്ട് കോളജ് രണ്ടാംസ്ഥാനവും കൊടുങ്ങല്ലൂർ എംഇഎസ് അസ്മാബി കോളജ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്കു യഥാക്രമം 33,333 രൂപ, 22,222 രൂപ, 11,111 രൂപ എന്നിങ്ങനെ കാഷ് അവാർഡുകളും ട്രോഫിയും മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഹോളി ഗ്രേസ് ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ, മലങ്കര ക്രെഡിറ്റ് സൊസൈറ്റി ഡെപ്യൂട്ടി സിഇഒ ടി. ശിവപ്രസാദ് എന്നിവർ സമ്മാനദാനം നിർവഹിച്ചു.
നാലു മുതൽ എട്ടു വരെ സ്ഥാനങ്ങൾ നേടിയവർക്ക് 5,000 രൂപയും സർട്ടിഫിക്കറ്റും പ്രോത്സാഹനസമ്മാനമായി നൽകി. പങ്കെടുത്ത എല്ലാ ടീമുകൾക്കും സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. രാവിലെ ഡാൻസ് ഫെസ്റ്റിന്റെ ഉദ്ഘാടനം ഹോളിഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ സാനി എടാട്ടുകാരൻ നിർവഹിച്ചു.
സമാപനസമ്മേളനം ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനംചെയ്തു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ഇട്ടൂപ്പ് കോനൂപറമ്പൻ മുഖ്യപ്രഭാഷണം നടത്തി.
ബാലതാരം ദുർഗ വിനോദ് (ലോക ഫെയിം) മുഖ്യാതിഥിയായിരുന്നു. ഹോളിഗ്രേസ് സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ, മലങ്കര ക്രെഡിറ്റ് സൊസൈറ്റി ഡെപ്യൂട്ടി സിഇഒ ടി. ശിവപ്രസാദ് എന്നിവർ സന്നിഹിതരായിരുന്നു. രാഷ്ട്രദീപിക തൃശൂർ യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. ജിയോ തെക്കിനിയത്ത് സ്വാഗതവും അസിസ്റ്റന്റ് ജനറൽ മാനേജർ സി.ആർ. രാജൻ നന്ദിയും പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ കൊറിയോഗ്രാഫർ ശ്രീജിത്ത്, ബോളിവുഡ് ഡാൻസ് ഡയറക്ടർ രാഗേഷ്, നൃത്താധ്യാപികയും പുരസ്കാര ജേതാവുമായ സൂസൻ ബൈജു എന്നിവരായിരുന്നു മത്സരത്തിന്റെ വിധികർത്താക്കൾ.
ദീപിക തൃശൂർ യൂണിറ്റ് മാർക്കറ്റിംഗ് കോ-ഓർഡിനേറ്ററും ഡാൻസ് ഫെസ്റ്റ് ഇവന്റ് കോ-ഓർഡിനേറ്ററുമായ ഫാ. ജിയോ ചെരടായി, എഡിറ്റോറിയൽ കോ-ഓർഡിനേറ്റർ ഫാ. റിന്റോ പയ്യപ്പിള്ളി, സ്റ്റാഫ് അംഗങ്ങളായ ഡേവിസ് തുളുവത്ത്, റോഷ്നി റോബിൻ, വിനോദ് കുമാർ, സുജിത്, അൻസ് ആന്റോ, കെ.പി. ജോമി, ജസ്നി പീയൂസ് തുടങ്ങിയവർ നേതൃത്വം നൽകി.