കാഞ്ഞിരപ്പള്ളി: ആറു സർക്കാർ ആശുപത്രികളിൽ മാത്രം കാത്ത് ലാബുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 22 സർക്കാർ ആശുപത്രികളിൽ പ്രവർത്തനമാരംഭിക്കാൻ സാധിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കാളകെട്ടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഒന്പത് വർഷം മുന്പു ചിന്തിക്കാൻ പോലും കഴിയാതിരുന്നതാണ് ജില്ലാ, ജനറൽ ആശുപത്രികളിൽ കാത്ത് ലാബ് എന്നത്. കോവിഡ് കാലത്തിനിടെയാണ് ഇത് യാഥാർഥ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യമേള നടത്തി സാന്ത്വന പരിചരണത്തിനായി പതിനായിരം രൂപ നൽകിയ അച്ചാമ്മ മെമ്മോറിയൽ സ്കൂളിലെ കുട്ടികളെ മന്ത്രി അനുമോദിച്ചു.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ, ബ്ലോക്ക് പഞ്ചായത്തംഗം ഷക്കീല നസീർ, പഞ്ചായത്തംഗങ്ങളായ റിജോ വാളാന്തറ, വി.എൻ. രാജേഷ്, ബിജു ചക്കാല, റാണി ടോമി, ബ്ലസി ബിനോയി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, കാളകെട്ടി മെഡിക്കൽ ഓഫീസർ ഡോ. വിദ്യാ മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.
ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാന സർക്കാരും നാഷണൽ ഹെൽത്ത് മിഷനും അനുവദിച്ച 1.50 കോടിയും പഞ്ചായത്തിന്റെ വികസന ഫണ്ടിൽനിന്നു 15 ലക്ഷം രൂപയും അനുവദിച്ചാണ് കാളകെട്ടി ആശുപത്രി മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.