അടിമാലി: ഇടുക്കി അടിമാലി ടൗണിനു സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാള്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. കേസില്‍ നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ല
വിശദമായ അന്വേഷണത്തിനുശേഷം തുടർനടപടികൾ എന്ന് അടിമാലി പോലീസ് അറിയിച്ചു. മണ്ണിടിച്ചിലിൽ വീടിനുള്ളിൽ കുടുങ്ങിയ നിലയിലാണ് ബിജുവിനെ കണ്ടെത്തിയത്. ഏഴ് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവില്‍ ബിജുവിനെ പുറത്തെത്തിക്കാൻ സാധിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മണ്ണിടിച്ചിലിൽ അകപ്പെട്ട ബിജുവിന്റെ ഭാര്യ സന്ധ്യയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണ് ഇടിഞ്ഞുവീണതിനെത്തുടർന്ന് വീടിനുള്ളിൽ കുരുങ്ങിയ നിലയിലായിരുന്നു ഇരുവരും.
അപകടം നടന്നയുടനെ പ്രദേശവാസികളും ഫയർഫോഴ്സും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ദേശീയപാതയോരത്തുനിന്നു വലിയ തോതിൽ മണ്ണിടിഞ്ഞ് താഴേക്കു പതിക്കുകയായിരുന്നു. ഈ ഭാഗത്തുണ്ടായിരുന്ന വീടുകൾക്കു മുകളിലേക്കാണ് മണ്ണ് പതിച്ചത്. മണ്ണിടിച്ചിലിൽ ആറു വീടുകൾ പൂർണമായും നാലു വീടുകൾ ഭാഗികമായും തകർന്നു.
മരിച്ച ബിജുവിന്റെ രണ്ടു വീട്, കളന്പാട്ടുക്കുടി ഷൈജു, വടക്കേക്കര ഖദീജ, വേട്ടോളിൽ നൗഷാദ്, കുളക്കാട്ടുകുടി രാജു, അരീക്കൽ മുരളീധരൻ, താഴത്തെക്കുടി ഫാത്തിമ, പാറയിൽ ഷെഫീക്, മൂന്നാർ സ്വദേശി ഈശ്വരൻ എന്നിവരുടെ വീടുകളാണു തകർന്നത്.
ദേശീയപാത വികസനത്തന്റെ ഭാഗമായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിന് കാരണമെന്ന് വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്.