കാബൂൾ: ഇന്ത്യയുടെ മാതൃകയിൽ പാക്കിസ്ഥാനു ജലം നിഷേധിച്ചു മറുപടി നല്കാൻ അഫ്ഗാനിസ്ഥാൻ.
പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് നിയന്ത്രിക്കാൻ കുനാർ നദിയിൽ അണക്കെട്ടുകൾ നിർമിക്കാനാണ് അഫ്ഗാനിസ്ഥാന്റെ തീരുമാനം.
താലിബാൻ പരമോന്നത നേതാവ് മൗലവി ഹിബത്തുള്ള അഖുണ്ഡ്സാദയാണ് ഇതിനുള്ള ഉത്തരവ് നല്‍കിയത്. സ്വന്തം ജലത്തിന്റെ കാര്യം തീരുമാനിക്കാൻ അഫ്ഗാനിസ്ഥാന് അവകാശമുണ്ടെന്നും അണക്കെട്ട് നിർമാണം വൈകാതെ തുടങ്ങുമെന്നും അഫ്ഗാൻ ജലവിഭവവകുപ്പ് മന്ത്രി മുല്ലാ അബ്ദുൾ ലത്തീഫ് മൻസൂർ അറിയിച്ചു.
പാക്കിസ്ഥാനിലെ ചിത്രാൽ മേഖലയിലെ ഹിന്ദുകുഷ് മലനിരകളിൽ ഉദ്ഭവിക്കുന്ന കുനാർ നദി അഫ്ഗാനിസ്ഥാനിലേക്ക് ഒഴുകി കാബൂൾ നദിയിൽ ചേരുകയാണ്. കാബൂൾ നദി മറ്റൊരു നദിയുമായി കൂടിച്ചേർന്ന് പാക്കിസ്ഥാനിലേക്കൊഴുകി സിന്ധുനദിയുമായി ചേരുന്നു. ശുദ്ധജലം, കൃഷിയാവശ്യം, വൈദ്യുതി ഉത്പാദനം എന്നിവയ്ക്കായി പാക്കിസ്ഥാൻ കാബൂള്‍, സിന്ധു നദികളെ വലിയതോതിൽ ആശ്രയിക്കുന്നുണ്ട്.
പാക്കിസ്ഥാനുമായി അതിർത്തി സംഘർഷമുണ്ടായ പശ്ചാത്തലത്തിലാണ് അഫ്ഗാനിസ്ഥാന്റെ തീരുമാനം. ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനുമായി ജലവിഭവങ്ങൾ പങ്കുവയ്ക്കുന്ന സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയിരുന്നു.