ന്യൂഡൽഹി: അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു (എജിആർ) കുടിശികയിൽ ടെലികോം വന്പന്മാരായ വോഡഫോണിന് ആശ്വാസവുമായി സുപ്രീംകോടതി. വോഡഫോണ്‍ ഐഡിയ എജിആർ കുടിശികയിൽ അധികമായി 9450 കോടി രൂപ കൂടി നൽകണമെന്ന കേന്ദ്ര ടെലികോം വകുപ്പിന്റെ ആവശ്യം പുനഃപരിശോധിക്കാൻ കേന്ദ്രത്തിന് സുപ്രീംകോടതി അനുമതി നൽകി.
വിഷയം കേന്ദ്രത്തിന്റെ നയപരമായ മേഖലയ്ക്കു കീഴിൽ വരുന്നതാണെന്നു കണ്ടാണ് കോടതി ഇടപെടലില്ലാതെ ഉചിതമായ തീരുമാനമെടുക്കാൻ കേന്ദ്രത്തിനു നിയമപരമായ തടസങ്ങളൊന്നുമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. എജിആർ കുടിശികയിൽ അധികതുക നൽകണമെന്ന ടെലികോം വകുപ്പിന്റെ ഹർജിക്കെതിരേ വോഡഫോണ്‍ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
എജിആർ കുടിശികയുമായി ബന്ധപ്പെട്ടു കഴിഞ്ഞതവണ കോടതിയിലുണ്ടായിരുന്ന ഹർജിയിലെ കാലയളവും ഇത്തവണയും തമ്മിൽ ‘സാഹചര്യങ്ങളിൽ വലിയ മാറ്റമുണ്ടെന്ന്’ കേസിൽ കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വോഡഫോണ്‍ ഐഡിയയിൽ നിലവിൽ കേന്ദ്രത്തിന് 49 ശതമാനം ഓഹരിയുണ്ടെന്നും ഉപഭോക്തൃതാത്പര്യങ്ങൾ സംരക്ഷിക്കാനായി കന്പനിയുടെ ആശങ്കകൾ വിശകലനം ചെയ്യാൻ തയാറാണെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു.
വോഡഫോണ്‍ ഐഡിയയുടെ 20 കോടി ഉപഭോക്താക്കളുടെ താത്പര്യം കണക്കിലെടുത്താണ് കുടിശിക പുനഃപരിശോധിക്കാൻ കേന്ദ്രത്തിന് അനുമതി നൽകിയുള്ള തീരുമാനമെന്ന് വാദഗതികൾ കേട്ടശേഷം ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ടെലികോം വ്യവസായത്തിൽ എജിആർ എന്നതു ടെലികോം സേവനങ്ങളിൽനിന്നും ടെലികോം ഇതര സേവനങ്ങളിൽനിന്നും ഒരു ടെലികോം ഓപ്പറേറ്റർ നേടുന്ന മൊത്തം വരുമാനമാണ്. എജിആർ അളവുകോലായാണ് കേന്ദ്രസർക്കാരിനു ടെലികോം കന്പനികൾ നൽകേണ്ട തുക കണക്കാക്കുന്നത്. 2016-2017 കാലയളവിൽ എജിആർ കുടിശിക വകയായി 5,606 കോടി രൂപ അധികം നൽകണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തിനെതിരേയായിരുന്നു വോഡഫോണിന്റെ ഹർജി.
വോഡഫോണിന് അനുകൂലമായ ഉത്തരവിനുശേഷം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കന്പനി ഷെയറുകളുടെ തുക ഒന്‍പത് ശതമാനത്തിലധികം വർധിച്ചു. എജിആർ കുടിശികകളിൽ ഏകദേശം 83,400 കോടി രൂപയാണ് വോഡഫോണ്‍ കേന്ദ്രത്തിനു നൽകാനുള്ളത്. പലിശയും പിഴയും പിഴയുടെ പലിശയും കൂടി ചേർത്താൽ കന്പനിയുടെ ആകെ ബാധ്യതകൾ ഏകദേശം രണ്ടു ലക്ഷം കോടി രൂപയ്ക്കടുത്തു വരും.