തൃശൂർ: തൃശൂരിൽ എയിംസ് വരുമെന്നു പറഞ്ഞിട്ടില്ലെന്നു കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ എംപിയാകുന്നതിനുമുന്പേ ആലപ്പുഴയിൽ എയിംസ് വേണമെന്നു പറഞ്ഞിരുന്നു. കമ്യൂണിസംകൊണ്ടു തുലഞ്ഞുപോയ ജില്ലയാണ് ആലപ്പുഴ. ഇല്ലായ്മയിൽ കിടക്കുന്ന ജില്ലയെ ഉയർത്തിക്കൊണ്ടുവരാനാണു ശ്രമിച്ചത്. തൃശൂരിൽ ലോക്സഭാ ജനപ്രതിനിധിയായി നടത്തുന്ന എസ്ജി കോഫി ടൈംസിന്റെ അയ്യന്തോളിലെ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
നിലപാടുകളിൽ ഒറ്റത്തന്തയ്ക്കു പിറന്നവനാണെന്ന പ്രസ്താവന സുരേഷ്ഗോപി ആവർത്തിച്ചു. മെട്രോ തൃശൂരിലേക്കു വരുമെന്നു പറഞ്ഞിട്ടില്ല. കൊച്ചി മെട്രൊ അങ്കമാലി കഴിഞ്ഞ് ഉപപാതയായി പാലിയേക്കര വഴി കോയന്പത്തൂർക്കു പോകണം. മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാർ, ഗുരുവായൂർ വഴി താനൂരിലെത്തണം.
ജനപ്രതിനിധിയാകുന്നതിനുമുന്പ് സുരേഷ് ഗോപി തൃശൂരിനു വാഗ്ദാനംചെയ്ത 13 സ്വപ്നപദ്ധതികളുയർത്തിയാണ് സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നത്. കൊച്ചി മെട്രൊ തൃശൂരിലേക്കു നീട്ടുമെന്നതാണ് അതിലൊന്ന്. ആലപ്പുഴ ജില്ലയെ ഏറ്റവും മോശമെന്നു പരാമർശിച്ചതും സമൂഹമാധ്യമങ്ങളിൽ വിമർശനത്തിനിടയാക്കി.